ഭൂപടത്തില്‍ നിന്ന് മാഞ്ഞുപോയ രണ്ട് ഗ്രാമങ്ങള്‍ വേറിട്ടൊരു യാത്രാനുഭവം

ഇവിടെ നിന്ന് പോണമല്ലോന്ന് ഓര്‍ക്കുമ്പോ...
അച്ഛനേം അമ്മേം ഒക്കെ അടക്കിയേക്കുന്നത് ഇവിടെയാ..
ഇനിയൊരു വെളക്ക് പോലും കുഴിപ്പൊറത്ത് വെക്കാന്‍ പറ്റില്ലാന്നോര്‍ക്കുമ്പോള്‍...

പറഞ്ഞു തീരുമ്പോഴേക്കും ഗ്രാമത്തിലെ കാരണവരായ ഗോപിനാഥന്‍ ചേട്ടന്റെ കണ്ണ് നിറഞ്ഞൊഴുകി..തൊണ്ട വല്ലാതെ ഇടറി. വാക്കുകള്‍ മുറിഞ്ഞു.

വയനാട്ടിലേക്കുള്ള ഓരോ യാത്രയിലും പോകാനാഗ്രഹിക്കുന്ന ഒരേ ഒരു സ്ഥലമേയുള്ളൂ. അത് അമ്മവയലാണ്.വയലിനെ അമ്മയായി കരുതിപ്പോന്ന സ്ഥലം.ടിപ്പുവിന്റെ പടയോട്ട കാലത്തിന്റെ അത്ര തന്നെ ചരിത്രമുള്ള ഗ്രാമം.ഇപ്പോളത്തെ സുല്‍ത്താന്‍ ബത്തേരി ടിപ്പുവിന്റെ ആയുധ, ധന , ധാന്യ സംഭരണകേന്ദ്രമായിരുന്നല്ലോ. എച്ച് ഡി കോട്ടയും ടിപ്പുവിന്റെ ആയുധ, ധന സംഭരണ കേന്ദ്രമായിരുന്നു.

രണ്ടിടത്ത് നിന്നും അങ്ങോട്ടും ഇങ്ങോട്ടും ധനവും ആയുധവും ഭക്ഷണവും എത്തിക്കാനുള്ള എളുപ്പമാര്‍ഗ്ഗമായിരുന്നു കുറിച്യാട് വഴിയുള്ള കാട്ടുവഴി. അന്ന് ബത്തേരിയില്‍ നിന്ന് എച്ച് ഡി കോട്ടയിലേക്കുള്ള യാത്രാമധ്യേ വിശ്രമ കേന്ദ്രമായി ഉണ്ടാക്കിയെടുത്ത സ്ഥലമാണ് പിന്നീട് അമ്മവയലെന്ന ഗ്രാമമായി വളര്‍ന്നത്. കുറിച്യാട് അമ്മവയല്‍ പ്രേദേശങ്ങളില്‍ നിന്ന് കണ്ടുകിട്ടിയ പീരങ്കിയുണ്ടകള്‍ ഇത്തരത്തില്‍ വരവ് പോക്കുകള്‍ ഈ പ്രദേശത്ത് കൂടി നടന്നതിന്റെ തെളിവുകളാണ്.കാലങ്ങള്‍ക്ക് ശേഷം ഇവിടം ബ്രീട്ടീഷുകാരുടെ ഗ്രോ മോര്‍ ഫുഡ് പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രദേശമായി.

ആളുകള്‍ കൂട്ടത്തോടെ ഇവിടേയ്ക്ക് താമസത്തിനായെത്തി.വയനാടന്‍ ചെട്ടിമാരാണ് ഇവിടേയ്ക്ക് താമസത്തിനായെത്തിയത്.അവരുടെ ജോലിക്കാരായി പണിയരും നായ്ക്കരുമെത്തി.അങ്ങനെ അതൊരു ഗ്രാമമായി വളര്‍ന്നു.കൃഷി തുടങ്ങി. പ്രധാനമായും നെല്‍കൃഷി.വിശാലമായ പാടം.പാടത്തിന് അതിരിട്ട് വനം.പിന്നീട് ഈ ഗ്രാമം നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിന്റെ ഭാഗമായി.അമ്മവയലിലേക്ക് എത്തുന്നത് മുന്‍പ് ഗോളൂരെന്ന മറ്റൊരു ഗ്രാമവും ഉണ്ട്.രണ്ട് ഗ്രാമങ്ങളിലുമായി 49 കുടുംബങ്ങളാണ് ഉണ്ടായിരുന്നത്.

