ജീപ്പ് കോംപസ് മകന്‍റെ സ്വപ്നസമ്മാനം കണ്ണ് നനഞ്ഞ് മാതാപിതാക്കള്‍ വീഡിയോ വൈറല്‍
രാജ്യത്തെ വാഹനവിപണിയില് വിപ്ലവം സൃഷ്ടിച്ചു കൊണ്ടാണ് ഐക്കണിക്ക് വാഹന നിര്മ്മാതാക്കളായ ജീപ്പിന്റെ കോംപസ് എസ്യുവി വിപണിയിലെത്തുന്നത്.
മറ്റ് ജീപ്പ് മോഡലുകളെ അപേക്ഷിച്ച് അമ്പരപ്പിക്കുന്ന വിലക്കുറവിലെത്തിയ വാഹനം വളരെപ്പെട്ടെന്നാണ് നിരത്തുകളിലെ താരമായി മാറിയത്. ഇപ്പോഴിതാ ജീപ്പ് കോംപസിന്റെ പുതിയൊരു വീഡിയോ സോഷ്യല് മീഡിയയില് വൈറലാകുകയാണ്.
ഒരു വാഹനം സ്വന്തമാക്കുക എന്ന മാതാപിതാക്കളുടെ സ്വപ്നത്തെ ജീപ്പ് കോംപസ് തന്നെ നല്കി സഫലമാക്കിയ ഹൈദരാബാദ് സ്വദേശി സ്വബോധ് കുമാറിന്റെ വീഡിയോ ആണിത്. വളരെക്കാലത്തെ അധ്വാനത്തിലൂടെ സമ്പാദിച്ച പണം ഉപയോഗിച്ച് വാങ്ങിയ കോംപസ് നിനച്ചിരിക്കാതെയാണ് സുബോധ് അച്ഛന്റെയും അമ്മയുടെയും മുമ്പിലെത്തിച്ചത്. വാഹനം കണ്ട് അമ്പരന്ന മാതാപിതാക്കളുടെ വികാരപ്രകടനങ്ങളാണ് വീഡിയോയുടെ ഹൈലൈറ്റ്.
സന്തോഷം കൊണ്ട് കണ്ണുനിറയുന്ന നിമിഷങ്ങളാണ് വിഡിയോ നിറയെ. ഈ വീഡിയോ സുബോധ് കുമാർ തന്നെയാണ് പുറത്തുവിട്ടത്.

അമേരിക്കന് ഐക്കണിക്ക് വാഹന നിര്മ്മാതാക്കളായ ജീപ്പിന്റെ ജനപ്രിയവാഹനം ഇന്ത്യയിലെത്തിയിട്ട് ഏതാനും മാസങ്ങളേ ആയിട്ടുള്ളൂ. ഏറ്റവും വില കുറഞ്ഞ ജീപ്പ് മോഡലെന്ന പ്രത്യേകതയോടെ 2017 ജൂലൈ 31നാണ് കോംപസ് ഇന്ത്യയിലെത്തിയത്. 14.95 ലക്ഷം രൂപയാണ് ബേസ് മോഡല് കോംപസിന്റെ ദില്ലി എക്സ്ഷോറൂം വില. ടോപ് സ്പെക്കിന് 20.65 ലക്ഷം രൂപയും. പൂണെയിലെ രംഞ്ജന്ഗോവന് പ്ലാന്റില് ഏഴുപത് ശതമാനത്തിലേറെ പ്രാദേശികമായാണ് കോംപസിന്റെ നിര്മാണം പൂര്ത്തീകരിച്ചത്. വില ഇത്രയധികം കുറയാന് കാരണം ഇതാണ്.
2.0 ലിറ്റര് മള്ട്ടിജെറ്റ് ഡീസല് എന്ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 3750 ആര്പിഎമ്മില് 173 ബിഎച്ച്പി പവറും 1750-2500 ആര്പിഎമ്മില് 350 എന്എം ടോര്ക്കുമേകും എന്ജിന്. 6 സ്പീഡ് മാനുവല് ഗിയര്ബോക്സാണ് ട്രാന്സ്മിഷന് ചുമതല നിര്വഹിക്കുക. 17.1 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. എബിഎസ്, എയര്ബാഗ്, ഇലക്ട്രോണിക് പാര്ക്കിങ് ബ്രേക്ക്, ടിസിഎസ് തുടങ്ങി ഇരുപതോളം സുരക്ഷാസന്നാഹങ്ങളും വാഹനത്തിനുണ്ട്.
