വാഷിംഗ്ടണ്‍: ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്കുകളിലെ തകരാറിനെ തുടര്‍ന്ന് അരലക്ഷത്തിലധികം കാറുകള്‍ തിരിച്ചു വിളിച്ച് അമേരിക്കന്‍ വാഹനഭീമന്മാരായ ടെസ്ല. കമ്പനി 2016-ല്‍ നിര്‍മ്മിച്ച വാഹനങ്ങള്‍ തിരിച്ചുവിളിക്കാനാണ് തീരുമാനം.

2016-ല്‍ ഫെബ്രുവരി മുതല്‍ ഒക്ടോബര്‍ വരെ അസ്സംബ്ള്‍ ചെയ്ത 53,000 ഓളം മോഡല്‍ എസ്, മോഡല്‍ എക്സ് വാഹനങ്ങളാണ് ഇപ്പോള്‍ തിരിച്ചുവിളിക്കുന്നത്. ചെറിയ ഗിയറിന്റെ നിര്‍മ്മാണത്തിലെ അപാകതയാണ് തിരിച്ചുവിളിക്കലിന്‍റെ കാരണമെന്നാണ് കമ്പനിയുടെ വിശദീകരണം. ഈ ഗിയര്‍ പാര്‍ക്കിംഗ് ബ്രേക്കുമായി ഒത്തുപോകാത്തതാണ് പ്രശ്നമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇലക്ട്രിക്ക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്ലയുടെ ചരിത്രത്തിലെ രണ്ടാമത്തെ വലിയ തിരിച്ചുവിളിയാണിത്. സീറ്റ് ബെല്‍റ്റിലെ തകരാര്‍ നിമിത്തം 2015 നവംബറില്‍ 90,000 യൂണിറ്റ് മോഡല്‍ എസ് കാറുകള്‍ ടെസ്ല തിരിച്ചുവിളിച്ചിരുന്നു.