മുബൈ: വിപണി പ്രവേശനത്തിനൊരുങ്ങുന്ന പുത്തന്‍ ടാറ്റ ടിഗോറിന്‍റെ ബ്രാന്‍ഡ് അംബാസിഡറായി ബോളിവുഡ് താരം ഹൃതിക് റോഷന്‍. പുത്തന്‍ ടിഗോര്‍ ഒക്ടോബര്‍ 10ന് വിപണിയിലെത്തും. ഇന്ത്യന്‍ പാസഞ്ചര്‍ വാഹന വിപണിയില്‍ പിടിമുറുക്കുന്നതിന്റെ ഭാഗമായിട്ടാണ് ടാറ്റ പുതിയ ടിഗോറിനെ നിരത്തിലെത്തിക്കുന്നത്.

ബോളിവുഡിലെ സ്‌റ്റൈലന്‍ താരം ഹൃതിക് റോഷനെ  തങ്ങളുടെ ഏറ്റവും പുതിയ ടാറ്റ ടിഗോറിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആയി നിയമിച്ചതില്‍ വളരെ സന്തോഷമുണ്ടെന്ന് ടാറ്റ മോട്ടോര്‍സ് പാസഞ്ചര്‍ വെഹിക്കിള്‍ യൂണിറ്റ് പ്രസിഡന്റ് മായന്‍ പരീഖ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. 

പുതിയ  ടിഗോര്‍  യാത്രക്കാര്‍ക്ക്  മികച്ച  യാത്രാസുഖം  പ്രദാനം  ചെയ്യുന്നു. ഹൃതിക് റോഷന്‍ എന്ന ബ്രാന്‍ഡുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയ ടിഗോര്‍ വൈദഗ്ധ്യം, സ്ഥിരത, ശക്തമായ  പ്രകടനം, സമാനതകളില്ലാത്ത സ്‌റ്റൈല്‍ എന്നിവയിലെല്ലാം സമാനത പുലര്‍ത്തുന്നു. തങ്ങളുടെ  ഉപഭോക്താക്കള്‍ക്ക്  ടിഗോറിന്റെ  ഈ  ഏറ്റവും  പുതിയ  അവതാരം  ഇഷ്ടപ്പെടുമെന്നും  അവര്‍  തങ്ങളെ  പിന്തുണയ്ക്കുമെന്ന്  പ്രതീക്ഷിക്കുന്നുവെന്നും  പരീഖ്  പ്രത്യാശ പ്രകടിപ്പിച്ചു. 

ടാറ്റ കുടുംബവുമായി സഹകരിക്കാനായതും  ഈ യാത്രയില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതും ആദരവായി കണക്കാക്കുന്നുവെന്നും  ഹൃതിക്  റോഷനും  വ്യക്തമാക്കി. 
ടാറ്റ ടിഗോര്‍  ഏറ്റവും ആധുനിക സ്‌റ്റൈലന്‍ സെഡാനാണ്. വാഹനത്തിന്‍റെ ഡിസൈന്‍ ഇഷ്ടമാണ്, അത് വളരെ ആഢംബരമായ ഒരു അനുഭവം നല്‍കുന്നു. ടാറ്റ ടിഗോറിന്റെ  ലോഞ്ചിന് എല്ലാ  ഭാവുകങ്ങളും  നേരുന്നതായും ഹൃതിക് പറഞ്ഞു.

ക്രോമിയം ഇന്‍സേര്‍ട്ട് നല്‍കിയ ഹെഡ്‌ലൈറ്റ്, പെയിന്റഡ് ഫിനീഷ് ഗ്രില്ല്, ലെന്‍സ് ക്ലീയര്‍ ടെയില്‍ ലാമ്പ് എന്നിങ്ങനെ കൂടുതല്‍ സ്‌റ്റൈലിഷായാണ് പുതിയ ടിഗോര്‍ എത്തുന്നത്. ഇന്റീരിയര്‍ കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനായി ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം നല്‍കിയിട്ടുണ്ട്. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനമുള്ള സിസ്റ്റം റിവേഴ്സ് ക്യാമറ ഡിസ്പ്ലേയായും പ്രവര്‍ത്തിക്കും.

1.2 പെട്രോള്‍, 1.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളാണ് പുതിയ ടിഗോറിന്‍റെ ഹൃദയം. പെട്രോള്‍ എന്‍ജിനില്‍ അഞ്ച് സ്പീഡ് മാനുവല്‍, ഒട്ടോമാറ്റിക് ഗിയര്‍ബോക്സിലും ഡിസല്‍ എന്‍ജിന്‍ അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിലുമാണ് ട്രാന്‍സ്മിഷന്‍.  ഒക്ടോബര്‍ പത്തിനാണ് പുതിയ ടിഗോര്‍ നിരത്തിലെത്തുന്നത്.