ദില്ലി: രാജ്യത്തിന് അഭിമാനമായ ഈ ബുള്ളറ്റുകള്‍ വിറ്റഴിയാന്‍ എടുത്തത് പതിനഞ്ച് മിനിറ്റുകള്‍ മാത്രം. അടുത്തിടെ റോയല്‍ എന്‍ഫീല്‍ഡ് വില്‍പനയ്ക്ക് എത്തിച്ച ക്ലാസിക് 500 ബൈക്കുകള്‍ വെറും പതിനഞ്ച് സെക്കന്റില്‍ വിറ്റഴിയാന്‍ കാരണം വളരെ ലളിതമാണ്. രാജ്യത്തിന്റെയും സൈന്യത്തിന്റെയും അഭിമാനം കാക്കുന്ന എന്‍ എസ് ജി കമാന്റോകള്‍ ഉപയോഗിച്ചവയായിരുന്നു അവയെല്ലാം. റോയൽ എൻഫീൽഡ് ക്ലാസിക്ക് 500 ന്റെ സ്‌റ്റെല്‍ത് ബ്ലാക്ക് മോഡലുകളായിരുന്നു ഡിസംബര്‍ പതിമൂന്നിന് വില്‍പനയ്ക്ക് എത്തിച്ചത്. 

വില്‍പന ആരംഭിച്ച പതിനഞ്ച് സെക്കന്റില്‍ ബൈക്കുകള്‍ വിറ്റു തീര്‍ന്നു. ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപയായിരുന്നു ഇവയുടെ വില. അടുത്തിടെ എൻഎസ്ജി സ്ഥാപിതമായതിന്റെ 33 വർഷങ്ങൾ ആഘോഷിക്കുന്നതിന്റെ ഭാഗമായി തീവ്രവാദത്തിനെതിരെ പൊരുതാൻ 8000 കിലോമീറ്റർ നീളുന്ന യാത്ര നടത്താന്‍ ഉപയോഗിച്ച വാഹനങ്ങളാണ് റോയല്‍ എന്‍ഫീല്‍ഡ് വില്‍പനയ്ക്ക് വച്ചത്. പതിനഞ്ചായിരം രൂപ മുടക്കി ഇവ ബുക്ക് ചെയ്യാനുള്ള അവസരം ഡിസംബര്‍ 8 മുതല്‍ ലഭ്യമായിരുന്നു. 

രണ്ടായിരത്തിലധികം ബുക്കിങാണ് എന്‍ എസ് ജി കമാന്‍ഡോകള്‍ ഉപയോഗിച്ച ബുള്ളറ്റുകള്‍ക്ക് ലഭിച്ചത്. ഇന്ത്യന്‍ സേനയുമായി ദീര്‍ഘനാളത്തെ ബന്ധം സുദൃഢമാക്കുന്ന ഒന്നായിരുന്നു പതിനഞ്ച് കമാന്‍ഡോകളുടെ പര്യടനം എന്ന് റോയല്‍ എന്‍ഫീല്‍ഡ് ഇന്ത്യ പ്രസിഡന്റ് രുദ്രതേജ് സിങ് പറഞ്ഞു. രാജ്യത്തിന്‍റെയും സൈന്യത്തിന്‍റെയും പ്രിയപ്പെട്ട ഇരുചക്രവാഹനങ്ങളില്‍ ഒന്നാണ് ഐക്കണിക്ക് ബ്രാന്‍റായ റോയല്‍ എന്‍ഫീല്‍ഡ്. 1955 മുതല്‍ തന്നെ ഇന്ത്യന്‍ സേനയുടെ ഭാഗമാണ് ബുള്ളറ്റ്.