മെട്രോയില്‍ ടിക്കറ്റ് രഹിത സംവിധാനം വരുന്നു

First Published 2, Apr 2018, 4:54 PM IST
Ticketless system for Kochi Metro
Highlights
  • മെട്രോയില്‍ ടിക്കറ്റ് രഹിത സംവിധാനം വരുന്നു
  • വിനോദ സഞ്ചാരികൾ ഉൾപ്പെടെയുള്ളവരെ മെട്രോ യാത്രക്ക് പ്രേരിപ്പിക്കുക ലക്ഷ്യം

മെട്രോ യാത്രക്കാർക്ക് പുതിയ സൗകര്യങ്ങൾ ഒരുക്കി കെഎംആർഎൽ. യാത്ര നിരക്കിൽ ഇളവും ടിക്കറ്റ് രഹിത യാത്രാ സംവിധാനവും നടപ്പിലാക്കാനാണ് തീരുമാനം. വിനോദ സഞ്ചാരികൾ ഉൾപ്പെടെയുള്ളവരെ മെട്രോ യാത്രക്ക് പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനങ്ങൾ നടപ്പിലാക്കുന്നത്.

ടൂറിസ്റ്റുകൾക്കു കുറഞ്ഞ നിരക്കിൽ മെട്രോ സൗകര്യം ഉപയോഗപ്പെടുത്താൻ യാത്ര കാർഡുകൾ അവതരിപ്പിക്കാനാണ് തീരുമാനം. കാർഡ് എടുക്കുന്നവർക്ക് ഒരു ദിവസം എത്ര തവണ വേണമെങ്കിലും കുറഞ്ഞ നിരക്കിൽ മെട്രോയിൽ യാത്ര ചെയ്യാനാകും. ഒരു ദിവസം, ഒരാഴ്ച്ച, ഒരു മാസം എന്നിങ്ങനെ കാലാവധിയുള്ള കാർഡുകൾ ലഭ്യമാക്കും.

ഇത് കൂടാതെ സ്ഥിരം യാത്രക്കാർക്കായി ടിക്കറ്റ് രഹിത യാത്ര സംവിധാനം കൊണ്ടുവരാനും കെഎംആർഎൽ  തീരുമാനിച്ചിട്ടുണ്ട്. നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ (Near Field Communication) സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്ന ഈ സംവിധാനം സ്റ്റേഷനിൽ നിന്ന് ടിക്കറ്റ് എടുക്കാതെ മെട്രോയിൽ യാത്ര ചെയ്യാനുള്ള സൗകര്യമാണ് ലഭ്യമാക്കുന്നത്.

മെട്രോ കൂടാതെ അനുബന്ധ സംവിധാനങ്ങളായ ബസ്സുകളിലും ബോട്ടുകളിലും ഇത്  ഉപയോഗപ്പെടുത്താനാകും. നിങ്ങളുടെ കയ്യിലുള്ള സ്മാർട്ട് ഫോണോ ടാബോ ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവർത്തിപ്പിക്കുന്നത്.

രണ്ടു ഇലക്ട്രോണിക് ഉപകരണങ്ങൾ തമ്മിൽ കാന്തിക തരംഗങ്ങൾ ഉപയോഗിച്ച് ആശയ വിനിമയം സാധ്യമാക്കുന്ന സംവിധാനം ആണ് നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ സാങ്കേതിക വിദ്യ. രണ്ടു ഉപകരണങ്ങളിൽ ഒന്ന് മൊബൈൽ ഫോണോ ടാബോ ആകാം. മെട്രോ സ്റ്റേഷനിലോ ഫീഡർ സർവീസുകളിലോ രണ്ടാമത്തെ ഉപകരണം ഘടിപ്പിച്ചിരിക്കും. സ്ഥിരമായി ഘടിപ്പിച്ചിട്ടുള്ള ഉപകരണത്തിന്റെ നാലു സെന്റിമീറ്റർ അകലത്തിൽ മൊബൈൽഫോണോ ടാബോ കൊണ്ട് ചെന്നാൽ ആശയ വിനിമയം സാധ്യമാകും.

ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചും ഇന്റർനെറ്റ് ബാങ്കിങ് വഴിയും ടിക്കറ്റ് തുക നൽകുവാൻ ഈ സംവിധാനത്തിലൂടെ സാധിക്കും. ടിക്കറ്റ് എടുക്കുന്നതിനുള്ള സമയ നഷ്ടം ഒഴിവാക്കാം എന്നതാണ് ഇതിന്റെ ഗുണം.

റുപേയുമായി സഹകരിച്ചാണ് ഡിസ്‌കൗണ്ട് നിരക്കിൽ യാത്ര ചെയ്യാനുള്ള കാർഡുകൾ കെഎംആർഎൽ  പുറത്തിറക്കുക. ആർബിഐ മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ ഇത്തരത്തിലുള്ള കാർഡുകൾ പുറത്തിറക്കാൻ സാധിക്കുകയുള്ളു. ഇതിനുള്ള സോഫ്റ്റ് വെയർ ആക്സിസ് ബാങ്കുമായി സഹകരിച്ചു പരീക്ഷണം നടത്തി കഴിഞ്ഞു. എങ്കിലും കാർഡ് ഇറക്കുന്നതിനു ഇനിയും അഞ്ച് മാസം എങ്കിലും വേണ്ടിവരും എന്ന് കെഎംആർഎൽ പ്രതിനിധികൾ അറിയിച്ചു.

