അമിതവേഗത റോഡപകടങ്ങളുടെ പ്രധാന കാരണങ്ങളില്‍ ഒന്നാകുമ്പോള്‍ ഒരു മോട്ടോര്‍ പ്രദര്‍ശനത്തില്‍ ശ്രദ്ധേയസാനിധ്യമാകുകയാണ് 19 ആം നൂറ്റാണ്ടിലെ ഒരു കാര്‍. ലോകത്ത് ആദ്യമായി അമിത വേഗതയ്ക്ക് പിടികൂടിയ കാറാണ് കണ്‍കേഴ്‌സ് ഓഫ് എലഗന്‍സ് എന്ന മോട്ടോര്‍ ഷോയില്‍ താരമാകുന്നത്. 1896 ല്‍ ബ്രിട്ടണിലാണ് ലോകത്ത് ആദ്യമായി അമിതവേഗതയ്ക്ക് ഒരു കാറിനെ പിടികൂടുന്നത്.

മണിക്കൂറില്‍ 13 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ചതിനാണ് 1896ല്‍ ഈ ബെന്‍സ് മോട്ടോര്‍ കാരെയ്ജിനെ പൊലീസ് പിടിക്കുന്നത്. 3.2 കിലോമീറ്ററായിരുന്നു അക്കാലത്തെ വേഗപരിധി. ഈ വേഗപരിധിയുടെ നാല് മടങ്ങ് വേഗതയിലാണ് കാര്‍ സഞ്ചരിച്ചത്. കെന്റ് പ്രദേശത്തേക്ക് കാറില്‍ അമിതവേഗതയില്‍ കുതിച്ച ഡ്രൈവര്‍ വാള്‍ട്ടര്‍ അര്‍നോള്‍ഡിനെ പൊലീസ് സൈക്കിളില്‍ പിന്തുടര്‍ന്നാണത്രെ പിടികൂടിയത്.

അമിത വേഗതയില്‍ വാഹനം ഓടിച്ചതിന് ഒരു ഷില്ലിംഗ് (0.62 രൂപ)യാണ് വാള്‍ട്ടര്‍ അര്‍നോള്‍ഡിന് അന്ന് പിഴ ചുമത്തിയത്. മണിക്കൂറില്‍ 3.2 കിലോമീറ്റര്‍ എന്ന വേഗ പരിധി ലംഘിച്ചതും കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണി ഉയര്‍ത്തിയതുമാണ് വാള്‍ട്ടര്‍ അര്‍നോള്‍ഡിന് എതിരെ ചുമത്തിയ കുറ്റങ്ങള്‍.

മണിക്കൂറില്‍ 3 കിലോമീറ്റര്‍ വേഗപരിധി എന്നത് പിന്നീട് 22.5 കിലോമീറ്ററായി പുന:ക്രമീകരിച്ചു. പിന്നാലെ ലണ്ടന്‍ മുതല്‍ ബ്രൈട്ടണ്‍ വരെ വാള്‍ട്ടര്‍ അര്‍നോള്‍ഡ് കാറില്‍ യാത്ര നടത്തിയതും ആദ്യമായി ബെന്‍സ് കാര്‍ വില്‍ക്കാനുള്ള ലൈസന്‍സ് സ്വന്തമാക്കിയവരുടെ പട്ടികയില്‍ വാള്‍ട്ടര്‍ അര്‍നോള്‍ഡുമുണ്ട് എന്നതും ചരിത്രം. വാള്‍ട്ടര്‍ അര്‍നോള്‍ഡ് അന്ന് നടത്തിയ യാത്രയുടെ സ്മരണ പുതുക്കി ഇന്നും റോയല്‍ ഓട്ടോമൊബൈല്‍ ക്ലബ് വാര്‍ഷിക വെറ്ററന്‍ കാര്‍ റണ്‍ സംഘടിപ്പിക്കുന്നുണ്ട്. 1905 ന് മുമ്പുള്ള കാറുകളെ മാത്രമാണ് ഈ റാലിയില്‍ പങ്കെടുപ്പിക്കുന്നത്.

ഹാംടണ്‍ കൊട്ടാരത്തില്‍ നടക്കാനിരിക്കുന്ന മോട്ടോര്‍ ഷോയില്‍ ലോകത്ത് ആദ്യമായി അമിത വേഗതയ്ക്ക് പിഴചുമത്തിയ ഈ ബെന്‍സ് മോട്ടോര്‍ കാര്‍ പ്രദര്‍ശനത്തിന് എത്തുമ്പോള്‍ ലോകത്തെ വാഹനചരിത്രത്തിലെ അപൂര്‍വ്വ കാഴ്ചയ്ക്കാവും വേദിയൊരുങ്ങുക.