കത്തുന്ന ടാങ്കര്‍ കിലോമീറ്ററുകളോളം ഓടിച്ച് ഒരു ഡ്രൈവര്‍

കത്തിക്കൊണ്ടിരിക്കുന്ന ഓയില്‍ ടാങ്കറും ഓടിച്ച് ആ ഡ്രൈവര്‍ സഞ്ചരിച്ചത് അഞ്ച് കിലോമീറ്റര്‍. അയാളുടെ ശരീരമാസകലം പൊള്ളലേറ്റെങ്കിലും രക്ഷപ്പെട്ടത് ആയിരങ്ങളുടെ ജീവന്‍. കത്തിയെരിഞ്ഞു പോകുമായിരുന്ന ഒരു നഗരത്തെ ജീവന്‍ പണയപ്പെടുത്തി രക്ഷിച്ച ആ ഡ്രൈവറുടെ പേര് സാജിദ്.

കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ നരസിംഹപൂരിലാണ് സംഭവം. ഭോപ്പാലില്‍ നിന്ന് 225 കിലോമീറ്റര്‍ അകലെയുള്ള വിനോദ സഞ്ചാര കേന്ദ്രമാണ് നരസിംഹപൂര്‍. നഗരമധ്യത്തിലെ പെട്രോള്‍ പമ്പില്‍ ഇന്ധനം നിറയ്ക്കുകയായിരുന്നു സാജിദ്. വാഹനത്തില്‍ എങ്ങനെയാണ് തീപിടിച്ചതെന്ന് സാജിദിന് അറിയില്ല. പക്ഷേ തീപിടിച്ച ടാങ്കറുമായി നഗരത്തിരിക്കില്‍ നിന്നും ഒഴിഞ്ഞ ഇടം തേടി ഒരൊറ്റ കുതിപ്പായിരുന്നു അയാള്‍.

സ്വന്തം ജീവന്‍ പണയപ്പെടുത്തിക്കൊണ്ട് സാജിദ് ഈ സാഹസം കാട്ടിയിരുന്നില്ലെങ്കില്‍ പെട്രോള്‍ പമ്പിലേക്ക് തീ പടരുമായിരുന്നു. എങ്കില്‍ നഗരം കത്തിച്ചാമ്പലാവുകയാവും ഫലം. തീ പിടിച്ച ടാങ്കറുമായി സാജിദ് പായുന്നത് ആരോ ഫോണില്‍ പകര്‍ത്തുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് സംഭവത്തിന്റെ ഭീകരത പുറത്ത് വന്നത്. ദേഹാസകലം പൊള്ളലേറ്റെങ്കിലും ഇപ്പോള്‍ നാട്ടിലും സോഷ്യല്‍മീഡിയയിലും താരമായിരിക്കുകയാണ് ഈ ഡ്രൈവര്‍.