തിരുവനന്തപുരം: യാത്ര എന്നത് പലരുടെയും സ്വപ്നമാണ്. വായിച്ചും കേട്ടും ടെലിവിഷനിലും മറ്റും കണ്ടും മാത്രം അറിഞ്ഞിട്ടുള്ള സ്വപ്നഭൂമികളിലേക്കൊരു സഞ്ചാരം എന്ന സ്വപ്നം നെഞ്ചിലൊതുക്കുന്നവരാകും നമ്മളില്‍ പലരും. ഇഷ്ടദേശങ്ങളില്‍ അനായാസം എത്തിച്ചേരുന്നതിക്കുറിച്ചുള്ള അജ്ഞതയോ സാമ്പത്തികപ്രശ്നങ്ങളോ ഒക്കെയാവും പലരെയും വിദേശങ്ങളിലേക്കുള്ള വിനോദയാത്രകളില്‍ നിന്നും വിലക്കുന്നത്.

പലപ്പോഴും യാത്രാച്ചിലവുകളെപ്പറ്റിയുള്ള ഭീമമായ തെറ്റിദ്ധാരണകള്‍ക്ക് ഉടമകളാവും നമ്മളില്‍ പലരും. എന്നാല്‍ സഞ്ചാരപ്രേമികളുടെ അത്തരം പ്രശ്നങ്ങള്‍ക്കൊക്കെ പരിഹാരമാകുന്ന ഒരു ട്രാവല്‍ എക്സ്പോയ്ക്ക് സാക്ഷിയാവാനൊരുങ്ങുകയാണ് ഫെബ്രുവരി 2 മുതല്‍ തലസ്ഥാനനഗരി.

സഞ്ചാരികള്‍ക്കു മുന്നില്‍ അതിരുകളില്ലാത്ത ലോകത്തിന്‍റെ സഞ്ചാരസാധ്യതകള്‍ തുറന്നിടുന്ന ട്രാവലർ എക്സ്പോ 2018 എന്ന പരിപാടി ഫെബ്രുവരി 2,3,4 തീയ്യതികളില്‍ തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിലാണ് നടക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസും സിൽക്ക് എയറും സംയുക്തമായി സംഘടിപ്പിക്കുന്ന എക്സ്പോയില്‍ രാജ്യത്തെ പ്രമുഖരായ നിരവധി ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പങ്കെടുക്കും.

യാത്രയുടെ ഒടുങ്ങാത്ത ആവേശം മനസ്സിൽ സൂക്ഷിക്കുന്നവര്‍ക്കും കൈപ്പിടിയിൽ ഒതുങ്ങുന്ന വിദേശ യാത്രക്കുള്ള അവസരം കാത്തിരിക്കുന്നവര്‍ക്കും വേണ്ടി ആകര്‍ഷകമായ ട്രാവല്‍, ടൂര്‍ പാക്കേജുകളാണ് എക്സ്പോയുടെ വലിയ പ്രത്യേകത. പോക്കറ്റ് കാലിയാകാതെ നിസാര ചെലവില്‍ ലോകം ചുറ്റുന്നതും ഹോളിഡേ ഡെസ്റ്റിനേഷനുകളും ഉള്‍പ്പെടെ യാത്രകളുമായി ബന്ധപ്പെട്ട സകലവിവരങ്ങളും ഈ എക്സോപോയില്‍ നിന്നും ലഭിക്കും.

മാത്രമല്ല ലക്കി ഡ്രോയിലൂടെ സന്ദർശകർക്ക് നിരവധി സമ്മാനങ്ങളും തിരഞ്ഞെടുക്കുന്ന രണ്ടുപേർക്ക് സൗജന്യ സിങ്കപ്പൂർ യാത്രയും എക്സ്പോ ഒരുക്കിയിട്ടുണ്ട്. രാവിലെ 10 മുതല്‍ രാത്രി 8 വരെ നീളുന്ന എക്സ്പോയിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും. ഫെബ്രുവരി 4ന് എക്സ്പോ സമാപിക്കും.