1973 ല്‍ വയനാട് വന്യജീവി സങ്കേതം നിലവില്‍ വന്നതോടെ ഈ ഗ്രാമങ്ങള്‍ രണ്ടും അതിനുള്ളിലായി.അങ്ങനെയാണ് വന്യജീവി സങ്കേതത്തിനുള്ളില്‍ കുരുങ്ങിപ്പോയ മനുഷ്യരുണ്ടായത്.പിന്നീടിങ്ങോട്ട് വന്യജീവികളും മനുഷ്യരും തമ്മില്‍ എത്രയോ സംഘര്‍ഷങ്ങളുണ്ടായി.എത്രപേര്‍ക്ക് ജീവന്‍ നഷ്ടമായി.എത്ര വന്യജീവികള്‍ കൊല്ലപ്പെട്ടു. അതിനെല്ലാം പരിഹാരമായി , പലപല പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ കേന്ദ്രസര്‍ക്കാരിന്റെ സ്വയംസന്നദ്ധ പുനരധിവാസ പദ്ധയില്‍ ഉള്‍പ്പെടുത്തി അമ്മവയലും ഗോളൂരും വന്യജീവി സങ്കേതത്തിന് പുറത്തേക്ക് പറിച്ച് നടപ്പെട്ടു.അവിടെ നിന്ന് കൊണ്ടു പോരാവുന്നതെല്ലാം കൊണ്ടു പോരാം എന്ന വ്യവസ്ഥയനുസരിച്ച് വീടുകള്‍ പൊളിച്ച് ഓടും തടിയുമെല്ലാം ആ ഗ്രാമത്തിന് പുറത്തേക്ക് കൊണ്ടുപോയി.ഒന്നിച്ച് കളിച്ച് വളര്‍ന്നവര്‍ , ഭക്ഷണം പങ്കിട്ട് കഴിച്ചിരുന്നവര്‍, ഒന്നിച്ച് മാത്രം യാത്ര ചെയ്തിരുന്നവര്‍. അവരെല്ലാം കാടിറങ്ങി ഓരോ വഴിക്ക് നീങ്ങി. ചിതറിപ്പോയി. ഇപ്പോള്‍ ആ ഗ്രാമങ്ങള്‍ വന്യജീവികളുടെ വിഹാര കേന്ദ്രമായിരിക്കുന്നു.ആ ഗ്രാമത്തിലേക്കാണ് ഇത്തവണത്തെ യാത്ര.

വയനാട്ടിലെത്തിയാല്‍ ആദ്യം വിളിക്കുക പരിസ്ഥിതി പ്രവര്‍ത്തകനായ, വയനാട് പ്രകൃതി സംരക്ഷണ സമിതിയുടെ അമരക്കാരനായ ബാദുഷാക്കെയാണ്. അത്തവണ വിളിച്ചപ്പോള്‍ ബാദുഷാക്ക പറഞ്ഞു- 'നമുക്കൊന്ന് കുറിച്യാട് പോകാം. അമ്മവയലെല്ലാം ഇപ്പോള്‍ മൃഗങ്ങളുടെ വിഹാരകേന്ദ്രമായി മാറിയിട്ടുണ്ട്.പണ്ടത്തെ ഗ്രാമങ്ങളല്ലേ.എന്താണ് ഇപ്പോളത്തെ അവസ്ഥയെന്ന് നോക്കാം.ആളുകള്‍ കുടിയൊഴിഞ്ഞ് പോയിട്ട് എന്തെങ്കിലും പ്രയോജനമുണ്ടോയെന്ന് നോക്കാം.'

