കൊച്ചി: വ്യാജരേഖകളുണ്ടാക്കി പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തെന്ന കേസില്‍ നടനും എം.പിയുമായ സുരേഷ് ഗോപിക്ക് താല്‍ക്കാലിക ആശ്വാസം. സുരേഷ് ഗോപിയെ തല്‍ക്കാലത്തേക്ക് അറസ്റ്റു ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മൂന്നാഴ്ചത്തേക്കാണ് കോടതി അറസ്റ്റു തടഞ്ഞത്. അന്വേഷണത്തോട് സഹകരിക്കാനും സുരേഷ് ഗോപിക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ മാസം 21 ന് അന്വേഷണ ഉദ്യാഗസ്ഥന്‍ മുമ്പാകെ ഹാജരാകാനും നിര്‍ദേശിച്ചു . മുന്‍കൂര്‍ ജാമ്യം തേടി സുരേഷ് ഗോപി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.

അതേസമയം കേരളത്തിലെ റോഡ് നികുതി വെട്ടിക്കാൻ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്യുന്ന ആഡംബര വാഹനങ്ങളുടെ എണ്ണത്തിൽ വൻ ഇടിവ് വന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കേരളം കര്‍ശന നടപടികള്‍ സ്വീകരിച്ചതോടെ കഴിഞ്ഞ മാസം കേരളത്തിൽ നിന്നു താൽക്കാലിക പെർമിറ്റെടുത്ത ഒരു ആഡംബര കാർ പോലും പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

സാധാരണ ഗതിയിൽ പോണ്ടിച്ചേരിയിൽ പ്രതിമാസം 20 ആഢംബര വാഹനങ്ങളെങ്കിലും രജിസ്റ്റർ ചെയ്യാറുണ്ട്. ശരാശരി ഒരു കോടിക്കു മുകളിൽ വിലയുള്ളവയാണ് ഇവയില്‍ പലതും. ഇതിൽ പകുതിയോളം കേരളത്തിൽ നിന്നായിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം മുതല്‍ കേരളത്തിൽ നിന്നുള്ള വരവു നിലച്ചതോടെ പത്തിൽ താഴെ ആഢംബര വാഹനങ്ങൾ മാത്രമാണ് ഇവിടെ രജിസ്ട്രേഷനെത്തിയത്.

സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എല്‍ഡിഎഫ് ജനജാഗ്രതായാത്രയില്‍ നടത്തിയ വിവാദകാര്‍ യാത്രയോടെയാണ് പോണ്ടിച്ചേരി രജിസ്ട്രേഷന്‍ നികുതി വെട്ടിപ്പിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ സജീവ ചര്‍ച്ചയാകുന്നത്. 20 ലക്ഷം രൂപക്ക് മുകളില്‍ വിലയുള്ള ആഢംബര കാറുകള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ നിയമപ്രകാരം 20 ശതമാനത്തോളം നികുതി അടക്കേണ്ടി വരും. ഇതൊഴിവാക്കാനാണ് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. 20 ലക്ഷം രൂപയ്ക്ക് മുകളില്‍ വിലയുള്ള ഏത് കാറിനും 55,000 രൂപയാണ് പോണ്ടിച്ചേരിയില്‍ ഫ്ളാറ്റ് ടാക്സ്. മിക്ക ആംഢംബര കാറുകളും രജിസ്റ്റര്‍ ചെയ്യുവാന്‍ കേരളത്തില്‍ 14-15 ലക്ഷം രൂപ വരെ നികുതിയിനത്തില്‍ നല്‍കേണ്ടി വരുമ്പോള്‍ പുതുച്ചേരിയില്‍ ഏകദേശം ഒന്നരലക്ഷം രൂപ നല്‍കിയാല്‍ മതിയാകും.