മുംബൈ: ചെറുകാറായ നാനോയുടെ ഭാവി എന്താവുമെന്ന് ഇപ്പോള്‍ പ്രവചിക്കാനാവില്ലെന്ന് നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്. സമയവും സന്ദര്‍ഭവും അനുസരിച്ച് കമ്പനിയുടെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സാവും ഈ വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കുകയെന്നും ടാറ്റ മോട്ടോഴ്‌സുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഉള്‍പ്പെടെയുള്ള വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സാമ്പത്തിക രംഗത്തു സുസ്ഥിര പ്രകടനം കാഴ്ചവയ്ക്കാനും 2019 ആകുമ്പോഴേക്ക് ഇന്ത്യന്‍ കാര്‍ നിര്‍മാതാക്കളില്‍ മൂന്നാം സ്ഥാനം സ്വന്തമാക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതികളാണു നിലവില്‍ ടാറ്റ മോട്ടോഴ്‌സ് ആവിഷ്‌കരിച്ചു നടപ്പാക്കുന്നത്.
വരുംവര്‍ഷങ്ങളില്‍ വന്‍മുന്നേറ്റം ലക്ഷ്യമിട്ടു പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനിടെ നാനോയുടെ ഭാവി എന്താവുമെന്ന ചോദ്യം ടാറ്റ മോട്ടോഴ്‌സിനെ പതിവായി വിഷമത്തിലാക്കുന്നുണ്ട്. ഇടക്കാല ചെയര്‍മാന്‍ രത്തന്‍ ടാറ്റയെ പോലെ ടാറ്റ ഗ്രൂപ് മേധാവികള്‍ക്കു കൂടി താല്‍പര്യവും നിലപാടുമുള്ള വിഷയമെന്ന നിലയില്‍ നാനോ സംബന്ധിച്ച ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുക കമ്പനിയെ സംബന്ധിച്ചിടത്തോളം എളുപ്പവുമല്ല.
