ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട തങ്ങളുടെ ആദ്യത്തെ സബ് കോംപാക്റ്റ് എസ്‍യുവി റൈസിനെ ശ്രീലങ്കന്‍ വിപണിയില്‍ അവതരിപ്പിച്ചു. 2019 ടോക്കിയോ മോട്ടോര്‍ ഷോയിലാണ് വാഹനത്തെ ആദ്യം അവതരിപ്പിക്കുന്നത്. 

രണ്ടാം തലമുറ ഡൈഹത്സു റോക്കിയുടെ ബാഡ്‍ഡ് എഞ്ചിനീയറിംഗ് പതിപ്പിനെ അടിസ്ഥാനമാക്കിയാണ് റൈസിന്റെ അവതരണം. 996 സിസി മൂന്ന് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 98 bhp കരുത്തും 140 Nm ടോർക്കും ഉത്പാദിപ്പിക്കും. CVT ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. ജാപ്പനീസ്-സ്‌പെക്ക് റൈസില്‍ ഓപ്ഷണലായി ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനവും ടൊയോട്ട വാഗ്ദാനം ചെയ്യുന്നു.

ഫ്രണ്ട്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ആറ് എയര്‍ബാഗുകള്‍, എബിഎസ് വിത്ത് ഇബിഡി, ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിംഗ് സിസ്റ്റം, ട്രാക്ഷന്‍ കണ്‍ട്രോള്‍, സ്റ്റാറ്റിക് ബെന്‍ഡിംഗ് ഫംഗ്ഷനോടുകൂടിയ അഡാപ്റ്റീവ് ഓട്ടോമാറ്റിക് ഹെഡ്ലാമ്പുകള്‍, ഓട്ടോണമസ് ബ്രേക്കിംഗ്, 360 ഡിഗ്രി ക്യാമറയും റിയര്‍ ക്രോസ് ട്രാഫിക് അലേര്‍ട്ടും വാഹനത്തിന്റെ ഫീച്ചറുകളാണ്.

3,995 mm നീളവും 1,695 mm വീതിയും 2,525 mm വീല്‍ബേസും 1,620 mm ഉയരവുമുണ്ട് വാഹനത്തിന്. അതായത് ഹ്യുണ്ടായി വെന്യു, മാരുതി സുസുക്കി വിറ്റാര ബ്രെസ, മഹീന്ദ്ര XUV300, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട്, ടാറ്റ നെക്‌സോണ്‍ എന്നിവയുള്‍പ്പെടെയുള്ള ഇന്ത്യന്‍ കോംപാക്റ്റ് എസ്‍യുവികളുടെ അതേ വലുപ്പം. പക്ഷേ റൈസ് ഇന്ത്യയിലേക്ക് എത്തില്ലെന്നാണ് റിപ്പോർട്ട്.