വാഹനത്തിന്‍റെ കൺസപ്റ്റ് വേർഷൻ കഴിഞ്ഞ ദിവസം കമ്പനി പുറത്തുവിട്ടതിനു ശേഷം വാഹനലോകത്ത് ചൂടന്‍ ചര്‍ച്ചകളാണ്. പ്രധാനമായും രണ്ടു വേരിയന്റുകളിലാണ് ബെൻസ് ആഡംബര പിക്ക്-അപ് വാനുകൾ വിപണിയിലെത്തുകയെന്നാണ് കമ്പനി പറയുന്നത്. സ്റ്റൈലിഷ് എക്‌സ്‌പ്ലോറർ, പവർഫുൾ അഡ്വഞ്ചർ എന്നീ രണ്ടു വേരിയന്റുകളുടെ കൺസപ്റ്റ് വേർഷനാണ് കമ്പനി ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

വലിയ ടയറുകളും കാറുകളുമായി കൂടുതൽ ഇണങ്ങി നിൽക്കുന്ന രൂപവുമാണ് സ്റ്റൈലിഷ് എക്‌സ്‌പ്ലോറിന്. നല്ല സ്റ്റൈലൻ എക്സ്റ്റീരിയറും. പവർഫുൾ അഡ്വഞ്ചറിന്റേത് ഓഫ് റോഡ് വാഹനത്തിന് സമാനമായ രൂപവും. ഉൾവശം പൂർണമായും ഇപ്പോള്‍ നിരത്തിലുള്ള ബെൻസ് കാറുകളുടെ ഫീച്ചേർസുമായി ചേരും. സി ക്‌ളാസ്സ്, വി ക്‌ളാസ്സ് മോഡലുകളുടെ റേഞ്ചില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ള ഇന്റീരിയര്‍. വൈഡ് ആക്‌സിലുകളും കോയില്‍ സ്പ്രിംഗോട് കൂടിയ ഒരു ഫൈവ് ലിങ്ക് റീയര്‍ ആക്‌സിലും ഓണ്‍ റോഡിലും ഓഫ് റോഡിലും ഒരു പോലെ സുഖകരമായ ഡ്രൈവിംഗ് നല്‍കുമെന്നുറപ്പ്.

ഇലക്‌ട്രോണിക് ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റത്തോട് കൂടിയ 4മാക്കിക് വീല്‍ ഡ്രൈവ്, രണ്ടു വിവിധ ലോക്കുകള്‍ തുടങ്ങിയവയുമുണ്ട്. 1.1 ടണ്‍ മുതല്‍ 3.5 ടണ്‍ വരെ ഭാരം വഹിക്കാന്‍ എക്സ് ക്ലാസ്സിനു കഴിയും. പതിവ് പിക്ക്-അപ് ട്രക്കുകളില്‍ നിന്നും തീർത്തും വേറിട്ട് നിൽക്കുന്നതാണ് ബെൻസ് പിക്കപ്പ് ട്രക്കുകളെന്നതിന് ഇനിയും തെളിവുകളുണ്ട് ഏറെ.

നവാര, റെനോ അലാസ്‌കൻ ട്രക്കുകളിലെ പല പാർട്ടുകളും ബെൻസിന്റെയും ഭാഗമാകും. കാമറ, റഡാർ, സെൻസറുകൾ എന്നീ സംവിധാനങ്ങളുടെ സഹായത്തോടെ മോഡേൺ ഡ്രൈവർ അസിസ്റ്റൻസ് സൗകര്യങ്ങളുമുണ്ട്. ലാഡര്‍ പോലെയുള്ള ഫ്രെയിം, ആറ് സിലിണ്ടര്‍ എഞ്ചിന്‍ എന്നിവയുമായി സുരക്ഷ, സുഖം, ഊര്‍ജ്ജസ്വലത, മികച്ച ഡിസൈന്‍ തുടങ്ങി എക്‌സ് ക്‌ളാസ്സില്‍ യാതൊരു വിട്ടു വീഴ്ചയ്ക്കും തയ്യാറല്ലെന്ന് കമ്പനി പറയുന്നു.

2017 അവസാനത്തോടെ യൂറോപ്പ്, ലാറ്റിനമേരിക്ക, ഓസ്‌ട്രേലിയ, സൗത്ത് ആഫ്രിക്ക വിപണികളിലാണ് ആദ്യ ഘട്ടത്തിൽ വാഹനം എത്തുക. ഇത്തരം വാഹനങ്ങള്‍ക്ക് ഏറെ ആരാധകരുള്ള പ്രദേശങ്ങളാണ് ലാറ്റിനമേരിക്കയിലെ അര്‍ജന്റീന, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ന്യൂസിലന്‍റ് തുടങ്ങിയ രാജ്യങ്ങള്‍.