ഓൺലൈൻ വ്യാപാര സൈറ്റ് വഴിയെത്തിയ ഇടപാടുകാരന് കാർ വിൽക്കാൻ പോയ സോഫ്റ്റ്‍വെയർ എഞ്ചിനീയറെ കാണാതായ സംഭവത്തില്‍ ദുരൂഹത തുടരുന്നു. ബിഹാർ സ്വദേശി അജിതാഭ് കുമാറിനെയാണ് ബെംഗളൂരുവിൽ വച്ച് ഒരാഴ്ച മുമ്പ് കാണാതായത്.

ബ്രിട്ടൻ ആസ്ഥാനമായ സോഫ്റ്റ്വെയർ കമ്പനിയിലെ ജീവനക്കാരനായിരുന്ന അജിതാഭ് കുമാറിനെ കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് കാണാതായത്. ഓൺലൈൻ വ്യാപാര സൈറ്റായ ഓ എൽ എക്സിൽ തന്‍റെ കാർ അജിതാഭ് വിൽപ്പനക്ക് വച്ചിരുന്നു. കാർ വാങ്ങാൻ ആളെത്തിയിട്ടുണ്ട് എന്ന് സുഹൃത്തുക്കളോട് പറഞ്ഞാണ് തിങ്കളാഴ്ച വൈകീട്ട് 6.30ന് വൈറ്റ്ഫീൽഡിലെ താമസസ്ഥലത്തുനിന്ന് അജിതാഭ് ഇറങ്ങിയത്.

ഏറെ വൈകിയും കാണാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. വാട്സ്ആപ്പിൽ 7.30 വരെ അജിതാഭ് ഓൺലൈനിൽ ഉണ്ടായിരുന്നു. സുഹൃത്തുക്കളാണ് വൈറ്റ്ഫീൽഡ് പൊലീസിൽ പരാതി നൽകിയത്. ബെംഗളൂരു നഗരപരിധിക്ക് പുറത്തുളള ഗുഞ്ചൂരിൽ നിന്നാണ് ഫോൺ ഓഫായത് എന്ന് കണ്ടെത്തി. എന്നാൽ അജിതാഭിന്‍റെ കാർ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല.

ഫോൺവിളികളും വാട്സ്ആപ്പ് സന്ദേശങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.2010 മുതൽ ബെംഗളൂരുവിലാണ് അജിതാഭ് താമസം. ബിഹാറിലെ പട്ന സ്വദേശിയാണ്. കൊൽക്കത്ത ഐഎൈഎമ്മിൽ അജിതാഭിന് എംബിഎ അഡ്മിഷൻ ലഭിച്ചിരുന്നു. ഇവിടുത്തെ പഠനാവശ്യത്തിന് പണം കണ്ടെത്താനാണ് കാർ വിൽപ്പനക്ക് വച്ചത്. ഓഎൽഎക്സ് വഴി തട്ടിപ്പ് നടത്തുന്ന ക്രിമിനലുകളാണ് മകന്‍റെ തിരോധാനത്തിന് പിന്നിലെന്ന് അജിതാഭിന്‍റെ അച്ഛൻ പറഞ്ഞു.

ഗുഞ്ചൂർ വരെയുളള ഭാഗത്തെ ടോൾ പ്ലാസകളിൽ നിന്നുളള വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. വാഹനം കണ്ടെത്താൻ മറ്റ് സംസ്ഥാനങ്ങളിലെ പൊലീസിന്‍റെ സഹായവും തേടി.