പലതരം വാഹന മോഡിഫിക്കേഷനുകളുണ്ട്. പലതും വാഹനപ്രേമികളെ അമ്പരപ്പിച്ചിട്ടുമുണ്ട്. ടൊയോട്ട ഫോര്‍ച്യൂണര്‍ ജീപ്പായി മാറുന്നതും ബജാജ് ഡൊമിനര്‍ 17 ലക്ഷത്തിന്‍റെ ഹയബൂസ സൂപ്പര്‍ ബൈക്കായി മാറുന്നതും മാരുതി 800 മഹീന്ദ്ര ഥാറും ബൈക്കുമൊക്കെയാകുന്നതും നമ്മള്‍ കണ്ടതാണ്. എന്നാല്‍ ഇപ്പോള്‍ ഇന്തോനേഷ്യയിലെ ചിലര്‍ നടത്തിയ ഈ മോഡിഫിക്കേഷന്‍ വിദഗ്ദരായ വാഹന എഞ്ചിനീയര്‍മാരെയും ഡിസൈനര്‍മാരെയുമൊക്കെ ഒരു പോലെ അമ്പരപ്പിക്കും. ടൊയോട്ട ഇന്നോവയുടെ എഞ്ചിന്‍ ഘടിപ്പിച്ചൊരു ബൈക്കാണ് ഈ അദ്ഭുതം. 

ബോക്കർ കസ്റ്റംസ് എന്ന യൂട്യൂബ് ചാനല്‍ പുറത്തുവിട്ട ഈ അദ്ഭുത ബൈക്കിന്‍റെ വീഡിയോ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍മീഡിയയിലും യൂടൂബിലുമൊക്കെ വൈറലാണ്. ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ജനപ്രിയ എംപിവി ഇന്നോവയുടെ ഹൃദയമാണ് ഈ ബൈക്കിലും തുടക്കുന്നത്. ഇന്നോവയുടെ ഇന്തോനേഷ്യൻ വകഭേദത്തിൽ ഉപയോഗിക്കുന്ന 2 ലീറ്റർ പെട്രോൾ എൻജിനാണ് ബൈക്കിന്‍റെ ഹൃദയം. 137 ബിഎച്ച്പി കരുത്തും 180 എൻഎം ടോർക്കും ഈ എൻജിന്‍ സൃഷ്‍ടിക്കും. ആറു സ്പീഡ് ഓട്ടമാറ്റിക്കാണ് ട്രാൻസ്മിഷാന്‍. 

ഇന്നോവയുടെ എന്‍ജിനുമായി സഞ്ചരിക്കുന്നതിന് പ്രത്യേകം ഡിസൈന്‍ ചെയ്തതാണ് സിംഗിള്‍ സീറ്ററായ ഈ ബൈക്ക്.   കഫേ റേസർ സ്റ്റൈലിലാണ് ഡിസൈന്‍.  വലിയ ഷാസിയാണ് ബൈക്കിന്‍റെ മറ്റൊരു പ്രത്യേകത. വലിയ എൻജിൻ ഘടിപ്പിക്കാനാണ് ബൈക്കിന്‍റെ വലിപ്പം കൂട്ടിയത്. എൻജിന്റേയും പിൻടയറിന്റേയും ഇടയിലാണ് ട്രാൻസ്മിഷന്‍. സാധരണ ബൈക്കുകളുടെ ഇരട്ടി വീല്‍ബെയ്‌സുള്ള ബൈക്കിന് എല്‍ഇഡി ഹെഡ്‌ലാംപും എല്‍ഇഡി ടെയില്‍ ലാംപുമൊക്കെ നല്‍കിയിട്ടുണ്ട്. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളും ഇലക്ട്രിക് സ്റ്റാര്‍ട്ടറുമൊക്കെ ഉപയോഗിച്ചിട്ടുണ്ട്.

2004ല്‍ ഇന്തോനേഷ്യന്‍ വിപണിയിലാണ് ഇന്നോവയെ ആദ്യമായി അവതരിപ്പിക്കുന്നത്. തുടര്‍ന്ന് 12 വേരിയന്‍റുകളിലാണ് ആദ്യതലമുറ ഇന്നോവ ഇന്ത്യന്‍ വിപണിയിലെത്തിയത്. എന്തായാലും വാഹനപ്രേമികളുടെ ഇടയില്‍ തരംഗമാകുന്ന ഈ കിടിലന്‍ ബൈക്കിന് ഏറ്റവും വലിയൊരു പ്രത്യേകത കൂടിയുണ്ട്. പൂര്‍ണമായും കൈകൊണ്ട് നിര്‍മിച്ചതാണ് ഈ ഇന്നോവ ബൈക്ക്.