ഇന്ത്യന്‍ നിരത്തുകളിലെ ഇരുചക്രവാഹന രാജാവും ഐക്കണിക്ക് ബ്രാന്‍റുമായ റോയല്‍ എന്‍ഫീല്‍ഡ് ആരാധകരും തദ്ദേശീയ ഇരുചക്രവാഹന നിര്‍മ്മാതാക്കളില്‍ പ്രബലരുമായ ബജാജും തമ്മിലുള്ള പോരാണ് കഴിഞ്ഞ കുറച്ചു ദിവസമായി വാഹനലോകത്തെ ചൂടുള്ള വാര്‍ത്തകളിലൊന്ന്. എന്‍ഫീല്‍ഡിനെ ട്രോളിയുള്ള ബജാജ് ഡോമിനറിന്‍റെ പരസ്യമായിരുന്നു പ്രശ്നങ്ങളുടെ തുടക്കം.
ബജാജ് നിരയിലെ ഏറ്റവും കരുത്തുറ്റ പുതിയ ഡോമിനാറിനായി ഒരുക്കിയ പരസ്യത്തിലാണ് ഇന്ത്യന്‍ നിര്‍മാതാക്കളായ ബജാജ് പരോക്ഷമായി റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളെ കളിയാക്കിയത്. ബുള്ളറ്റിന്റെ ഐക്കണിക് എന്‍ജിന്‍ ശബ്ദം അതേപടി പകര്‍ത്തി എന്‍ഫീല്‍ഡ് ബൈക്കുകളെ ആനകളായാണ് ഒരുമിനിറ്റ് ദൈര്‍ഘ്യമുള്ള പരസ്യത്തില്‍ അവതരിപ്പിച്ചത്. ആനയെ പോറ്റുന്നത് നിര്‍ത്തൂ എന്ന വാക്കുകളോടെയാണ് പരസ്യം തുടങ്ങുന്നത്. കുറച്ച് സഞ്ചാരികള്‍ ഹെല്‍മറ്റും പരിവാരങ്ങളുമായി ആനപ്പുറത്തുകയറി പ്രയാസപ്പെട്ട് യാത്ര ചെയ്യുന്നതും പിന്നാലെ ചീറിപാഞ്ഞെത്തിയ ഡോമിനാര്‍ 400 ആനകള്‍ക്കിടയിലൂടെ നിഷ്പ്രയാസം കുതിക്കുന്നതുമാണ് പരസ്യം.
സോഷ്യൽ മീഡിയയിൽ ഉള്‍പ്പെടെ ഈ പരസ്യചിത്രം വന്‍ ചർച്ചയായി. റോയൽ എൻഫീൽഡിനെ അവഹേളിക്കുന്ന തരത്തിൽ ബജാജ് ഇത്തരത്തിലൊരു പരസ്യചിത്രം ചെയ്യാൻ പാടില്ലായിരുന്നു എന്നും അഭിപ്രായമുയർന്നു. പരസ്യചിത്രത്തിനെ അനികൂലിക്കുന്നവരുമുണ്ട്. റോയല്‍ എന്‍ഫീല്‍ഡ് ആരാധകര്‍ പകരം ഒരു വീഡിയോ തന്നെ ഉണ്ടാക്കി യൂടൂബിലിട്ടാണ് പ്രതികാരം ചെയ്‍തത്. ഒടുവില്‍ വിശദീകരണവുമായി ബജാജ് ഓട്ടോ മാർക്കറ്റിംഗ് വൈസ് പ്രസിഡന്‍റെ സുമീത് നാരംഗ് തന്നെ രംഗത്തുമെത്തിയിരുന്നു.
എന്നാൽ ബജാജിനോട് റോയല്‍ എന്‍ഫീല്‍ഡ് ക്ഷമിച്ചാലും ആരാധകര്‍ ക്ഷമിക്കുമെന്ന് തോന്നുന്നില്ല. വേഗത്തിൽ ഓടുന്ന പട്ടിയേക്കാൾ കേമൻ ആന തന്നെയെന്നായിരുന്നു എൻഫീൽഡ് ആരാധകരുടെ ആദ്യ പ്രതികരണം. തങ്ങളുടെ ജീവനായ റോയൽ എൻഫീല്‍ഡിനെ ട്രോളിയ ബജാജിന് രാജശാസനം നല്‍കി വിഡിയോ പുറത്തിറക്കിയതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവുകയാണ് ചില ട്രോളുകള്‍.











