അമ്യൂസ്‍മെന്‍റ് പാര്‍ക്കിലെ 25 അടി ഉയരത്തിലുള്ള റൈഡില്‍ നിന്നും പതിനാലു വയസുകാരി താഴേക്കു വീഴുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. ന്യൂയോര്‍ക്കിലെ സിക്സ് ഫ്ളാഗ് പാര്‍ക്കില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

രണ്ട് പേര്‍ക്ക് ഇരിക്കാവുന്ന കാബിനില്‍ ബന്ധുവായ കുട്ടിയുടെ ഒപ്പമാണ് കൗമാരക്കാരി കയറിയത്. റൈഡ് തുടരുന്നതിനിടയില്‍ അസ്വസ്ഥയായ ഇവര്‍ കാബിനില്‍ നിന്നും വിളിച്ചു പറഞ്ഞതനുസരിച്ച് ഡ്രൈവര്‍ റൈഡ് നിര്‍ത്തുകയായിരുന്നു.

പാര്‍ക്കിന് മധ്യത്തില്‍ മരക്കൂട്ടങ്ങള്‍ക്കു മുകളിലായിട്ടാണ് ഇവര്‍ ഇരുന്ന കാര്‍ നിന്നത്. തുടര്‍ന്ന് താഴേക്ക് ചാടിയ കുട്ടിയെ പാര്‍ക്കിലുള്ള ആളുകളും സെക്യൂരിറ്റി ജീവനക്കാരും ചേര്‍ന്ന് നിലത്തു വീഴും മുമ്പ് പിടിക്കുകയായിരുന്നു. ഏതാനും നിമിഷങ്ങള്‍ കാബിനില്‍ തൂങ്ങിക്കിടന്നതിനു ശേഷമാണ് കുട്ടി മരച്ചില്ലകള്‍ക്ക് ഇടയിലൂടെ താഴെ ജനങ്ങളുടെ കൈകളിലേക്ക് വീഴുന്നത്. ഈ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.