പുറത്തിറങ്ങി ചുരുങ്ങിയ കാലയളവില്‍ വിപണി കീഴടക്കിയ ടാറ്റയുടെ ജനപ്രിയ കാറാണ് ചെറു ഹാച്ച്ബാക്കായ ടിയാഗോ. ടിയാഗൊയുടെ എക്സ് ടി എ വകഭേദത്തിന്‍റെ ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) പതിപ്പ് ടാറ്റ മോട്ടോഴ്സ് പുറത്തിറക്കിയതാണ് വാഹനലോകത്തെ പുതിയ വിശേഷം. 4.79 ലക്ഷം രൂപയാണ് കാറിന്‍റെ ഡൽഹി ഷോറൂം വില. ഉയര്‍ന്ന വകഭേദമായ ‘എക്സ് സെഡ് എ എ എം ടി’ക്ക് തൊട്ടുതാഴെ ഇടംപിടിക്കുന്ന പുതിയ കാറിന് 46,000 രൂപയുടെ വിലക്കുറവാണു ടാറ്റ മോട്ടോഴ്സ് വാഗ്ദാനം ചെയ്യുന്നത്.

ഉയര്‍ന്ന വകഭേദം എക്സ് സെഡ് എയിൽ ലഭ്യമാവുന്ന അലോയ് വീൽ, വിങ് മിററിലെ സൈഡ് ഇൻഡിക്കേറ്റർ, ഫോഗ് ലാംപ്, റിയർ വൈപ്പറും ഡീഫോഗറും, ബൂട്ട് ലാംപ്, ഓട്ടോ ഡൗൺ ഡ്രൈവർ സൈഡ് വിൻഡോ, കൂൾഡ് ഗ്ലൗ ബോക്സ്, സ്റ്റീയറിങ്ങിൽ ഘടിപ്പിച്ച ഓഡിയോ കൺട്രോൾ തുടങ്ങിയവ ‘എക്സ് ടി എ എ എം ടി’യിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഒപ്പം ആന്റി ലോക്ക് ബ്രേക്കിങ്, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ, കോർണർ സ്റ്റെബിലിറ്റി കൺട്രോൾ തുടങ്ങിയവയും ഈ പതിപ്പിലില്ല; അതേസമയം ഇരട്ട എയർ ബാഗുകൾ ഓപ്ഷനൽ വ്യവസ്ഥയിൽ ലഭ്യമാണ്.

ഡീസൽ, പെട്രോൾ വകഭേദങ്ങളില്‍ നിരത്തിലിറങ്ങിയ ടാറ്റ ടിയാഗോ പുറത്തിറങ്ങി ചുരുങ്ങിയ കാലത്തിനുള്ളില്‍ വിപണിപിടിച്ചിരുന്നു. 84ബിഎച്ച്പിയും 114എൻഎം ടോർക്കും നൽകുന്ന 1.2 ലിറ്റർ റെവട്രോൺ പെട്രോൾ എൻജിന്‍, 69ബിഎച്ച്പിയും 140എൻഎം ടോർക്കും നൽകുന്ന 1050സിസി ത്രീ സിലിണ്ടർ റെവോടോർക്ക് ഡീസൽ എൻജിൻ എന്നിവ ടിയാഗോക്ക് കരുത്ത് പകരുന്നു.

എഞ്ചിനില്‍ വലിയ മാറ്റമൊന്നുമില്ലാതെയാണ് ടിയാഗൊ എക്സ് ടി എ എ എം ടിയുടെ വരവ്. 1.2 ലീറ്റർ, പെട്രോൾ എൻജിനാണ് കാറിന് കരുത്തേകുന്നത്. പരമാവധി 84 പി എസ് കരുത്ത് സൃഷ്ടിക്കാൻ ഈ എൻജിനു കഴിയും. അഞ്ച് സ്പീഡ് എ എം ടി ഗീയർബോക്സാണു കാറിലുള്ളത്. നഗരത്തിരക്കിൽ സഹായകമാവുന്ന ‘ക്രീപ്’ ഫംക്ഷൻ സഹിതമാണ് ‘ടിയാഗൊ’യിലെ എ എം ടി ഗീയർബോക്സ് എത്തുന്നത്; ബ്രേക്ക് പെഡലിൽ നിന്നു കാൽ പിൻവലിച്ചാൽ കാർ നിരങ്ങി നീങ്ങുന്നതാണ് ഈ സംവിധാനം. കൂടാതെ മാനുവൽ ഗീയർബോക്സുള്ള മോഡലിലെ ‘ഇകോ മോഡി’നു പകരമായി സ്പോർട് ഡ്രൈവിങ് മോഡാണു കാറിലുള്ളത്. അതേസമയം ‘സിറ്റി മോഡ്’ നിലനിർത്തിയിട്ടുമുണ്ട്.

അടുത്ത വര്‍ഷം അവസാനത്തോടെ ടിയോഗോയുടെ ഇലക്ട്രിക്ക് മോഡലും വിപണിയിലെത്തുമെന്നു റിപ്പോര്‍ട്ടുകളുണ്ട്. വാണിജ്യാടിസ്ഥാനത്തില്‍ യൂറോപ്യന്‍ വിപണിയിലെത്തിയ ശേഷമേ മാതൃരാജ്യമായ ഇന്ത്യയിലേക്ക് ടിയായോ ഇലക്ട്രിക് എത്താനിടയുള്ളു. ഗ്രേറ്റ് നോയിഡയില്‍ നടക്കുന്ന 2018 ഓട്ടോ എക്സ്പോയില്‍ കണ്‍സെപ്റ്റ് മോഡല്‍ പരിചയപ്പെടുത്തുമെന്നാണ് സൂചന.