ടാറ്റ മോട്ടോഴ്സ് ടിഗോർ ഇലക്ട്രിക് കാറുകളുടെ നിർമാണം ആരംഭിച്ചു. വൈദ്യുത കാറുകൾക്ക് പ്രചാരം നൽകാനുള്ള കേന്ദ്രസർക്കാർ പദ്ധതിയുടെ ഭാഗമായാണ് ടാറ്റ ടിഗോറിന്‍റെ വൈദ്യുത പതിപ്പ് നിരത്തിൽ എത്തിക്കുന്നത്. 

കമ്പനിയുടെ ഗുജറാത്തിലെ സാനന്ദിലുള്ള പ്ലാന്റിലാണ് ഉത്പാദനം.  10,000 ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കാനുള്ള കരാര്‍ ലേലത്തിലൂടെ ടാറ്റ മോട്ടോഴ്‌സിന് എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡില്‍ (ഇ.ഇ.എസ്.എല്‍.) നിന്ന് ലഭിച്ചിരുന്നു. ഇവര്‍ക്കു വേണ്ടി ആദ്യ ഘട്ടത്തില്‍ 250 കാറുകളാണ് നിര്‍മിച്ചു നല്‍കുന്നത്. കൂടാതെ, 100 ഇലക്ട്രിക് കാറുകള്‍ വൈകാതെ ലഭ്യമാക്കും.

ഇലക്ട്രിക് കാറുകള്‍ക്ക് ഉപഭോക്താക്കളില്‍നിന്ന് മികച്ച പ്രതികരണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ പറഞ്ഞു. 2030 ആവുന്നതോടെ ഇന്ത്യയിലെ മുഴുവന്‍ വാഹനങ്ങളും ഇലക്ട്രിക് ആക്കി മാറ്റുക എന്ന കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയെ മുന്‍നിര്‍ത്തിയാണ് ടാറ്റാ മോട്ടേഴ്‌സ് ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കുന്നത്.

ഇലക്ട്രിക് പവര്‍ട്രെയിന്‍ ഉത്പാദനത്തിന് പ്രശസ്തമായ 'ഇലക്ട്ര ഇവി'യില്‍ നിന്നുമുള്ള വൈദ്യുത ഡ്രൈവ് സംവിധാനമാണ് ടിഗോര്‍ ഇലക്ട്രിക് പതിപ്പുകളില്‍ ഒരുങ്ങിയിരിക്കുന്നത്. 11.2 ലക്ഷം രൂപ പ്രതി നിരക്കിലാണ് ടിഗോര്‍ ഇലക്ട്രിക് സെഡാനുകളെ ഇഇഎസ്എല്ലിന് ടാറ്റ നല്‍കുന്നത്.