ഓരോ ദിവസവും റോഡുകളില്‍ വാഹനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതാണ് സമകാലിക സമൂഹത്തിലെ പതിവു കാഴ്ചയാണ്. എന്നാല്‍ വാഹന ഉപയോഗം ഉണ്ടാക്കുന്ന മലിനീകരണത്തെക്കുറിച്ചും അതുണ്ടാക്കുന്ന ആരോഗ്യപ്രശ്​നങ്ങളെക്കുറിച്ചും ഭൂരിഭാഗം പേരും ബോധവാൻമാരല്ല. ഇതേക്കുറിച്ച് നിരവധി പഠനങ്ങള്‍ പുറത്തു വന്നിട്ടുണ്ടങ്കിലും നമ്മള്‍ പലപ്പോഴും ബോധപൂര്‍വ്വമോ അല്ലാതെയോ അതൊക്കെ വിസ്‍മരിക്കാറാണ് പതിവ്. ഇപ്പോള്‍ ഇതാ അത്തരം ഞെട്ടിപ്പിക്കുന്ന ഒരു പഠനറിപ്പോര്‍ട്ട് കൂടി പുറത്തു വന്നിരിക്കുന്നു.

ഗര്‍ഭിണികളില്‍ വാഹനങ്ങള്‍ സൃഷ്​ടിക്കുന്ന അന്തരീക്ഷ മലിനീകരണം തൂക്കം കുറഞ്ഞ കുഞ്ഞിന്​ ജൻമം നൽകുന്നതിനിടയാക്കുമെന്ന്​ ലണ്ടനിൽ നിന്നുള്ള പുതിയ പഠനം തെളിയിക്കുന്നത്. ലണ്ടൻ ഇംപീരിയൽ കോളജ്​, കിങ്​സ്​ കോളജ്​ ലണ്ടൻ, യൂണിവേഴ്​സിറ്റി ഓഫ്​ ലണ്ടൻ എന്നിവിടങ്ങളിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

വാഹനങ്ങൾ ഉണ്ടാക്കുന്ന വായു മലിനീകരണം ഭ്രൂണവളർച്ച​യെ ബാധിക്കുന്നതായി പഠനം പറയുന്നു. ജൻമനാ തൂക്കം കുറഞ്ഞ കുട്ടികൾ പെ​ട്ടെന്ന്​ രോഗബാധിതരാകും. പലതരം രോഗങ്ങൾക്ക്​ ഇരയാകുന്ന കുഞ്ഞുങ്ങളുടെ അതിജീവന സാധ്യതയും കുറവാണ്. ഗർഭിണിയായിരിക്കു​മ്പോൾ മാതാവ്​ താമസിച്ചിരുന്നത്​ എവിടെയെന്നും മലിനമാക്കപ്പെട്ട വായുവുമായുള്ള ഇവരുടെ സമ്പർക്കവും വിശകലനം ചെയ്​താണ്​ നിഗമനത്തിലെത്തിയത്​. 6,71,501 ഓളം നവജാത ശിശുക്കളിലാണ്​ സംഘം പഠനം നടത്തിയത്​. 

ലോകാരോഗ്യ സംഘടനയുടെ കണക്ക്​ പ്രകാരം 2.500 കിലോഗ്രാമിൽ കുറഞ്ഞ ഭാരത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക്​ തൂക്കക്കുറവുണ്ട്​. തൂക്കക്കുറവ്​ ആഗോളതലത്തിൽ തന്നെ ​പൊതു ആരോഗ്യ പ്രശ്​നമായാണ്​ കരുതുന്നത്​. ഇത്തരത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങൾ ദീർഘകാലം നീണ്ടു നിൽക്കുന്ന ആരോഗ്യ പ്രശ്​നങ്ങൾ അഭിമുഖീകരിക്കേണ്ടി വരും. ഓരോ വർഷവും ജനിക്കുന്ന 20 മില്യൺ കുഞ്ഞുങ്ങളിൽ 15 മുതൽ 20 ശതമാനവും തൂക്കക്കുറവ്​ അനുഭവിക്കുന്നുണ്ടന്നാണ് കണക്ക്.