ഓവര്‍ സ്‍പീഡിനെച്ചൊല്ലിയും ഡ്രൈവിംഗിലെ പ്രശ്നങ്ങളെച്ചൊല്ലിയുമൊക്കെ പലപ്പോഴും പഴി കേള്‍ക്കുക യുവതീ യുവാക്കളും കൗമാരക്കാരുമൊക്കെയായ ഡ്രൈവര്‍മാരാണ്. അവരെക്കുറിച്ചുള്ള നമ്മുടെ പൊതുബോധം തന്നെ ഒരു പക്ഷേ അങ്ങനെയാണ്. എന്നാല്‍ നമ്മുടെ അത്തരം ചിന്തകള്‍ പൂര്‍ണമായും ശരിയല്ലെന്ന് തെളിയിക്കുകയാണ് ചില പഠനങ്ങള്‍.

ഡ്രൈവിംഗ് ശീലങ്ങളെക്കുറിച്ച് പ്രിവലേജ് കാര്‍ ഇന്‍ഷുറന്‍സ് എന്ന ഏജന്‍സി നടത്തിയ പഠനത്തിലാണ് അമ്പരപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. ട്രാഫിക് നിയമ ലംഘിക്കുന്നതിലും ഓവര്‍സ്‍പീഡിലും ഭൂരിപക്ഷവും യുവതമുറയല്ല പ്രായമായവരാണെന്നാണ് പഠനം പറയുന്നത്. ട്രാഫിക് നിയമ ലംഘകരില്‍ 89 ശതമാനവും ഇവരാണത്രെ.

തെരെഞ്ഞെടുത്ത 1935 ഡ്രൈവര്‍മാരില്‍ നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യങ്ങള്‍ പുറത്തുവന്നത്. മുതിര്‍ന്ന ഡ്രൈവര്‍മാരില്‍ 30 ശതമാനം പേര്‍ ഡ്രൈവിംഗിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണെന്നും പഠനം പറയുന്നു. 89 ശതമാനം പേരും നിയമാനുസൃതമായ വേഗതെയെക്കാള്‍ വണ്ടി ഓടിക്കുന്നു. 46 ശതമാനം മുതിര്‍ന്നവര്‍ റോഡിന്‍റെ നടുക്കു കൂടി മാത്രം വണ്ടി ഓടിക്കുന്നവരാണ്. 47 ശതമാനം പേര്‍ റോഡിലെ മഹാശല്യക്കാരാണ്. ചെറുപ്പക്കാരിലും ഇത്തരം പ്രവണതയുണ്ടെങ്കിലും മുതിര്‍ന്നവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറഞ്ഞ തോതിലാണെന്നും പഠനം പറയുന്നു.