അമ്പരപ്പിക്കുന്ന ബുക്കിംഗുമായി ടൊയോട്ട യാരിസ് അയ്യായിരം കടന്നു

മിഡ്​ സൈസ്​ സെഡാൻ സെഗ്​മെന്‍റിൽ ഹോണ്ട സിറ്റിക്കും മാരുതി സിയാസിനും വെല്ലുവിളിയുമായെത്തിയ ​ടൊയോട്ട യാരിസിന് മികച്ച ബുക്കിംഗ്. മെയ് 18ന് വിപണിയിലെത്തിയ വാഹനത്തിന്‍റെ ബുക്കിംഗ് അയ്യായിരം കടന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ മുതല്‍ വാഹനത്തിന്‍റെ പ്രീം ബുക്കിംഗ് കമ്പനി ആരംഭിച്ചിരുന്നു.

പതിനാലാമത്​ ദില്ലി ഓട്ടോ എക്​​സ്​പോയില്‍ അവതരിപ്പിക്കപ്പെട്ട വാഹനം 1.5 ലിറ്റര്‍ ഡ്യൂവല്‍ VVTi പെട്രോള്‍ എഞ്ചിനിലാണ് എത്തുന്നത്. 107 bhp കരുത്തും 140 Nm ടോര്‍ഖും ഈ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കും. വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റും ശൈലി തിരിച്ചറിഞ്ഞ പ്രവര്‍ത്തിക്കുന്ന ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവുമാണ് യാരിസിന്റെ പ്രധാന ഫീച്ചറുകളിലുള്ളത്.

ആറു സ്പീഡ് മാനുവല്‍, ഏഴു സ്പീഡ് സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളെ തെരഞ്ഞെടുക്കാം. സുരക്ഷയ്ക്കായി ഏഴു എയര്‍ബാഗുകളുണ്ട്. ഫാന്റം ബ്രൗണ്‍, വൈല്‍ഡ്ഫയര്‍ റെഡ്, ഗ്രെയ് മെറ്റാലിക്, സില്‍വര്‍ മെറ്റാലിക്, പേള്‍ വൈറ്റ്, സൂപ്പര്‍ വൈറ്റ് എന്നീ ആറു നിറങ്ങളിലാണ് വാഹനം ഒരുങ്ങുന്നത്.

J, G, V, VX എന്നീ നാലുവകഭേദങ്ങളിലും മാനുവല്‍, സിവിടി പതിപ്പുകളിലും (MT, CVT) യാരിസ് ലഭിക്കും. പ്രാരംഭ മോഡലായ യാരിസ് J MT വകഭേദത്തിന്റെ വില 8.75 ലക്ഷം രൂപയും യാരിസ് J സിവിടി പതിപ്പിന്റെ പ്രൈസ്ടാഗ് 9.95 ലക്ഷം രൂപയുമാണ്. യഥാക്രമം 10.56 ലക്ഷം, 11.70 ലക്ഷം, 12.85 ലക്ഷം രൂപ പ്രൈസ്ടാഗുകളിലാണ് G, V, VX മാനുവല്‍ വകഭേദങ്ങള്‍ വിപണിയില്‍ എത്തുക. 11.76 ലക്ഷം, 12.90 ലക്ഷം, 14.07 ലക്ഷം രൂപ പ്രൈസ്ടാഗിലാണ് G, V, VX ഓട്ടോമാറ്റിക് വകഭേദങ്ങള്‍ എത്തുന്നത്.

നിലവിലെ ബുക്കിംഗ് നില അനുസരിച്ച് വാഹനം കിട്ടണമെങ്കില്‍ ബുക്ക് ചെയ്ത് രണ്ട് മാസമെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.