പെട്രോളിന്റെയും ഡീസലിന്‍റെയും കാലം കഴിഞ്ഞെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‍കരി. വൈദ്യുതിപോലെ ബദൽ ഇന്ധനങ്ങൾ സ്വീകരിക്കാത്ത വാഹനങ്ങൾ ഇടിച്ചുനിരത്തുമെന്നും വാഹന നിർമാതാക്കളുടെ സംഘടനയായ ‘സിയം’ സംഘടിപ്പിച്ച സമ്മേളനത്തില്‍ മന്ത്രി വ്യക്തമാക്കി.

ബാറ്ററി ഉപയോഗിക്കുന്ന വാഹനങ്ങൾക്കുള്ള ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതു സംബന്ധിച്ച നിർദേശം ഉടൻ സർക്കാർ പരിഗണിക്കുമെന്നും മലിനീകരണം തടയുക, എണ്ണ ഇറക്കുമതി കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളിൽ നിന്നു പിന്നോട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതു സംബന്ധിച്ച് ക്യാബിനറ്റ് നോട്ട് തയാറായിക്കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ മന്ത്രി വാഹനനിര്‍മ്മാതാക്കളെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്‍തു.

ആവശ്യമായ തയാറെടുപ്പുകൾ നടത്താതെ ഉരുണ്ടുകളിക്കാനാവില്ല. സർക്കാർ നയത്തിനു പിന്തുണയേകുന്നവർക്കു സർക്കാരിന്റെ സഹായം കിട്ടും. ഇതൊന്നും ശ്രദ്ധിക്കാതെ പണമുണ്ടാക്കാൻ മാത്രം നോക്കുന്നവർ പിന്നീട് സഹായം തേടി സമീപിക്കരുതെന്നും മന്ത്രി തുറന്നടിച്ചു.

വൈദ്യുത വാഹനങ്ങളെപ്പറ്റി മുൻപു താൻ പറഞ്ഞപ്പോൾ നിങ്ങൾ ബാറ്ററിക്കു വൻ വിലയാണെന്ന് പറഞ്ഞൊഴിഞ്ഞെന്നും നിങ്ങൾ ശ്രമം തുടങ്ങുകയെങ്കിലും ചെയ്യൂ എന്നു താൻ അന്ന് പറഞ്ഞെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.

ഇപ്പോൾ ബാറ്ററി വില അന്നത്തെക്കാൾ 40% എങ്കിലും കുറവാണെന്നും പറഞ്ഞ മനത്രി വൻതോതിൽ ഉൽപാദനം തുടങ്ങുമ്പോൾ വില ഇനിയും കുറയുമെന്നും മടിച്ചുനിൽക്കാതെ ഗവേഷണം തുടങ്ങണമെന്നും നിര്‍മ്മാതാക്കളെ ഉപദേശിച്ചു. പഴയ വാഹനങ്ങൾ പൊളിച്ചുവിൽക്കാനുള്ള സംവിധാനം സംബന്ധിച്ച ആലോചനകൾ തുടരുന്നതായും നിതിന്‍ ഗഡ്കരി വ്യക്തമാക്കി.