സഡന്‍ബ്രേക്ക് ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണമെന്നും മുന്നിൽ പോകുന്ന വാഹനത്തില്‍ നിന്നും സുരക്ഷിതമായ അകലത്തിൽ മാത്രമേ വാഹനം ഓടിക്കാവൂ എന്നുമൊക്കെയാണ് റോഡിലെ നിയമം. എന്നാല്‍ പലപ്പോഴും പലരും അത് മറന്നു പോകുകയാണ് പതിവ്. ഇങ്ങനെ പെട്ടെന്നുള്ള വെട്ടിക്കലും സഡന്‍ ബ്രേക്കിംഗുമൊക്കെ പിന്നിൽ വരുന്ന ബൈക്ക് യാത്രക്കാരെയാണ് കൂടുതലും ബാധിക്കുന്നത്. അതും എബിഎസ് സംവിധാനം ഇല്ലാത്ത ബൈക്കാണെങ്കില്‍ പറയുകയും വേണ്ട. ഇത്തരം ഒരു അപകടത്തിന്‍റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.
ബംഗളൂരു ദേശീയപാതയിലാണ് അപകടം. മുന്നിൽ പോകുന്ന ടാറ്റ സുമോ പെട്ടെന്ന് വെട്ടിച്ചതിനെ തുടർന്ന് നിയന്ത്രണം തെറ്റി വീഴുന്ന ബൈക്ക് യാത്രികരുടെതാണ് വീഡിയോ. മുന്നിലെ വാഹനം പെട്ടെന്ന് ഇടതു വശത്തേക്ക് വെട്ടിച്ചതിനെ തുടർന്ന് ബ്രേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടയില്‍ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മറിയുകയായിരുന്നു. പാളിപ്പോയ ബൈക്ക് തെന്നിമറിയുന്നത് വീഡിയോയില്‍ വ്യക്തമാണ്. ബൈക്കിലുണ്ടായിരുന്ന രണ്ടു പേരും റോഡിലേക്ക് തെറിച്ചു വീഴുന്നതും കാണാം. എബിഎസിന്‍റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് യൂ ടൂബില്‍ ഈ വീഡിയോ പ്രചരിക്കുന്നത്.