ശരിയാണ് , രണ്ട് വര്‍ഷത്തോളമാകുന്നു.ഗോളൂര്‍ , അമ്മവയല്‍ ഗ്രാമങ്ങള്‍ നൂല്‍പ്പുഴ പഞ്ചായത്തിന്റെയും , വയനാടിന്റെയും മൊത്തത്തില്‍ ലോകത്തിന്റെ തന്നെ ഭൂപടത്തില്‍ നിന്ന് ഒഴിഞ്ഞ് പോയിട്ട്.ഇല്ലാതെയായിട്ട്.ആ സ്ഥലമൊന്ന് കാണണം.കാരണമുണ്ട്.ആളുകള്‍ ഒഴിഞ്ഞ് പോകാന്‍ തയ്യാറെടുത്തപ്പോളും ഒഴിഞ്ഞു പോകുമ്പോഴുമെല്ലാം അതിന് ഞാന്‍ സാക്ഷിയായിട്ടുണ്ട്.എല്ലാവരും ഒഴിഞ്ഞ് പോയതിന് ശേഷം തൊട്ടടുത്ത ഒരു ദിവസവും അവിടേയ്ക്ക് പോയിരുന്നു.അന്നവിടെയുണ്ടായിരുന്നത് വീടുകളുടെ ഭിത്തികളും , ആളുപേക്ഷിച്ച് പോയ കിണറും, വീടിന്റെ തറയും ഒക്കെ മാത്രം.കൃഷി വറ്റിപ്പോയ ഏക്കര്‍ കണക്കിന് വരുന്ന പാടം അന്ന് മനസിനെ നൊമ്പരപ്പെടുത്തിയിരുന്നു.ആ സ്ഥലം വര്‍ഷങ്ങള്‍ക്കിപ്പുറം എങ്ങനെയുണ്ടെന്ന് കാണാന്‍ മനസില്‍ ആഗ്രഹം തോന്നി.

അന്ന് എല്ലാവരും വീടുകള്‍ പൊളിച്ച് കൊണ്ട് പോയപ്പോള്‍ ഒരു വീട് മാത്രം വനംവകുപ്പ് പണം കൊടുത്ത് വാങ്ങി.ആ വീട് ഇപ്പോള്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവാണ്.അമ്മവയലിലെ വയലില്‍ നിന്ന് ഉയര്‍ന്നിട്ടാണ് ആ വീട്.സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിക്ക് ചുക്കാന്‍ പിടിച്ച ഗീരീഷിന്റെ വീടായിരുന്നു അത്.നിര്‍മ്മാണത്തിലെ പ്രത്യേകത കൊണ്ട് വീടിനുള്ളിലെ താപനില സ്വയം ക്രമീകരിക്കപ്പെടും.ആദ്യം അമ്മവയലിലെത്തി താമസിച്ചപ്പോള്‍ ആ വീടിനോട് ചേര്‍ന്ന് ഒരു മണ്‍കുടിലുണ്ടായിരുന്നു.അതിലായിരുന്നു അന്ന് രാത്രി ഉറങ്ങിയത്.പുറത്തെ കൊടും തണുപ്പിലും ആ മണ്‍കുടില്‍ ചൂട് പകര്‍ന്നു.അതേ പോലെ തന്നെയാണ് ആ വീടിനുള്ളിലും. അവിടെയാണ് താമസിക്കേണ്ടത്.

