Asianet News MalayalamAsianet News Malayalam

മുന്നില്‍ കിടന്ന ഫെറാരി മാറ്റി കള്ളന്‍ ടിയാഗോയുമായി കടന്നു!

  • മുന്നില്‍ കിടന്ന ഫെറാരി മാറ്റി കള്ളന്‍ ടിയാഗോയുമായി കടന്നു!
  • വീഡിയേോ വൈറല്‍
Tata tiago robbery caught on CCTV

പാര്‍ക്കിംഗ് ഏരിയയില്‍ നിന്നും കോടികള്‍ വിലയുള്ള സൂപ്പര്‍ കാറായ ഫെറാരിയെ മാറ്റിയിട്ട് ടാറ്റയുടെ ഹാച്ച് ബാക്ക് ടിയാഗോയുമായി കടന്നു കളയുന്ന മോഷ്ടാവിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. പാര്‍ക്കിംഗ് ഏരിയയിലെ വാഹനങ്ങള്‍ക്കു മുന്നില്‍ ഒരാള്‍ ഫെരാരി നിര്‍ത്തിയിടുന്നിടത്തു നിന്നാണ് വീഡിയോയുടെ തുടക്കം.

ഇയാള്‍ വാഹനം നിര്‍ത്തി പുറത്തേക്കു പോയ ഉടന്‍ പാര്‍ക്കിംഗ് ഏരിയക്ക് പിന്നില്‍ മറഞ്ഞിരുന്ന കള്ളന്‍ പുറത്തേക്കു വരുന്നതു വീഡിയോയില്‍ കാണാം. തുടര്‍ന്ന് ഇയാള്‍ ഫെറാരിയിലേക്ക് കയറുന്നു. കോടികള്‍ വിലയുള്ള ഫെറാരിയുമായി ഇയാള്‍ കടക്കാനൊരുങ്ങുകയാണെന്ന് കാഴ്ചക്കാര്‍ കരുതുമ്പോഴേക്കും ഞെട്ടിച്ചു കൊണ്ടിയാള്‍ വാഹനത്തില്‍ നിന്നും ഇറങ്ങി ടിയാഗോയിലേക്കു കയറുന്നതാണ് വീഡിയോയില്‍. ടിയാഗോ എടുക്കുന്നതിനുള്ള സൗകര്യത്തിനു വേണ്ടിയാണ് ഇയാള്‍ ഫെറാരി മാറ്റിയിട്ടതെന്നാണ് വീഡിയോയില്‍ നിന്നും വ്യക്തമാകുന്നത്. തുടര്‍ന്ന് ഇയാള്‍ ടിയാഗോ ഓടിച്ചു പോകുന്നതും വീഡിയോയില്‍ കാണാം.

എന്നാല്‍ വീഡിയോയ്ക്ക് എതിരെയും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇത് മോഷണമല്ലെന്നും പ്രമോഷണല്‍ വീഡിയോ ആണെന്നുമാണ് ഒരിു വിഭാഗത്തിന്‍റെ ആരോപണം.

എന്തായാലും 2016 ഏപ്രിൽ ആറിനു നിരത്തിലെത്തിയ ടിയാഗോ ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന ടാറ്റ കാറാണ്. പെട്രോള്‍-ഡീസല്‍ പതിപ്പുകളില്‍ അഞ്ച് വേരിയന്റുകളാണ് ടിയാഗോയ്ക്കുള്ളത്. 6000 ആര്‍പിഎമ്മില്‍ 83 ബിഎച്ച്പി കരുത്തും 3500 ആര്‍പിഎമ്മില്‍ 114 എന്‍എം ടോര്‍ക്കുമുള്ളതാണ് ടിയാഗോയുടെ 1.2 ലിറ്റര്‍ റിവോട്രേണ്‍ പെട്രോള്‍ എൻജിൻ.  4000 ആര്‍പിഎമ്മില്‍ 67 ബിഎച്ച്പി കരുത്തും 1800-3000 ആര്‍പിഎമ്മില്‍ 140 എന്‍എം ടോര്‍ക്കുമാണ് 1.5 ലിറ്റര്‍ റിവോടോര്‍ക്ക് ഡീസല്‍ എൻജിൻ നല്‍കുന്നത്.

രണ്ട് എൻജിനുകളിലും 5 സ്പീഡ് മാനുവല്‍ ഗീയര്‍ബോക്‌സാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പെട്രോൾ ലീറ്ററിന് 23.48 കിലോമീറ്ററും ഡീസൽ ലീറ്ററിന് 27.28 കിലോമീറ്ററുമാണ് ടിയാഗൊയ്ക്കു ടാറ്റ മോട്ടോഴ്സ് വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.

 

 

Follow Us:
Download App:
  • android
  • ios