റോഡ് മുറിച്ചു കടക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പലരും പലപ്പോഴും മറന്നു പോകുകയാണ് പതിവ്. വന്‍ദുരന്തങ്ങളായിരിക്കും ഒരു നിമിഷത്തെ ആ അശ്രദ്ധ വരുത്തി വയ്‍ക്കുന്നത്. സ്‍കൂട്ടറില്‍ മെയിന്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ കഴിഞ്ഞ ദിവസം ഒരു വീട്ടമ്മക്ക് പറ്റിയ ഞെട്ടിക്കുന്ന അപകടത്തിന്‍റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

തമിഴ്നാട്ടിലെ നാമക്കലിലാണ് സംഭവം. സ്കൂട്ടറിൽ റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ച ഒരു യുവതിയെ പാഞ്ഞെത്തിയ ഒരു കാര്‍ ഇടിച്ചു തെറിപ്പിക്കുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഈ വീഡിയോയില്‍ ഉള്ളത്. അപകടം നടന്ന സ്ഥലത്തെ വ്യാപാര സമുച്ചയത്തിന്റെ സിസിടിവി ക്യാമറയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞിരിക്കുന്നത്.

സ്കൂട്ടറിൽ‌ എത്തിയ യുവതി റോഡ് ക്രോസ് ചെയ്യാൻ ശ്രമിക്കുന്നതിന് മുൻപ് ഇരുവശങ്ങളിലേക്കും നോക്കുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ വേഗത്തിൽ വരുന്ന കാർ ശ്രദ്ധിക്കാത്തതോ, അതോ കാർ എത്തുന്നതിന് മുന്നേ അപ്പുറം കടക്കാൻ ശ്രമിച്ചതോ എന്നു വ്യക്തമല്ല. എന്തായാലും കാർ ഇടിച്ച് തെറിപ്പിച്ച യുവതി അന്തരീക്ഷത്തില്‍ ഉയര്‍ന്നു പൊങ്ങി റോഢിലേക്ക് വീഴുന്ന നടുക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍. സാരമായി പരിക്കുകളേറ്റ യുവതി ആശുപത്രിയിൽ അപകടനില തരണം ചെയ്തെന്നാണ് റിപ്പോർട്ടുകൾ.