ഫീഡർ ബസുകളിൽ ജിപിഎസ് സംവിധാനം ഘടിപ്പിക്കേണ്ടതുണ്ട്. മെട്രോ സ്റ്റേഷനുകളിലും ഫീഡർ ബസുകളിലും ബോട്ടുകളിലും റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (Radio-Frequency Identification) സംവിധാനം ഘടിപ്പിക്കുന്നതിനും സമയം ആവശ്യമാണ്. ഇത് കൂടാതെ കൊച്ചി-1 ജേർണി പ്ലാനർ ആപ്പ് കൂടി പുറത്തിറക്കാൻ കെഎംആർഎൽ  ആലോചിക്കുന്നുണ്ട്.

ഡിസ്‌കൗണ്ട് കാർഡുകൾക്കു പുറമെ സ്ഥിരം യാത്രക്കാർക്കായി സീസൺ ടിക്കറ്റ് സംവിധാനം കൊണ്ടുവരാനും മെട്രോ ആലോചിക്കുന്നുണ്ട്. ഇപ്പോൾ നിലവിലുള്ള കൊച്ചി-1 കാർഡുകളിൽ തന്നെ ഈ സംവിധാനം നടപ്പിലാക്കാനാണ് തീരുമാനം. കൊച്ചി-1  കാർഡ് ഉപയോഗിച്ച് നിശ്ചിത തവണയിൽ കൂടുതൽ യാത്ര ചെയ്യുന്നവർക്ക് ഇപ്പോഴുള്ള ഇരുപതു ശതമാനത്തിൽ കൂടുതൽ ഡിസ്‌കൗണ്ട് ലഭ്യമാക്കാനാണ് തീരുമാനം. ഇതുവഴി യാത്രക്കാരുടെ എന്നതിൽ വർധനവുണ്ടാകും എന്നാണ് കെഎംആർഎല്ലിന്റെ കണക്കു കൂട്ടൽ.

ഒരു മാസത്തേക്കുള്ള പാസ്സ് വിതരണം ചെയ്യുന്നതിലെ കാലതാമസം കണക്കിലെടുത്താണ് ട്രിപ്പ് കാർഡുകൾ കൊണ്ടുവരാൻ കെഎംആർഎൽ ആലോചിക്കുന്നത്. ജനുവരിയിൽ അവതരിപ്പിക്കും എന്നറിയിച്ചിരുന്ന പാസ്സ് ഉപയോഗിച്ചു 60 ട്രിപ്പുകൾ നടത്തുന്നവർക്ക് 40% ഡിസ്‌കൗണ്ട് ലഭ്യമാക്കും എന്നാണ് കമ്പനി അറിയിച്ചിരുന്നത്. യാത്രക്കാർക്ക് പാർക്കിങ് ഫീസിലും ഡിസ്‌കൗണ്ട് ലഭ്യമാക്കാൻ ആയിരുന്നു തീരുമാനം.

നവംബർ മാസത്തിൽ നടപ്പാക്കിയ ഫ്രീ റിട്ടേൺ ടിക്കറ്റ് സൗകര്യം വാൻ വിജയമായതിനെ തുടർന്നാണ് ഒരു മാസത്തേക്കുള്ള പാസുകൾ കൊണ്ടുവരാൻ കമ്പനി ആലോചിച്ചത്. എന്നാൽ ഇതിനായി ഈടാക്കാൻ ഉദ്ദേശിക്കുന്ന തുക വളരെ അധികമാണെന്ന് ഒരു ആക്ഷേപവും നിലവിലുണ്ട്. കൊച്ചി-1 കാർഡ് വാങ്ങുന്നതിനായി 150 രൂപ വിതരണത്തിനുള്ള ചാർജ് ആയും, 75 രൂപ വാർഷിക ഫീ ആയും നല്കുന്നതിനു പുറമെ ഓരോ തവണ പണം നിറക്കുന്നതിനു 12 രൂപ വീതം നൽകേണ്ടതായ് വരും എന്നതാണ് ആരോപണം. ആക്സിസ് ബാങ്കിൽ നിന്ന് മാത്രമേ കാർഡ് ലഭിക്കു എന്നതും ഒരു പോരായ്മയായി യാത്രക്കാർ ചൂണ്ടി കാട്ടുന്നു.

എന്നാൽ ടെൻഡർ നടപടികളിലൂടെയാണ് ആക്സിസ് ബാങ്ക് കാർഡ് കൊടുക്കുന്നതിനുള്ള അവകാശം സ്വന്തമാക്കിയതെന്നും മെട്രോ യാത്രക്ക് പുറമെ മറ്റു പല കാര്യങ്ങൾക്കും ഒരു ഡെബിറ്റ് കാർഡ് പോലെ കൊച്ചി-1 കാർഡ് ഉപയോഗിക്കാമെന്നും കെഎംആർഎൽ പ്രതിനിധി പറഞ്ഞു.

loader