ഐക്കണിക് അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പിന്റെ കോംപസ് എസ് യു വി സ്വന്തമാക്കി നടന്‍ ശ്രീനിവാസന്‍. നടന്‍ ഉണ്ണി മുകുന്ദനു പിന്നാലെയാണ് ജീപ്പിന്‍റെ ആദ്യ ഇന്ത്യന്‍ നിര്‍മ്മിത മോഡലായ കോംപസ് ശ്രീനിവാസന്‍ സ്വന്തമാക്കിയത്.

Add Asianetnews as a Preferred SourcegooglePreferred

ഏറ്റവും വില കുറഞ്ഞ ജീപ്പ് മോഡലെന്ന പ്രത്യേകതയോടെ ജൂലൈ 31 ഓടെയാണ് കോംപസ് ഇന്ത്യയിലെത്തിയത്. 14.95 ലക്ഷം രൂപയാണ് ബേസ് മോഡല്‍ കോംപാസിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. ടോപ് സ്‌പെക്കിന് 20.65 ലക്ഷം രൂപയും. പൂണെയിലെ രംഞ്ജന്‍ഗോവന്‍ പ്ലാന്റില്‍ ഏഴുപത് ശതമാനത്തിലേറെ പ്രാദേശികമായാണ് കോംപസിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. വില ഇത്രയധികം കുറയാന്‍ കാരണം ഇതാണ്. നേരത്തെ ഗ്രാന്റ് ചെറോക്കി, റാങ്ക്ളര്‍ മോഡലുകളുമായി 2016 ആഗസ്റ്റിലാണ് ജീപ്പ് ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പക്ഷേ ഇവയുടെ തൊട്ടാല്‍ പൊള്ളുന്ന വില ജീപ്പിനും വാഹനപ്രേമികള്‍ക്കും ഒരുപോലെ തിരിച്ചടിയായിരുന്നു. ഗ്രാൻഡ് ചെറോക്കീക്ക് ഒരു കോടിയോളം രൂപയും റാംഗ്ലറിന് 50 ലക്ഷത്തോളവും വിലവരും. അതിനാൽ തന്നെ ജീപ് ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ വാഹനമെന്ന പെരുമയോടെയെത്തുന്ന കോംപസിനെ വാഹനപ്രേമികള്‍ നെഞ്ചേറ്റുന്നു.

2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 3750 ആര്‍പിഎമ്മില്‍ 173 ബിഎച്ച്പി പവറും 1750-2500 ആര്‍പിഎമ്മില്‍ 350 എന്‍എം ടോര്‍ക്കുമേകും എന്‍ജിന്‍. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍ ചുമതല നിര്‍വഹിക്കുക. 17.1 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. എബിഎസ്, എയര്‍ബാഗ്, ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക്, ടിസിഎസ് തുടങ്ങി ഇരുപതോളം സുരക്ഷാസന്നാഹങ്ങളും വാഹനത്തിനുണ്ട്.