Asianet News MalayalamAsianet News Malayalam

ജിപ്‍സി ഔട്ട്; ടാറ്റ സഫാരി സ്റ്റോമിനെ പട്ടാളത്തിലെടുത്തു

  • ടാറ്റ സഫാരി സ്റ്റോമിനെ പട്ടാളത്തിലെടുത്തു
Tata safari strome for army

ഒരുകാലത്ത് ഇന്ത്യന്‍ കരസേനയുടെ കരുത്തായിരുന്ന മാരുതി ജിപ്‌സിക്കു പകരം ടാറ്റയുടെ സഫാരി സ്‌റ്റോം എത്തി. പാട്ടാളനിറമായ കടുംപച്ചയിലുള്ള സഫാരി സ്റ്റോമിന്റെ ചിത്രങ്ങൾ പുറത്തു വന്നു. ഈ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. 3192 യൂണിറ്റ് സഫാരി സ്‌റ്റോം എസ്.യു.വികള്‍ ഇന്ത്യന്‍ ആര്‍മിക്ക് നിര്‍മിച്ചു നല്‍കാനുള്ള കരാറില്‍ കഴിഞ്ഞ ഏപ്രിലിലാണ് ടാറ്റ മോട്ടോര്‍സ്  ഒപ്പിട്ടത്. ജനറല്‍ സര്‍വ്വീസ് 800 എന്ന കാറ്റഗറിയിലാണ് പുതിയ സഫാരി സ്‌റ്റോം സൈനത്തിനൊപ്പമെത്തുക. നിസാനേയും മഹീന്ദ്രയേയും പിന്തള്ളിയാണ് കരസേനയ്ക്കായി പുതിയ വാഹനം നിർമിക്കാനുള്ള കരാർ ടാറ്റ സ്വന്തമാക്കിയത്.

Tata safari strome for army

മാരുതി സുസുക്കിയുടെ ഏകദേശം 31000ത്തോളം ജിപ്‌സി മോഡലുകള്‍ നിലവില്‍ വിവിധ ആവശ്യങ്ങള്‍ക്കായി സൈന്യത്തിന്റെ പക്കലുണ്ട്. ഇവയുടെയെല്ലാം സ്ഥാനം വരും വര്‍ഷങ്ങളില്‍ സഫാരി സ്‌റ്റോം പിടിച്ചെടുക്കും. 800 കിലോഗ്രാം ഭാരം വഹിക്കാനുള്ള ശേഷി, ഉറപ്പേറിയ റൂഫ്, എ.സി സൗകര്യം എന്നീ മൂന്ന് കാര്യങ്ങള്‍ക്ക് പര്യാപ്തമായിരിക്കണം വാഹനം എന്നതാണ് പ്രതിരോധ മന്ത്രാലയത്തിന്റെ ആവശ്യം.

ബറ്റാലിയന്‍ സൈനിക സംഘങ്ങള്‍ക്കും ഓഫീസര്‍ റാങ്കിലുള്ള സൈനികരുമാണ് നിലവില്‍ ജിപ്‌സി ഉപയോഗിക്കുന്നത്. 970 സിസി എഞ്ചിന്‍ കരുത്തില്‍ 1985ല്‍ നിരത്തിലെത്തിയ ജിപ്‌സി ഇന്ത്യന്‍ ആര്‍മിയുടെ രാജാവ് എന്ന പദവിയോടെയാണ് ടാറ്റ സഫാരിക്ക് വഴിമാറി കൊടുക്കുന്നത്. പെട്രോള്‍ എഞ്ചിനിലാണ് ജിപ്‌സി ഓടിയിരുന്നതെങ്കില്‍ കൂടുതല്‍ ഇന്ധനക്ഷമത ലക്ഷ്യമിട്ട് സഫാരി എത്തുന്നത് ഡീസല്‍ പതിപ്പിലാണ്. ആര്‍മിയുടെ ഭാഗമായുള്ള ജിപ്‌സികള്‍ ഘട്ടംഘട്ടമായാണ് വിടപറയുക.

