പറക്കുന്നതിനിടെ വിമാനത്തിന്റെ എൻജിൻ പ്രവർത്തനം നിലച്ചു. തുടർന്ന് വിമാനം തടാകത്തിൽ ഇടിച്ചിറക്കി. അമേരിക്കയിലെ ലാസ്‌വേഗസിലാണ് സംഭവം. ആറുപേർക്ക് വരെ സഞ്ചരിക്കാവുന്ന ബിച്ച് ബി 95 വിമാനമാണ് അപകടത്തിൽ പെട്ടത്. നോർത്ത് ലാസ്‌വേഗസ് വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു വിമാനം. ഇതിനിടെ വിമാനത്തിന്റെ ഒന്നാം എൻജിൻ പ്രവർത്തന രഹിതമായി. ഇതേ തുടർന്ന് പൈലറ്റ് അടിയന്തരമായി വിമാനം നിലത്തിറക്കുകയായിരുന്നു.

യുഎസ് ഹൈവേ 95 ന് സമീപത്തുള്ള പെയിന്റ‍‍ഡ് ഡസേർട്ട് ഗോള്‍ഫ് ക്ലബിലെ തടാകത്തിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. പൈലറ്റ് അടക്കം രണ്ടു പേരാണ് വിമാനത്തിലുണ്ടായിരുന്നത്. രണ്ടു പേർക്കും കാര്യമായ പരിക്കുകളില്ലെന്നാണ് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. തടാകത്തിൽ ഇടിച്ചിറക്കിയ വിമാനത്തിൽ നിന്ന് പൈലറ്റുമാര്‍ നീന്തി കരയിലെത്തുകയായിരുന്നു.