പുറത്തിറങ്ങി ചുരുങ്ങിയ കാലയളവില്‍ വിപണി കീഴടക്കിയ ടിയാഗോയുടെ ഇലക്ട്രിക്ക് പതിപ്പ് പുറത്തിറക്കാനൊരുങ്ങി ടാറ്റ മോട്ടോഴ്‍സ്. ഈ വര്‍ഷം സെപ്തംബര്‍ ആറിന് ബ്രിട്ടനിന്‍ നടക്കുന്ന ലോ കാര്‍ബര്‍ വെഹിക്കിള്‍ ഇവന്റില്‍ ടിയാഗോ ഇലക്ട്രിക് പിറവിയെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്വിറ്ററിലൂടെ ഇതുസംബന്ധിച്ച അറിയിപ്പും കമ്പനി പുറത്തുവിട്ടു.
ടാറ്റ നാനോ ഇലക്ട്രിക് പവറില്‍ പുറത്തിറക്കാന്‍ നേരത്തെ കമ്പനിക്ക് പദ്ധതിയുണ്ടായിരുന്നെങ്കിലും നടന്നില്ല. ഇലക്ട്രിക് ടിയാഗോയിലൂടെ ഈ സ്വപ്ന പദ്ധതി വീണ്ടും യാഥാര്‍ഥ്യമാക്കുകയാണ് ടാറ്റ. പെട്രോള്‍-ഡീസല്‍ എഞ്ചിനുകളെ അവഗണിച്ച് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ആവശ്യക്കാരേറി വരുന്ന നിലവിലെ സാഹചര്യംകൂടി കണക്കിലെടുത്താണ് ടിയാഗോ ഇലക്ട്രിക് എത്തുന്നത്. ടാറ്റയുടെ യൂറോപ്യന്‍ ടെക്നിക്കല്‍ സെന്ററിലാണ് ഗവേഷണവും നിര്‍മാണവും പുരോഗമിക്കുന്നത്.
ഡീസൽ, പെട്രോൾ വകഭേദങ്ങളില്‍ നിരത്തിലിറങ്ങിയ ടാറ്റ ടിയാഗോ പുറത്തിറങ്ങി ചുരുങ്ങിയ കാലത്തിനുള്ളില്‍ വിപണിപിടിച്ചിരുന്നു. 84ബിഎച്ച്പിയും 114എൻഎം ടോർക്കും നൽകുന്ന 1.2 ലിറ്റർ റെവട്രോൺ പെട്രോൾ എൻജിന്‍, 69ബിഎച്ച്പിയും 140എൻഎം ടോർക്കും നൽകുന്ന 1050സിസി ത്രീ സിലിണ്ടർ റെവോടോർക്ക് ഡീസൽ എൻജിൻ എന്നിവ ടിയാഗോക്ക് കരുത്ത് പകരുന്നു.
ഇലക്ട്രിക്ക് ടിയാഗോയുടെ മെക്കാനിക്കല്‍ ഫീച്ചേഴ്സ് സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ കമ്പനി വ്യക്തമാക്കിയിട്ടില്ല. ചെലവ് കുറഞ്ഞ മോഡിഫൈഡ് X0 പ്ലാറ്റ്ഫോമിലാണ് ടിയാഗോ ഇലക്ട്രിക്കിന്റെ നിര്‍മ്മിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. കണ്‍സെപ്റ്റില്‍ മാത്രം ഒതുങ്ങിയ ബോള്‍ട്ട് EV-യുടെ അതേ മോട്ടോര്‍ ടിയാഗോയില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത. 80kW ഇലക്ട്രിക് മോട്ടോറായിരിക്കും വാഹനത്തിനു കരുത്ത് പകരുക. പരമാവധി 240 എന്‍എം ടോര്‍ക്കേകാന്‍ ഇലക്ട്രിക് മോട്ടോറിന് സാധിക്കും. മണിക്കൂറില്‍ 135 കിലോമീറ്ററാകും പരമാവധി വേഗത. ഒറ്റ ചാര്‍ജില്‍ പരമാവധി 100 കിലോമീറ്റര്‍ ദൂരം പിന്നിടും.
ഇന്ത്യന്‍ വാഹനവിപണിയില്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ അത്രപച്ചപിടിച്ചിട്ടില്ല. മഹീന്ദ്രയുടെ E2o പ്ലസ്, E-വെരിറ്റോ തുടങ്ങി വിരലില്‍ എണ്ണാവുന്ന ചില ചെറു മോഡലുകള്‍ മാത്രമാണ് നിലവില്‍ സമ്പൂര്‍ണ ഇലക്ട്രിക് പവറില്‍ ഇന്ത്യന്‍ വിപണിയിലുള്ളു. ടെസ്ലയടക്കം പല കമ്പനികളും ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുന്നുണ്ടെങ്കിലും തൊട്ടാല്‍ പൊള്ളുന്ന വില ജനങ്ങളെ അകറ്റി നിര്‍ത്തുകയാണ്. അതായത് കാര്യമായ എതിരാളികളില്ലാതെയാവും ടിയാഗോയുടെ രംഗപ്രവേശമെന്ന് ചുരുക്കം. 10 ലക്ഷം രൂപയ്ക്കുള്ളില്‍ ഇലക്ട്രിക്ക് ടിയാഗോ വിപണിയിലെത്തിക്കാന്‍ കഴിഞ്ഞാല്‍ മാരുതി അള്‍ട്ടോ സൃഷ്ടിച്ച അതേ വിപ്ലവമായിരിക്കും ഇന്ത്യന്‍ വിപണിയില്‍ സംഭവിക്കുക. പരസ്ഥിതി മലിനീകരണം കുറയ്ക്കുന്നത് ലക്ഷ്യമിട്ട് പെട്രോള്‍ - ഡീസല്‍ വാഹനങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ പദ്ധതികളും ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങക്കുള്ള നികുതി ഇളവുമൊക്കെ ടിയായോയ്ക്ക് മുതല്‍ക്കൂട്ടാകും.
അടുത്ത വര്‍ഷം അവസാനത്തോടെ വാണിജ്യാടിസ്ഥാനത്തില്‍ യൂറോപ്യന്‍ വിപണിയിലെത്തിയ ശേഷമേ മാതൃരാജ്യമായ ഇന്ത്യയിലേക്ക് ടിയായോ ഇലക്ട്രിക് എത്താനിടയുള്ളു. ഗ്രേറ്റ് നോയിഡയില്‍ നടക്കുന്ന 2018 ഓട്ടോ എക്സ്പോയില്‍ കണ്‍സെപ്റ്റ് മോഡല്‍ പരിചയപ്പെടുത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
