ടാറ്റ മോട്ടോഴ്സിന്റെ ജനപ്രിയ ഹാച്ച്ബാക്ക് ടിയാഗൊയുടെ ഉൽപാദനം ഒരുലക്ഷം പിന്നിട്ടു. 2016 ഏപ്രിൽ ആറിനു നിരത്തിലെത്തിയ കാർ 19 മാസത്തിനുള്ളിലാണ് ഒരു ലക്ഷം ടിയാഗോ വിപണിയിലെത്തിയത്. ഗുജറാത്തിലെ സാനന്ദ് ശാലയിൽ നിന്നാണ് ടാറ്റ മോട്ടോഴ്സ് ടിയാഗൊ പുറത്തിറക്കുന്നത്.
പെട്രോള്‍-ഡീസല്‍ പതിപ്പുകളില്‍ അഞ്ച് വേരിയന്റുകളാണ് ടിയാഗോയ്ക്കുള്ളത്. അതിൽ പെട്രോൾ പതിപ്പിന് 3.20-4.81 ലക്ഷവും ഡീസലിന് 3.94-5.60ലക്ഷവുമാണ് ദില്ലി എക്സ്ഷോറൂം വില. 6000 ആര്‍പിഎമ്മില്‍ 83 ബിഎച്ച്പി കരുത്തും 3500 ആര്‍പിഎമ്മില്‍ 114 എന്‍എം ടോര്‍ക്കുമുള്ളതാണ് ടിയാഗോയുടെ 1.2 ലിറ്റര്‍ റിവോട്രേണ്‍ പെട്രോള്‍ എൻജിൻ. 4000 ആര്‍പിഎമ്മില്‍ 67 ബിഎച്ച്പി കരുത്തും 1800-3000 ആര്‍പിഎമ്മില്‍ 140 എന്‍എം ടോര്‍ക്കുമാണ് 1.5 ലിറ്റര്‍ റിവോടോര്‍ക്ക് ഡീസല്‍ എൻജിൻ നല്‍കുന്നത്. രണ്ട് എൻജിനുകളിലും 5 സ്പീഡ് മാനുവല്‍ ഗീയര്‍ബോക്‌സാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പെട്രോൾ ലീറ്ററിന് 23.48 കിലോമീറ്ററും ഡീസൽ ലീറ്ററിന് 27.28 കിലോമീറ്ററുമാണ് ‘ടിയാഗൊ’യ്ക്കു ടാറ്റ മോട്ടോഴ്സ് വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.
വിപണിയിലെത്തി ആദ്യത്തെ നാലു മാസത്തിനകം ടിയാഗോക്ക് മുപ്പതിനായിരത്തിലേറെ ബുക്കിങ്ങുകൾ സ്വന്തമാക്കാൻ ടാറ്റ മോട്ടോഴ്സിനു സാധിച്ചു. ബുക്ക് ചെയ്തവർക്കു കാർ ലഭിക്കാന്‍ മൂന്നു മുതൽ നാലു മാസം വരെ കാത്തിരിക്കേണ്ട സ്ഥിതിയുമായിരുന്നു. ഇതോടെ സാനന്ദിലെ ശാലയിൽ രണ്ടാം ഷിഫ്റ്റും പ്രവർത്തനം തുടങ്ങിയാണു ടാറ്റ ടിയാഗൊയുടെ ലഭ്യത വര്‍ദ്ധിപ്പിച്ചത്.