Tata safari strome for army

സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി ശ്രേണിയില്‍ കൂടുതല്‍ ഇന്ധനക്ഷമതയ്‌ക്കൊപ്പം മികച്ച സുരക്ഷാ സൗകര്യങ്ങളും കണക്കിലെടുത്താണ് ടാറ്റ സഫാരിയെ ആര്‍മി ഒപ്പം കൂട്ടുന്നത്. 2.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എഞ്ചിന്‍ 154 ബിഎച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കുമുണ്ട് സ്‌റ്റോമിന്. ഫോര്‍ വീല്‍ ഡ്രൈവില്‍ 6 സ്പീഡ് മാനുവല്‍  ട്രാന്‍സ്മിഷന്‍. 200 എംഎം ഗ്രൗണ്ട് ക്ലിയറന്‍സ് ഓഫ് റോഡില്‍ വാഹനത്തെ കരുത്തനാക്കുന്നു. എസ്ആർഎസ് എയർബാഗുകൾ, എബിഎസ്, ഇബിഡി തുടങ്ങിയ നിരവധി സുരക്ഷാസംവിധാനങ്ങൾ‌ വാഹനത്തിലുണ്ട്. നാല് വീൽഡ്രൈവ് വകഭേദത്തിൽ ഷിഫ്റ്റ് ഓൺ ഫ്ലൈ ഫോർവീൽ ഡ്രൈവ് സിസ്റ്റം, ലിമിറ്റഡ് സ്ലിപ്പ് ഡിഫ്രൻഷ്യൻ തുടങ്ങിയ സാങ്കേതിക വിദ്യകളും സ്റ്റോമിനെ വേറിട്ടതാക്കുന്നു.

പതിനഞ്ച് മാസക്കാലം സൈന്യത്തിന്റെ വിവിധ ടെക്‌നിക്കല്‍ ടെസ്റ്റുകളില്‍ കായികക്ഷമത തെളിയിച്ചാണ് സഫാരി സ്‌റ്റോം സൈന്യത്തില്‍ ചേരാനുള്ള യോഗ്യത നേടിയെടുത്തത്. പരീക്ഷയില്‍ മഹീന്ദ്രയുടെ കരുത്തന്‍ എസ്.യു.വി സ്‌കോര്‍പിയോ സഫാരിയുമായി ഒപ്പത്തിനൊപ്പമുള്ള പ്രകടനം പുറത്തെടുത്തെങ്കിലും സാമ്പത്തിക ഇടപാടില്‍ മഹീന്ദ്രയെക്കാള്‍ ലാഭകരമാണ് ടാറ്റ വാഹനങ്ങള്‍ എന്നത് സഫാരിക്ക് തുണയായി.

Tata safari strome for army

പച്ച നിറത്തിന് പുറമേ നോര്‍മല്‍ സഫാരി സ്‌റ്റോമില്‍ നിന്ന് നിരവധി മോഡിഫിക്കേഷന്‍സ് ആര്‍മി മോഡലിനുണ്ടാകും. പഞ്ചറായാലും കുറച്ചു ദൂരം ഓടാൻ സാധിക്കുന്ന റൺഫ്ലാറ്റ് ടയറുകൾ, കട്ടികൂടിയ മുകൾഭാഗം, 800 കിലോഗ്രാമിലധികം വഹിക്കാനുള്ള ശേഷി തുടങ്ങിയ പ്രത്യേകതകൾ സൈന്യത്തിന്റെ സഫാരിക്കുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 1958 മുതല്‍ ഇന്ത്യന്‍ ആര്‍മിയുടെ ഭാഗമായ ടാറ്റ ഏകദേശം 1.5 ലക്ഷം വാഹനങ്ങള്‍ സൈനിക ആവശ്യങ്ങള്‍ക്കായി ഇതുവരെ നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 1300 കോടി രൂപയ്ക്ക് ആര്‍മിയുടെ 6X6 ഹൈമൊബിലിറ്റി ട്രക്ക് നിര്‍മാണത്തിനുള്ള കരാറും ഇന്ത്യന്‍ നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സിന് ലഭിച്ചിരുന്നു.

Tata safari strome for army

Follow Us:
Download App:
  • android
  • ios