പലതരം പ്രേത കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. വാഹനത്തിന്‍റെ രൂപത്തിലുള്ള പ്രേതകഥകളൊക്കെ ഹോളിവുഡ് സിനിമകളിലൊക്കെ മാത്രമേ നമ്മള്‍ കണ്ടിട്ടുള്ളൂ. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് അത്തരം ഒരു പ്രേത കാറിന്‍റെ വീഡിയോ. പൊടുന്നനെ റോഡില്‍ പ്രത്യക്ഷപ്പെട്ട അത്തരം ഒരു കാറിനെ ഇടിച്ചു തെറിപ്പിക്കുന്ന ബിഎംഡബ്ലിയുവിന്‍റെ വീഡിയോ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

സിംഗപ്പൂരിലാണ് സംഭവം. റോഡിലെ ട്രാഫിക് സിഗ്നലില്‍ നിന്നും മുന്നോട്ടു നീങ്ങുന്ന വെളുത്ത നിറത്തിലുള്ള ബിഎംഡബ്ലിയു 6 സീരീസ് കാറിന്‍റെ ദൃശ്യങ്ങള്‍ മറ്റൊരു കാറിന്‍റെ ഡാഷ് ക്യാമറയിലാണ് പതിഞ്ഞത്. സിഗ്നല്‍ കിട്ടി, അവസാന വാഹനവും കടന്നു പോയ ശേഷം മറ്റുവാഹനങ്ങള്‍ ഒന്നുമില്ലെന്ന് ഉറപ്പു വരുത്തി വലത്തേക്ക് തിരിയുന്ന ബിഎംഡബ്ലിയുവാണ് വീഡിയോയില്‍. പൊടുന്നനെയാണ് എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ഒരു ചെറുകാര്‍ ശൂന്യതയില്‍ നിന്നെന്ന വണ്ണം റോഡില്‍ പ്രത്യക്ഷപ്പെടുന്നത്. ഈ കാറില്‍ ഇടിച്ച് ബിഎംഡബ്ലിയു നില്‍ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

എന്നാല്‍ ഇത് വെറും ഒപ്റ്റിക്കല്‍ ഇല്ല്യൂഷനാണെന്ന് തുടര്‍ച്ചയായി വീഡിയോ കണ്ടാല്‍ മനസിലാകും. ഡാഷ് ക്യാമറയില്‍ ഈ ചെറുകാറിനെ കാണാത്തതാണ്. വീഡിയോയുടെ ഒമ്പതാം സെക്കന്‍ഡ് മുതല്‍ സൂക്ഷിച്ചു നോക്കൂ. ബിഎംഡബ്ലിയുവിന്‍റെ ടോപ്പിനു മുകളിലൂടെ ആ ചെറുകാറിന്‍റെ മുകള്‍ വശം ചെറുതായി കാണാനാകും. പ്രേതമാണോ അല്ലയോ എന്ന് വീഡിയോ ഒന്നു കണ്ടു നോക്കി നിങ്ങള്‍ക്കും തീരുമാനിക്കാം.