അത്യുച്ചത്തില്‍ നിലവിളിച്ചു കൊണ്ടു വരുന്ന ആംബുലന്‍സുകള്‍ക്ക് പോലും വഴി ഒഴിഞ്ഞു കൊടുക്കാത്ത ചില വാഹനങ്ങളെ കണ്ടിട്ടില്ലേ? മറ്റു വാഹനയാത്രികരുടെയും വഴിയാത്രികരുടെയുമൊക്കെ ക്ഷമയെ പരീക്ഷിക്കുന്ന ഇക്കൂട്ടര്‍ ബോധപൂര്‍വ്വമായിരിക്കില്ല സൈഡ് നല്‍കാതിരിക്കുന്നത്. ഉച്ചത്തില്‍ പാട്ടുകേട്ടിരിക്കുന്നതു മൂലം ഇവര്‍ പിന്നില്‍ നടക്കുന്നതൊന്നും അറിയാത്തതാണ്. ഇത് പുറകെ വരുന്ന വാഹനങ്ങള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ വലുതാണ്. മാത്രമല്ല അത് പലപ്പോഴും അപകടങ്ങളിലേക്കും നയിക്കും.

രോഗികളുമായിപ്പോകുന്ന ആംബുലന്‍സുകളെയാണ് ഇങ്ങനെ യാത്രചെയ്യുന്നത് ഏറ്റവും അധികം വലക്കാറ് .അത്യാസന്നനിലയിലുള്ള രോഗികളുമായി കുതിക്കുന്ന ആംബുലന്‍സുകളുടെ മുന്നറിയിപ്പ് സൈറണ്‍ പാട്ടിന്റെ ഉയര്‍ന്ന ഒച്ചകാരണം തിരിച്ചറിയാറിയാന്‍ സാധിക്കാറില്ല.

ഇതിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് സ്വീഡനിലെ സ്റ്റോക്ക്‌ഹോം കെടിഎച്ച് റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകര്‍. ആംബുലന്‍സ് കടന്നുവരുമ്പോള്‍ മറ്റുവാഹനങ്ങളിലെ ഓഡിയോ സംവിധാനങ്ങളെ തടസ്സപ്പെടുത്തി മുന്നറിയിപ്പ് നല്‍കുന്ന സാങ്കേതികവിദ്യയാണ് ഇവര്‍ വികസിപ്പിച്ചിരിക്കുന്നത്.

മുന്നിലുള്ള വാഹനവും ആംബുലന്‍സും തമ്മിലുള്ള ദൂരം കണക്കാക്കി മുന്നറിയിപ്പുനല്‍കുന്ന സംവിധാനമാണിത്. കഴിഞ്ഞദിവസം സ്റ്റോക്ക്‌ഹോമില്‍ ഈ സാങ്കേതിവിദ്യയുള്ള ആംബുലന്‍സുകള്‍ ഉപയോഗിച്ച് നടത്തിയ പരീക്ഷണഓട്ടം വിജയകരമായിരുന്നുവെന്ന് ഗവേഷണസംഘം അവകാശപ്പെട്ടു.

ആംബുലന്‍സ് കടന്നുപോകുമ്പോള്‍ മറ്റു റോഡുകളിലെ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും മുന്നറിയിപ്പുകള്‍ ലഭിക്കുമെന്നതാണ് പരീക്ഷണ ഘട്ടത്തില്‍ ഉയര്‍ന്ന വെല്ലുവിളി. ഈ പ്രശ്‌നംകൂടി പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഗവേഷണസംഘം.