ജലസമാധിയടയുന്ന മണ്‍റോ തുരുത്തില്‍

First Published 13, Apr 2018, 11:24 AM IST
Travel to Munroe Island
Highlights
  • മണ്‍റോ തുരുത്തിലേക്കൊരു യാത്ര

സണ്ണിച്ചേട്ടന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം ഇവിടെയാണോ..? ചോദ്യം സഹയാത്രികയായ ധന്യാ ഇന്ദുവിന്റെ വകയാണ്. അതെ, ഇവിടെത്തന്നെയാണ് - വള്ളം തുഴയുന്നതിനിടയില്‍ സണ്ണിച്ചേട്ടന്‍ പറഞ്ഞു. എന്നിട്ടൊന്ന് നിര്‍ത്തി. പിന്നെയും പറഞ്ഞു. കുറേപ്പേരൊക്കെ ഇവിടുന്ന് പോയി. അതെന്താ ആളുകളൊക്കെ പോകുന്നത്? ഇന്ദു പിന്നെയും ചോദിച്ചു.

വെള്ളം കേറുമെന്നേ...കിടന്നുറങ്ങുമ്പോള്‍ വെള്ളം ഉണ്ടാകില്ല. പക്ഷേ രാത്രി എണീക്കുമ്പോള്‍ ചിലപ്പോള്‍ വീട്ടിലൊക്കെ വെള്ളമാരിക്കും. ആളുകള്‍ക്കൊക്കെ അസുഖം. കുഞ്ഞുങ്ങളെ വളര്‍ത്താന്‍ പറ്റില്ല. ആകെ കൊഴപ്പങ്ങളാ. അതാ ആളുകളൊക്കെ പോകുന്നേ...

 

പിന്നെ ഈ തുരുത്തൊക്കെ കൊറച്ചൂടെ കെളന്നായോണ്ട് ഇവിടെ ഇതുവരെ വെള്ളം കേറീട്ടില്ല.എന്നാലും പേടിയൊണ്ട് മക്കളെ.പിന്നെങ്ങോട്ട് പോകാനാണ്. ഉള്ളതെല്ലാം ഇവിടെയാണ്. ജീവിക്കാനുള്ളതൊക്കെ കായല് തരുന്നുമുണ്ട്. അതുകൊണ്ട് ഞാനെങ്ങോട്ടും പോകുന്നില്ല. സണ്ണിച്ചേട്ടന്‍ വള്ളം പിന്നെയും തുഴഞ്ഞു.

മണ്‍റോത്തുരുത്ത് അങ്ങനെയാണ്.
മുങ്ങുകയാണ്. ജലസമാധിയടയുകയാണ്.

ഏതൊരിടത്തെയും പോലെ പ്രശാന്തവും സുന്ദരവുമായിരുന്നു മണ്‍റോത്തുരുത്തും. കായലും കരയും കണ്ടലും കല്ലടയാറും തെങ്ങും വീടും തുരുത്തുളുമെല്ലാം ചേര്‍ന്ന ഒരു പെയിന്റിംങ് പോലെ സുന്ദരമായ ഒരിടം. എന്നാലിപ്പോള്‍ ഏത് നിമിഷവും വെള്ളം കയറിപ്പോകാവുന്ന ദ്വീപായി മണ്‍റോത്തുരുത്ത് മാറിയിരിക്കുന്നു. പല വാദങ്ങളുണ്ടെങ്കിലും തുരുത്തിലേക്ക് വെള്ളം കയറുന്നതിന്റെ കാരണം അജ്ഞാതമായി തുടരുന്നു.

പക്ഷേ ഇല്ലായ്മകള്‍ പറഞ്ഞ് വെറുതേയിരിക്കുന്നവരുടെ കൂട്ടമല്ല ഇന്ന് മണ്‍റോ. സഞ്ചാരികളെ വശീകരിച്ച് കൊണ്ടുപോകുന്ന സുന്ദരിയാണ് അഷ്ടമുടിക്കായലിലെ ഈ തുരുത്ത്. മൊത്തം പതിമൂന്ന് സ്വയര്‍ കിലോമീറ്റര്‍ മാത്രമുള്ള 8 തുരുത്തുകള്‍ ചേര്‍ന്നതാണ് മണ്‍റോത്തുരുത്ത്. മൊത്തം ജനസംഖ്യ പതിനായിരത്തോളം മാത്രം. കയറ് പിരിച്ചും തൊണ്ട് തല്ലിയും ജീവിതം മുന്നോട്ട് നീക്കിയ ഒരു കൂട്ടം മനുഷ്യരുടെ ജീവിതം സുനാമിക്ക് ശേഷമാണ് മാറിമറിഞ്ഞത്. സുനാമിക്ക് ശേഷമാണ് ദ്വീപിലെ തുരുത്തുകളിലേക്ക് വെള്ളം കയറിത്തുടങ്ങിയത്. ആ സങ്കടമൊക്കെ മാറ്റിവെച്ച് സഞ്ചാരികളെ സ്വീകരിക്കുന്ന നല്ല ആതിഥേയരാണ് ഇന്ന് മണ്‍റോത്തുരുത്ത്.

പേര് വന്ന വഴി
തിരുവിതാംകൂര്‍ ഈസ്റ്റ് ഇന്ത്യാക്കമ്പനിയുടെ അധികാരത്തില്‍ കീഴിലേക്ക് വന്ന 1875 കളിലാണ് കേണല്‍ മണ്‍റോ ദിവാനായി എത്തുന്നത്. അന്ന് രാജ്ഞിയായിരുന്ന ഗൗരി ലക്ഷ്മീഭായ് ആണ് മണ്‍റോയെ ദിവാനായി നിയമിച്ചത്.കേണല്‍ മണ്‍റോ അന്ന് ഇവിടെ നിലനിന്നിരുന്ന അടിമത്വം അവസാനിപ്പിക്കുകയും കാര്‍ഷിക രംഗത്ത് വമ്പിച്ച തോതിലുള്ള പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുകയും ചെയ്ത മണ്‍റോ സായിപ്പിന്റെ ഓര്‍മ്മയ്ക്കായി ചര്‍ച്ച് മിഷനറി സൊസൈറ്റിയാണ് തുരുത്തിന് അദ്ദേഹത്തിന്റെ പേര് നല്‍കിയത്.


സിഎംഎസ് കോളേജും മണ്‍റോത്തുരുത്തും
കേരളത്തിലെ ആദ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ കോട്ടയം സി എം എസ് കോളേജും മണ്‍റോത്തുരുത്തും തമ്മില്‍ ഹൃദ്യമായ ഒരു ബന്ധമുണ്ട്.മണ്‍റോത്തുരുത്തില്‍ നിന്നുള്ള വരുമാനമായിരുന്നു സിഎംഎസ് കോളേജിന്റെ തുടക്കകാലത്തെ മൂലധനം. സണ്ണിച്ചേട്ടന്‍ പിന്നെയും വള്ളം തുഴഞ്ഞു.

സഹയാത്രികരില്‍ ഒരാളായ കൃഷ്ണകുമാറും സണ്ണിച്ചേട്ടനെ സഹായിക്കാന്‍ തുഴ കയ്യിലെടുത്തു. 5 മണിയോടെ കായല്‍ സഞ്ചാരം തുടങ്ങിയതാണ്. കല്ലടയാറിന്റെ തീരത്ത് നിന്നു തുടങ്ങിയ യാത്ര അഷ്ടമുടിക്കായലിലേക്ക് കടന്നിരിക്കുന്നു. കല്ലടയാറിന്റെയും അഷ്ടമുടിക്കായലിന്റെയും ഒത്ത നടുവിലാണ് മണ്‍റോത്തുരുത്തിന്റെ സ്ഥാനം. ഓരോ തുരുത്തുകളും പിന്നിലാക്കി മുന്നോട്ട് മുന്നോട്ട് പോവുകയാണ്. ഇടയ്ക്കിടെ കൈത്തോടുകളിലൂടെയാണ് യാത്ര. ഇരുവശത്തും കണ്ടല്‍ക്കാടുകള്‍ വളര്‍ന്നു നില്‍ക്കുന്ന ഒറ്റയടി വള്ളപ്പാത.

കൈത്തോടുകള്‍ക്ക് കുറുകെ തുരുത്തുകളെ പരസ്പരം ബന്ധിപ്പിച്ച് ഒട്ടേറെ ചെറിയ പാലങ്ങള്‍ ഉണ്ട്. വള്ളം കടന്നു പോകുന്നത് അതിനടിയിലൂടെയാണ്. വള്ളത്തില്‍ തല കുമ്പിട്ടിരുന്നാല്‍ മാത്രമേ പാലങ്ങള്‍ കടന്ന് അപ്പുറം പോകാനാകൂ. ചിലയിടത്ത് വള്ളത്തില്‍ പതിഞ്ഞിരിക്കണം.പാലത്തിന്റെ  അങ്ങേയറ്റത്തിന് തൊട്ടടുത്ത് വരെ വള്ളം തുഴഞ്ഞിട്ട് തുഴയോ, ഊന്നുന്ന കഴയോ വള്ളത്തിലേക്കിട്ട് വള്ളത്തില്‍ ചേര്‍ന്നിരിക്കുന്ന തുഴക്കാരുടെ വൈദഗ്ധ്യം കണ്ടറിയേണ്ട ഒന്ന് തന്നെയാണ്.ഞൊടിയിടയില്‍ എല്ലാം പൂര്‍ത്തിയാക്കി അവരും വള്ളത്തില്‍ പറ്റിച്ചേര്‍ന്നിരിക്കും.

കൈത്തോടുകള്‍ കടന്നെത്തുന്ന ചിലയിടങ്ങളില്‍ ചായക്കടകളും മറ്റുമുണ്ട്. യാത്രക്കിടയില്‍ ആ കരയിലിറങ്ങി ചായയും നാരാങ്ങാവെള്ളവുമൊക്കെ കുടിക്കാം. പോകും വഴി കരയില്‍ നില്‍ക്കുന്ന ആളുകള്‍ വള്ളക്കാരനോട് ചോദിക്കും. എവിടെ വന്നവരാ വള്ളത്തിലെന്ന്. ആ നാട്ടില്‍ നമ്മള്‍ താമസിക്കുന്ന വീടിന്റെയോ റിസോര്‍ട്ടിന്റെയോ ഉടമസ്ഥനെ എങ്ങനെയാണോ അറിയുക ആ പേരില്‍ വള്ളക്കാരന്‍ നാട്ടുകാരോട് മറുപടി പറയും. എന്നിട്ട് വേഗത്തില്‍ അടുത്ത തുഴയെറിയും.

പൊന്മാനുകളാണ് മണ്‍റോത്തുരുത്തിലെ താമസക്കാരില്‍ ഒരുകൂട്ടര്‍. അഷ്ടമുടിക്കായലും കല്ലടയാറും മത്സ്യസമ്പത്ത് കൊണ്ട് അനുഗ്രഹീതമായതിനാല്‍ പൊന്മാനുകള്‍ക്ക് ഇഷ്ടം പോലെ ആഹാരം കിട്ടും.അതുകൊണ്ട് തന്നെ ഈക്കൂട്ടര്‍ക്കും ഏറെ ഇഷ്ടപ്പെട്ട ആവാസ വ്യവസ്ഥയാണ് ഇവിടുത്തേത്.വള്ളത്തില്‍ പോകും വഴിയൊക്കെ കരയോട് ചേര്‍ന്ന് വലിയ പൊത്തുകള്‍ കാണാം. അവയിലൊക്കെയാണ് പൊന്മാനുകളുടെ താമസം.പിന്നെയുള്ളത് ദേശാടനപക്ഷികളും വിവിധ കൊക്കുകളുമാണ്. ചെറുമീനുകള്‍ ധാരാളമുള്ളതിനാല്‍ ആകാശത്ത് എപ്പോഴും പരുന്തുകളുടെ സാന്നിധ്യവുമുണ്ടാകും.അവരിങ്ങനെ വട്ടമിട്ട് പറന്ന് ഞൊടിയില്‍ താഴേക്ക് കൂപ്പുകുത്തി മീനിനെ റാഞ്ചി തിരികെ ഏതെങ്കിലും മരക്കൊമ്പ് ലക്ഷ്യമാക്കി പറന്നു പൊങ്ങും.പരുന്തുകളുടെ ഈ ഇരതേടല്‍ യാത്രക്കിടയില്‍ ഏറെ കാണാം.

ഒരു കാലത്ത് ചെമ്മീന്‍ കൃഷിയായിരുന്നു തുരുത്തിലെ പ്രധാന വരുമാന മാര്‍ഗ്ഗം.സംസ്ഥാനത്തെ ഏക ചെമ്മീന്‍ ഗ്രാമമെന്ന പദവി മണ്‍റോത്തുരുത്തിനായിരുന്നു.എന്നാല്‍ ചെമ്മീന്‍ കെട്ടുകളെ വൈറസ് ബാധിച്ചതോടെ മണ്‍റോത്തുരുത്തുകാരുടെ കണ്ണീര്‍ പിന്നെയും അഷ്ടമുടിയില്‍ വീണു.ഒരു കാലത്ത് ഏറെ ഫലഭൂയിഷ്ഠമായിരുന്ന മണ്ണായിരുന്നു തുരുത്തിലേത്.കിഴക്കന്‍ മലയില്‍ നിന്ന് കല്ലടയാറ്റിലൂടെ ഒഴുകി വന്നിരുന്ന എക്കല്‍ തുരുത്തിലാണ് അടിഞ്ഞു കൂടിയത്.ആ മണ്ണില്‍ നെല്ല് വിളഞ്ഞു കിടന്നിരുന്നു.കല്ലടയാറ്റില്‍ തെന്മലയില്‍ ഡാം വന്നതോടെ കിഴക്കന്‍മലയില്‍ നിന്നുള്ള എക്കല്‍ വരവ് നിലച്ചു. മണ്‍റോതുരുത്തിന്റെ ഫലഭൂയിഷ്ഠത ഇല്ലാതെയായി.

അതോടെയാണ് ആളുകള്‍ ചെമ്മീന്‍ കൃഷിയിലേക്ക് തിരിഞ്ഞത്.വൈറസ് ബാധ അതും ഇല്ലാതെയാക്കിയിരുന്നു.ഇപ്പോള്‍ വീണ്ടും തുരുത്ത് മീന്‍ കൃഷിയിലേക്ക് തിരിഞ്ഞിട്ടുണ്ട്.ചെമ്മീനും, ഞണ്ടും, കരിമീനുമൊക്കെ വളര്‍ത്തുന്ന കെട്ടുകള്‍ കൈത്തോടുകള്‍ക്കരികില്‍ കാണാം. എല്ലാം വലിയ വലകളിട്ട് മൂടിയിരിക്കുന്നു.മീന്‍ പിടിയന്മാരായ നീര്‍ക്കാക്കകളും പരുന്തച്ചന്മാരും അവയെ പിടികൂടിക്കൊണ്ട് പോകാതിരിക്കാനായുള്ള കരുതലാണ്.

കണ്ടല്‍ച്ചെടികളാണ് തുരുത്തുകള്‍ക്ക് കായലില്‍ നിന്ന് അതിരിടുന്നത്.കണ്ടലുകളെ കാണുന്നത് തന്നെ സന്തോഷമാണ്.ചിലയിടങ്ങളില്‍ കണ്ടലുകള്‍ക്കിടയിലൂടെയാണ് അപ്പുറം കടക്കേണ്ടത്.അതൊക്കെ അനുഭവിച്ച് തന്നെ അറിയേണ്ട കാര്യങ്ങളാണ്.കായലിലൂടെ വിദേശികളുമായി നിരവധി വള്ളങ്ങളാണ് വരുന്നത്.അവരൊക്കെ ഈ മായികത്തുരുത്ത് കണ്ട് അത്ഭുതപ്പെട്ടാണ് യാത്ര.ഒക്കെയും ക്യാമറയില്‍ പതിപ്പിക്കുന്ന ഇവരില്‍ ചിലരെങ്കിലും ജലസമാധിയിലേക്ക് പോകുന്ന തുരുത്തിനെപ്പറ്റി പഠിക്കാനായി വന്നിരിക്കുന്നവരാണ്.

കല്ലടയാറിന്റെ ഇരുവശത്തും നിരവധിപ്പേര്‍ ചൂണ്ടയുമായി ഇരിക്കുന്നുണ്ട്.അവരുടെയൊക്കെ ജീവിതത്തിലെ നിത്യസംഭവമാണ് ചൂണ്ടയിടലും കായലോരത്തെയും ആറ്റിന്‍തീരത്തെയും ഈ ഇരിപ്പും മീന്‍ പിടുത്തവും. ഇനിയും ചിലരൊക്കെ തീരത്തോട് ചേര്‍ന്നുള്ള കല്‍ക്കെട്ടില്‍ കിടക്കുന്നുണ്ട്.ഒന്ന് തിരിഞ്ഞാല്‍ നേരെ വെള്ളത്തിലേക്ക് വീഴും. പക്ഷേ അവരൊക്കെ എത്രയോ കാലമായി അങ്ങനെ കിടന്നുറങ്ങുന്നവരാണ്.

സന്ധ്യയാകുന്നു. കായലില്‍ നിന്ന് വള്ളങ്ങള്‍ ഒഴിഞ്ഞു തുടങ്ങി.പടിഞ്ഞാറന്‍ ഭാഗത്തെ ആളുകളുടെ മനസില്‍ ഇപ്പോള്‍ തീയാണ്. ഏത് സമയത്തും വേലിയേറ്റമുണ്ടാകാം.വീടുകളില്‍ വെള്ളം നിറയും.വീടിനുള്ളിലെല്ലാം വെള്ളം കയറും. ഒപ്പം ചെളിയും നിറയും.മുറ്റത്തേക്ക് പോലും ഇറങ്ങാനാവില്ല.ചെളി നിറഞ്ഞ് കിടക്കും.റെയില്‍വേ സ്‌റ്റേഷന്റെ പടിഞ്ഞാറന്‍ ഭാഗത്താണ് വേലിയേറ്റം ഏറ്റവും ദുരിതം വിതയ്ക്കുന്നത്.പല വീടുകളും ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു.മുറ്റത്ത് ചെടികളും തൊഴുത്തുമെല്ലാമുണ്ട്.പക്ഷേ ജീവിക്കാന്‍ രക്ഷയില്ല.അവരൊക്കെ വീടുപേക്ഷിച്ച് തുരുത്ത് വിട്ട് പോയിരിക്കുന്നു. അനാഥമായ വീടുകള്‍ തുരുത്തില്‍ അങ്ങോളമിങ്ങോളം കാണാം. പലതിന്റെയും ഭിത്തികള്‍ പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. വീടുകള്‍ മൊത്തമായി ചരിഞ്ഞു പോയിട്ടുണ്ട്.

സൂര്യന്‍ മറഞ്ഞു. തൊട്ടടുത്ത വീടുകളില്‍ നിന്നുള്ള വെളിച്ചം കായലിലേക്ക് പരക്കുന്നു.കായലില്‍ അവിടവിടെയായി വള്ളങ്ങളില്‍ ചെറിയ വെളിച്ചം കാണാം.കായലിലേക്ക് ടോര്‍ച്ച് അടിച്ച് മീനുകളെ പിടിക്കുന്നവരാണ്. മിക്ക വള്ളങ്ങളിലും ഒരാള്‍ മാത്രമേ ഉണ്ടാകൂ.അവരൊക്കെ തീരം ചേര്‍ന്നാണ് പോകുന്നത്.ഞങ്ങളും തീരത്തേക്ക് അടുത്തു.താമസ സ്ഥലത്തെത്തിയിരിക്കുന്നു.തെങ്ങുകളില്‍ കെട്ടിയിട്ടിരുന്ന ഹാമക്കുകളിലും ചൂരല്‍ക്കസേരകളിലും എല്ലാവരും ഇരിപ്പുറപ്പിച്ചു.കണ്ണുകള്‍ അപ്പോഴും കായലിലെ ഓളങ്ങള്‍ക്കൊപ്പം ഒഴുകി നടന്നു.കായല്‍ തീരത്തോട് കിന്നാരം പറയുന്നതും കേട്ട് അവിടെത്തന്നെ രാത്രി കഴിച്ചു കൂട്ടാനാണ് എല്ലാവരുടെയും തീരുമാനം.

ഹോംസ്‌റ്റേയുടെ ഉടമ ലാലന്‍ചേട്ടന്‍ വന്ന് ക്യാംപ് ഫയര്‍ ഒരുക്കി.കപ്പയും ചൂട് ചൂരക്കറിയും എത്തി.നാല് മണിക്കൂറോളം നീണ്ട കായല്‍ യാത്രയ്ക്ക് ശേഷം എല്ലാവര്‍ക്കും നന്നേ വിശന്നിരുന്നു.പാത്രങ്ങള്‍ വേഗത്തില്‍ കാലിയായി.പിന്നെയും പിന്നെയും കപ്പയും മീന്‍കറിയും മീന്‍ പൊരിച്ചതും വന്നുകൊണ്ടേയിരുന്നു.നല്ലൊരു ഗ്രീന്‍ സാലഡും. അതെല്ലാം കഴിച്ചുകഴിഞ്ഞപ്പോളേക്കും ഇനി ചോറ് കഴിക്കണമെന്ന് ലാലച്ചന്‍ ചേട്ടന്‍ വന്ന് പറയുന്നത്.അവിടെ ചോറും തലക്കറിയും മീന്‍ പൊള്ളിച്ചതും മീന്‍ പീരയും മീന്‍ വറുത്തതും എല്ലാം കൂട്ടി സമൃദ്ധമായ മീന്‍സദ്യ.നാളെ രാവിലത്തേക്ക് വേറൊന്നും വേണ്ടെന്നും ബാക്കി വരുന്ന ചോറ് പഴംകഞ്ഞിയാക്കി തന്നാല്‍ മതിയെന്നും പറഞ്ഞാണ് എല്ലാവരും തീന്‍മേശ വിട്ടത്.

പിന്നെയും കായലോരത്തേക്ക്.രാത്രി മുഴുവന്‍ കായലോരത്ത് ഓളങ്ങളുടെ കിന്നാരം കേട്ടിരിക്കാം.രാത്രിയിലെ കായലോര ജീവിതം കാണാമല്ലോ.പക്ഷേ അപ്പുറത്ത് ഏതോ അമ്പലത്തില്‍ ഉത്സവം നടക്കുന്നുണ്ട്.അവിടെ നിന്ന് ദുര്യോധനനും യുധിഷ്ഠിരനുമൊക്കെ ഉറക്കെ സംസാരിക്കുന്നുണ്ട്. മറ്റൊരു കരയില്‍ നിന്ന് പിരിവ് കൊടുത്തവരുടെ പേര് മൈക്ക് കെട്ടി വിളിച്ചു പറയുന്നു.ആ രണ്ട് ശബ്ദകോലാഹലം ഒഴിച്ചു നിര്‍ത്തിയാല്‍ കായലോരത്തെ ഇരിപ്പ് ഏറ്റവും രസകരമാണ്. ആസ്വാദ്യകരവും.

ഇടയ്ക്ക് വെള്ളത്തിലേക്ക് ടോര്‍ച്ച് തെളിച്ച് വള്ളത്തിലൊരാള്‍ തീരത്തോട് ചേര്‍ന്ന് പോയി. മീന്‍ കുത്തിപ്പിടിക്കുകയാണ് അദ്ദേഹം. അതു കണ്ട് ആവേശം കൊണ്ട് സഹയാത്രികരായ കൃഷ്ണകുമാറും ജിഷയുമൊക്കെ എവിടുന്നോ വിരയെ സംഘടിപ്പിച്ച് ചൂണ്ടയിടാന്‍ പോയി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയ സംഘം നിരാശരായി മടങ്ങി വന്നു.

രാവിലെയാണ് കാരണം പിടികിട്ടിയത്. മീനുകള്‍ രാത്രി വെള്ളത്തിന്റെ അടിഭാഗത്തേക്ക് പോകുമത്രേ. രാവിലെ മൈദയോ പൊറോട്ടയോ ഇട്ട് കൊടുത്താല്‍ മീനുകളെ കിട്ടുമെന്ന് വള്ളം തുഴയാനെത്തിയ സണ്ണിച്ചേട്ടന്‍ പറഞ്ഞു.രാത്രി വിരകളെ തപ്പിപ്പോയവരുടെ മുഖത്ത് ചമ്മല്‍ നിറയുന്നത് കണ്ടു.

കിടന്നയുടന്‍ എല്ലാവരും മയങ്ങി. നാല് മണിയോടെ ഞാന്‍ മുറിയിലേക്ക് പോയി. അഞ്ച് മണിക്ക് തന്നെ ലാലന്‍ ചേട്ടന്‍ വന്ന് വിളിച്ചു. വള്ളം തയ്യാറാണ്. രാവിലെ പിന്നെയും വള്ളത്തില്‍ കയറി. ഇന്നലെ രാത്രി തിരികെ വന്ന റൂട്ടിലാണ് രാവിലത്തെ യാത്ര. സന്ധ്യയ്ക്ക് കണ്ട കാഴ്ചകളല്ല പകല്‍ വെളിച്ചത്തിലെ മണ്‍റോ തുരുത്ത്.കിളികളും പൂക്കളും നീര്‍ക്കാക്കകളും കൊക്കുകളും മറ്റ് ജലജന്യജീവികളുമായി പകല്‍ ആഘോഷമാണ്. ആകാശത്ത് ചെമ്പന്‍ പരുന്തുകള്‍ വട്ടമിടുന്നുണ്ട്. കായലിലേക്ക് നീണ്ടു നില്‍ക്കുന്ന തെങ്ങോലകളിലും പരുന്തുകള്‍ ഇരിക്കുന്നുണ്ട്. എത്ര സൂക്ഷ്മമായാണ് അവര്‍ മീനുകളെ നോക്കിയിരിക്കുന്നത്. വെള്ളത്തിന് മുകളിലേക്ക് മീനുകള്‍ എത്തിയാല്‍ സെക്കന്റിന്റെ പത്തിലൊന്ന് സമയം കൊണ്ട് മീനുകളെ റാഞ്ചി പരുന്തുകള്‍ പിന്നെയും ആകാശത്തേക്ക് കുതിക്കും.

ആ കാഴ്ചകള്‍ കണ്ട് കണ്ട് നീങ്ങുന്നതിനിടയില്‍ കൈത്തോടുകളിലേക്ക് വള്ളം തിരിഞ്ഞു. കണ്ടല്‍ക്കാടുകള്‍ക്കിടയിലൂടെ വള്ളം പിന്നെയും മുന്നോട്ട് നീങ്ങി.എതിരെ ചില വള്ളങ്ങളിലായി സ്വദേശികളും വിദേശികളുമായ സഞ്ചാരികള്‍ കടന്നു പോകുന്നുണ്ട്. മണ്‍റോയിലെ പല കാഴ്ചകളും സുന്ദരമായ പെയ്ന്റിങ്ങുകള്‍ പോലെ തോന്നും.

എക്കലെത്താതെ കൃഷി നശിച്ച് വരുമാനം ഇല്ലാതെയായ മണ്‍റോ നിവാസികള്‍ ടൂറിസത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.അത് അവര്‍ക്ക് നല്ല ജീവിതം സമ്മാനിച്ചു.എത്ര പറഞ്ഞാലും പറഞ്ഞ് ഫലിപ്പിക്കാനാവുന്നതിലും അപ്പുറത്താണ് മണ്‍റോയുടെ സൗന്ദര്യം.യാത്രക്കിടയില്‍ തുരുത്തിലൊരിടത്ത് ഒരു ചായക്കടയില്‍ കയറി ചായ കുടിച്ചു.ഞാന്‍ വള്ളത്തില്‍ നിന്ന് ഇറങ്ങിയില്ല.പകരം വള്ളത്തിന്റെ തുഞ്ചത്തിരുന്ന് കട്ടന്‍ചായ ഊതിയൂതി കുടിച്ചു. അതൊരു വല്ലാത്ത ഫീലാണ്. അപ്പുറത്ത് മാറി പാലത്തില്‍ രാവിലെ വര്‍ത്തമാനം പറഞ്ഞിരിക്കുന്ന നാട്ടുകാരുടെ കൂട്ടം. പിന്നെയും മുന്നോട്ട് പോകുമ്പോള്‍ കാഴ്ചകളുടെ വസന്തമാണ് മണ്‍റോ മുന്നില്‍ തുറന്ന് തുറന്ന് തരുന്നത്. എത്ര കണ്ടാലും തീരാത്തത്ര കാഴ്ചയാണ് മണ്‍റോയില്‍.നാല് മണിക്കൂറോളം പിന്നിട്ട് രാവിലത്തെ യാത്ര തീരത്തേക്ക് അടുക്കുകയാണ്.ലാലന്‍ചേട്ടന്‍ കരയില്‍ കാത്തു നില്‍ക്കുന്നു.കരയിലെത്തി ഭക്ഷണം കഴിക്കാനിരുന്നു. പഴങ്കഞ്ഞി മതിയെന്ന് രാത്രി തന്നെ ലാലന്‍ ചേട്ടനോട് പറഞ്ഞിരുന്നു. മീന്‍ കറിയും മീന്‍ പീരയും മീന്‍ വറുത്തതുമെല്ലാം ചേര്‍ത്ത് നല്ല തൈരൊഴിച്ച് പഴംകഞ്ഞി കുടിച്ചു. ഇനി തിരികെ പോകണം.

അപ്പോഴാണ് മണ്‍റോയില്‍ നിന്ന് കൊല്ലത്തേക്ക് ട്രെയിന്‍ ഉണ്ടെന്ന് ലാലന്‍ചേട്ടന്‍ പറയുന്നത്. ആ ട്രെയിന്‍ കിട്ടിയാല്‍ ശാസ്താംകോട്ടയിലേക്ക് പോകുന്നത് ഒഴിവാക്കാം. നേരത്തെ തിരുവനന്തപുരത്തേക്ക് എത്തുകയുമാകാം. പിന്നെ വേഗത്തില്‍ എല്ലാവരും തയ്യാറായി. ലാലന്‍ ചേട്ടന്‍ തന്നെ സ്വന്തം വണ്ടിയില്‍ ഞങ്ങളെ മണ്‍റോ സ്‌റ്റേഷനില്‍ എത്തിച്ചു. വണ്ടി വരാന്‍ ഇനിയും സമയമെടുക്കും. സ്‌റ്റേഷനില്‍ ആളുകള്‍ കുറവാണ്. ടിക്കറ്റെടുത്തു. പഴയ ടിക്കറ്റ്. ഇപ്പോഴും ഇത്തരത്തിലുള്ള ടിക്കറ്റ് ലഭിക്കുന്ന അപൂര്‍വ്വം സ്റ്റേഷനുകളില്‍ ഒന്നാണ് മണ്‍റോ സ്‌റ്റേഷന്‍. ബാഗുകള്‍ പ്ലാറ്റ്‌ഫോമിലെ സിമന്‍റ്  ബെഞ്ചില്‍ വെച്ച് ട്രെയിന്‍ വരാനായി മണ്‍റോ സ്‌റ്റേഷനില്‍ കാത്തു നിന്നു.

loader