അമേരിക്കയിലെ വാഹന വിൽപ്പനയിൽ ജർമൻ ആഡംബര കാർ നിർമാതാക്കളായ മെഴ്സീഡിസ് ബെൻസിനെ പിന്തള്ളി വൈദ്യുത കാർ നിർമാതാക്കളായ ടെസ്‌ല. കഴിഞ്ഞ ജൂലൈ മുതല്‍ സെപ്റ്റംബർ വരെയുള്ള വില്‍പ്പന കണക്കുകളാണ് പുറത്തു വന്നത്. ആതർട്ടൻ റിസർച്ചിന്‍റെ കണക്കനുസരിച്ച് ഇക്കാലയളവില്‍ 69,935 കാറുകളാണു ടെസ്‌ല വിറ്റത്. എന്നാല്‍ മെഴ്സീഡിസ് ബെൻസിന്റെ വിൽപ്പന 66,542 യൂണിറ്റു മാത്രം. 

സെപ്റ്റംബറിൽ തകർപ്പൻ പ്രകടനമാണു ടെസ്‌ല കാഴ്ചവച്ചത്. ആഗോളതലത്തിൽ 83,500 യൂണിറ്റായിരുന്നു കമ്പനിയുടെ വിൽപ്പന. 2017ൽ കമ്പനി കൈവരിച്ച മൊത്തം വിൽപ്പനയുടെ 80 ശതമാനത്തോളം വരുമിത്.  ടെസ്ല ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ കാറായ ‘മോഡൽ ത്രീ’ 55,480 എണ്ണമാണു കമ്പനി സെപ്റ്റംബറിൽ വിറ്റത്. ഇക്കൊല്ലത്തിന്റെ ആദ്യ പകുതിയിൽ കൈവരിച്ച മൊത്തം വിൽപ്പനയേക്കാൾ ഇരട്ടിയോളമാണിത്. 

മറ്റൊരു ജര്‍മ്മന്‍ കമ്പനിയായ ബിഎംഡബ്ലിയു ടെസ്‌ലയെ അപേക്ഷിച്ച് വെറും 1,754 കാറുകൾ മാത്രമാണു അധികമായി വിറ്റത്. ഇപ്പോഴത്തെ പ്രവണത തുടർന്നാൽ ടെസ്‌ല ബി എം ഡബ്ല്യുവിനെയും മറികടന്നേക്കുമെന്നാണ് ആതർട്ടൻ റിസർച്ചിന്റെ നിഗമനം.