ദില്ലി: വിമാനയാത്രക്കിടെ ഇൻറർനെറ്റ് ഉപയോഗിക്കുന്നത് സംബന്ധിച്ച മാർഗനിർദേശങ്ങളുമായി ട്രായ്. ഉപഗ്രഹ-ഭൗമ നെറ്റ്വർക്ക് വഴി ഈ സേവനങ്ങൾ നൽകാനാണ് ശുപാർശ. വൈ-ഫൈയുടെ സഹായത്തോടെയായിരിക്കും വിമാനങ്ങളിൽ ഇൻറർനെറ്റ് സേവനം ലഭ്യമാക്കുക. 3000 മീറ്റർ ഉയരത്തിന് മുകളിൽ വിമാനം എത്തിയാൽ മാത്രമേ ഇൻറർനെറ്റ് ഉപയോഗിക്കാനാവു. നേരത്തെ വിഷയത്തിൽ ട്രായിയുടെ അഭിപ്രായം ടെലികോം മന്ത്രാലയം തേടിയിരുന്നു.
യാത്രികരുടെ വ്യക്തിഗത ഇലക്ട്രോണിക് ഉപകരണങ്ങളിലായിരിക്കും ഇൻറർനെറ്റ് ലഭ്യമാകുക. സേവനം ഉപയോഗിക്കുന്ന ഉപകരണങ്ങൾ എയർപ്ലെയിൻ മോഡിലായിരിക്കണമെന്ന നിർദേശവും ട്രായ് മുന്നോട്ട് വെച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച അറിയിപ്പും വിമാനത്തിൽ നൽകണം. ഇൻറർനെറ്റ് സൗകര്യത്തിൽ തടസമുണ്ടാകരുതെന്നും എന്നാൽ, മറ്റ് രീതിയിൽ ഇൻറർനെറ്റ് ഉപയോഗിക്കുന്നത് തടയണമെന്നും ശുപാർശയിൽ വ്യക്തമാക്കുന്നു.
