പ്രതിമാസ വിൽപ്പന റെനോ ക്വിഡിനെ പിന്തള്ളി ടിയാഗൊ

പ്രതിമാസ വിൽപ്പനയിൽ ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുടെ ചെറുഹാച്ച്ബാക്ക് ക്വിഡിനെ പിന്തള്ളി ടാറ്റയുടെ ജനപ്രിയ ഹാച്ച്ബാക്ക് ടിയാഗൊ. ഏപ്രിലിൽ 7,071 ടിയാഗോയാണ് ടാറ്റ വിറ്റത്. എന്നാല്‍ ക്വിഡിന്റെ വിൽപ്പന 5,792 യൂണിറ്റിൽ ഒതുങ്ങി.

2016 ഏപ്രിൽ ആറിനു നിരത്തിലെത്തിയ ടിയാഗോ ഇന്ന് ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന ടാറ്റ കാറാണ്. പെട്രോള്‍-ഡീസല്‍ പതിപ്പുകളില്‍ അഞ്ച് വേരിയന്റുകളാണ് ടിയാഗോയ്ക്കുള്ളത്. 6000 ആര്‍പിഎമ്മില്‍ 83 ബിഎച്ച്പി കരുത്തും 3500 ആര്‍പിഎമ്മില്‍ 114 എന്‍എം ടോര്‍ക്കുമുള്ളതാണ് ടിയാഗോയുടെ 1.2 ലിറ്റര്‍ റിവോട്രേണ്‍ പെട്രോള്‍ എൻജിൻ. 4000 ആര്‍പിഎമ്മില്‍ 67 ബിഎച്ച്പി കരുത്തും 1800-3000 ആര്‍പിഎമ്മില്‍ 140 എന്‍എം ടോര്‍ക്കുമാണ് 1.5 ലിറ്റര്‍ റിവോടോര്‍ക്ക് ഡീസല്‍ എൻജിൻ നല്‍കുന്നത്.

രണ്ട് എൻജിനുകളിലും 5 സ്പീഡ് മാനുവല്‍ ഗീയര്‍ബോക്‌സാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പെട്രോൾ ലീറ്ററിന് 23.48 കിലോമീറ്ററും ഡീസൽ ലീറ്ററിന് 27.28 കിലോമീറ്ററുമാണ് ടിയാഗൊയ്ക്കു ടാറ്റ മോട്ടോഴ്സ് വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.