ഫോര്‍ക്ക് ലിഫ്റ്റ് എന്നു കേട്ടിട്ടുണ്ടോ? അധികമാരും കേള്‍ക്കാനിടയില്ല. കാരണം വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഒരു തരം ചെറിയ വാഹനമാണിത്. ലിഫ്റ്റ് ട്രക്ക്, ഫോര്‍ക്ക് ട്രക്ക്, ഫോര്‍ക്ക് ലിഫ്റ്റ് ട്രക്ക് എന്നൊക്കെ പറയും. ഏകദേശം നമ്മുടെ മണ്ണുമാന്തി പോലെയൊക്കെ ഇരിക്കും. വ്യാവസായിക ശാലകളില്‍ സാധനങ്ങള്‍ ചെറിയ ദൂരങ്ങളിലേക്ക് മാറ്റുന്നതിനാണ് ഈ കുഞ്ഞന്‍ വാഹനം ഉപയോഗിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ വികസിപ്പിച്ചെടുത്ത ഈ വാഹനം ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് ഒരു മോഷണത്തോടെയാണ്.

അമേരിക്കന്‍ നഗരമായ കോണ്‍വേയിലാണ് സംഭവം. നഗരത്തില ഒരു ബാങ്കിന്‍റെ എടിഎം കൊള്ള ചെയ്യാന്‍ മോഷ്ടാക്കള്‍ ഉപയോഗിച്ചത് ഈ ഫോര്‍ക്ക് ലിഫ്റ്റാണ്. എങ്ങനെയെന്നല്ലേ? വാഹനവുമായി എടിഎം കൌണ്ടറിനു വെളിയിലെത്തിയ മോഷ്ടാക്കള്‍ വാഹനം ഉപയോഗിച്ച് എടിഎം മെഷീന്‍ കോരിയെടുത്തങ്ങ് പോയി.വാഹനത്തിന്‍റെ മുന്‍ഭാഗം മെഷീന്‍ സ്ഥാപിച്ച മുറിയിലേക്ക്നീളുന്നതും മെഷീന്‍ ഇളക്കിയെടുത്ത് പിന്നോട്ട് വലിയുന്നതുമൊക്കെ സിസിടിവിയില് പതിഞ്ഞിട്ടുണ്ട്. വാഹനം പിന്നോട്ടെടുത്ത് ഓടിച്ചു പോകുന്നതും കാണാം. എന്നാല്‍ മോഷ്ടാക്കളെയൊട്ട് കാണാനുമില്ല. വീഡിയോ ദൃശ്യങ്ങള്‍ വൈറലായിക്കഴിഞ്ഞു. എന്തായാലും സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.