അബദ്ധത്തില്‍ പോലും ഇവിടെ ചെന്നു പെടരുത്!

First Published 11, Mar 2018, 11:21 AM IST
Snake island in Brazil
Highlights
  • പേടിപ്പിക്കും ഈ ദ്വീപ്
  • ബ്രസീലിലെ പാമ്പു ദ്വീപ്

സഞ്ചാരികളേ പാമ്പുകൾ മാത്രം ജീവിക്കുന്ന ഒരു ദ്വീപിനെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? വിഷമുള്ളതും ഇല്ലാത്തതും നീളം കൂടിയും കുറഞ്ഞതുമായ ആയിരക്കണക്കിനു പാമ്പുകള്‍ മാത്രം തിങ്ങിനിറഞ്ഞ ഒരിടം. അങ്ങ് ബ്രസീലിലാണ് ഈ പാമ്പു ദ്വീപ്. Queimada Grande എന്നാണ് ഈ ദ്വീപിന്‍റെ പേര്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പാമ്പ് ദ്വീപുകളുണ്ട്. എന്നാല്‍ നൂറ്റിപ്പത്ത് ഏക്കറോളം പടർന്നു കിടക്കുന്ന ബ്രസീലിലെ ഈ ദ്വീപ് സാഹസികരായ സഞ്ചാരികളുടെ ഇടയില്‍ ഏറെ പ്രശസ്‍തമാണ്. വനവും പാറക്കൂട്ടങ്ങളും പുല്‍മേടുകളുമൊക്കെ നിറഞ്ഞ പ്രദേശം. ലോകത്തെ ഏറ്റവും കൂടുതൽ വിഷമുള്ള ബോത്രോപ്‌സ് എന്ന ഇനത്തിൽ പെട്ട പാമ്പുകളാണ് ഈ ദ്വീപ് അടക്കിഭരിക്കുന്നത്. ഏതാണ്ട് നാലായിരം ഇനത്തിലധികം പാമ്പുകൾ ഈ കാട്ടിലുണ്ടെന്നാണ് ഗവേഷകർ പറയുന്നത് .  

പണ്ട് ഈ ദ്വീപില്‍ ആൾതാമസമുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. ഇവിടുത്തെ മനുഷ്യരുടെ പ്രധാന കൃഷി വാഴയായിരുന്നുവത്രെ. ഇപ്പോഴും ഇവിടെ പ്രവർത്തിക്കുന്ന ലൈറ്റ് ഹൌസ് ഒരുകാലത്ത് മനുഷ്യവാസത്തിന്‍റെ തെളിവുകളാണ്. ബ്രസീലിയൻ നേവിയുടെ കീഴിലാണ് ഈ ലൈറ്റ് ഹൗസ്.

പാമ്പുകളുടെ ആക്രമണത്തെ ഭയന്ന് അവസാന ഗ്രാമീണനും രക്ഷപ്പെട്ടതോടെ ഇവിടം സർപ്പങ്ങളുടെ ദ്വീപായി മാറിയെന്നാണ് കരുതുന്നത്. എന്നാല്‍ കടക്കൊള്ളക്കാരുടെ ആക്രമണത്തെ തുടര്‍ന്നാണ് ദ്വീപ് ഒറ്റപ്പെട്ടതെന്നും കഥകളുണ്ട്. ഈ പാമ്പുകഥ തട്ടിപ്പാണെന്നും കടൽകൊള്ളക്കാരുടെ കോടികളുടെ നിധി ഒളിപ്പിക്കപ്പെട്ട സ്ഥലമാണ് ഈ ദ്വീപെന്നും വാദിക്കുന്നവരുമുണ്ട്.

മാത്രമല്ല ഇവിടം കേന്ദ്രീകരിച്ച് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും കഥകളുണ്ട്. അപൂവ്വമായ പാമ്പുകളുടെ വിഷം ശേഖരിക്കുന്ന മാഫിയ ഈ ദ്വീപ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും ലോകസഞ്ചാര ഭൂപടത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ട് ഈ ദ്വീപിനെ. അത് ഒരിക്കലും കടന്നു ചെല്ലാനാവാത്ത പ്രദേശമായിട്ടാണെന്നു മാത്രം.

അതുകൊണ്ട് അങ്ങോട്ടൊരു യാത്ര പോയേക്കാമെന്ന് ആശ തോന്നുന്നുണ്ടെങ്കില്‍ തല്‍ക്കാലം നടക്കില്ല. സ്നേക്ക് ദ്വീപിലേക്കു സഞ്ചാരികളെ വിലക്കിയിരിക്കുകയാണ് ബ്രസീലിയൻ സർക്കാർ. നേവിക്കും പാമ്പു ഗവേഷകര്‍ക്കും മാത്രമാണ് പ്രവേശനം.

 

 

loader