എന്തായാലും അവിടേയ്ക്ക് പോകാനുള്ള തയ്യാറെടുപ്പുമായി സുല്‍ത്താന്‍ബത്തേരിയിലെത്തി.ബാദുഷാക്ക അവിടെ കാത്തു നിന്നു.കൂടെ വയനാട്ടിലെ മാധ്യമപ്രവര്‍ത്തക സുഹൃത്തുക്കളായ എം കമലും മനുറോയിയും അനീഷ് ശിവദാസും അനൂപ് കേയാറുമൊക്കെയുണ്ട്.പിന്നെ എല്ലാ വയനാട് യാത്രയിലും ഒപ്പം കൂടുന്ന ദേശാഭിമാനിയിലെ അജിച്ചേട്ടനും.വയനാട്ടിലെത്തിയാല്‍ ഇവരാണ് എന്റെ കൂട്ടുപട്ടാളങ്ങള്‍.ഉച്ചയ്ക്ക് ബത്തേരിയില്‍ കാണാമെന്ന് പറഞ്ഞാണ് രാവിലെ കല്‍പ്പറ്റയില്‍ നിന്ന് പിരിഞ്ഞത്.വയനാട്ടിലെ മറ്റ് ചില സുഹൃത്തുക്കളെ കാണാനുള്ളത് കൊണ്ട് പലവഴി നടന്ന് ബത്തേരിയിലെത്തിയപ്പോള്‍ താമസിച്ചു.അവരെല്ലാം തയ്യാറായി നില്‍ക്കുന്നു.ഓരോരുത്തര്‍ ഓരോ സാധനങ്ങള്‍ വാങ്ങാനായി ഓടി നടക്കുന്നു.ഭക്ഷണത്തിനുള്ള സാമഗ്രികളെല്ലാം നമ്മള്‍ കൊണ്ടു പോകണം.മിക്ക യാത്രയിലും സഹയാത്രികര്‍ ചേര്‍ന്ന് പാചകം ചെയ്താണ് കഴിപ്പ്.എല്ലാം വാങ്ങി ഞങ്ങള്‍ക്കായി പറഞ്ഞിരുന്ന ജീപ്പിലെത്തിച്ചു.യാത്ര തുടങ്ങി.പോകും വഴി പാത്രങ്ങള്‍ക്കൂടി എടുക്കാനുണ്ട്.

അതും സംഘടിപ്പിച്ച് ഫോറസ്റ്റ് സ്‌റ്റേഷനടുത്തെത്തി.അവിടുന്ന് ഫോറസ്റ്റിന്റെ ഒരു ജീപ്പും അമ്മവയലിലേക്ക് വരുന്നുണ്ട്.അവരും തയ്യാറായി നില്‍ക്കുകയാണ്.ഇത്തിരി ദൂരം പിന്നിട്ടപ്പോളേക്കും ജീപ്പ് നിര്‍ത്തി.ഇനി മുന്നോട്ട് പോകണമെങ്കില്‍ മുന്നിലെ ചങ്ങല അഴിച്ച് മാറ്റണം.അനധികൃതമായി വാഹനങ്ങളോ ആളുകളോ പ്രവേശിക്കുന്നത് തടയാനായി വനംവകുപ്പ് ഒരുക്കിയിരിക്കുന്ന സംവിധാനമാണ്.ഒരു വനംവകുപ്പ് ഉദ്യോഗസ്ഥന്‍ വന്ന് പൂട്ട് തുറന്ന് ചങ്ങല മാറ്റി.വാഹനങ്ങള്‍ വനത്തിലേക്ക് പ്രവേശിച്ചു.പി ന്നാലെ വീണ്ടും ചങ്ങലകളില്‍ പൂട്ട് വീണു.ഇനി നാളെ തിരികെ വരുമ്പോള്‍ മാത്രമേ ഈ പൂട്ട് തുറക്കൂ.അതുവരെ ചങ്ങലയിട്ട് പൂട്ടിയ വനത്തിനുള്ളിലാണ് ഞങ്ങള്‍.

വാഹനം പിന്നെയും മുന്നോട്ട് നീങ്ങി.ഇനി ട്രഞ്ച് കടക്കണം.ട്രഞ്ചിന് കുറുകെ വാഹനത്തിന് പോകാന്‍ പാകത്തിന് ഇരുമ്പ് കമ്പി പാകിയ പാലമുണ്ട്.അതിലൂടെ വാഹനം അപ്പുറത്തെത്തി.ഇനി ഏത് നിമിഷവും ആനകളെ കാണാം.കൂട്ടമായോ അല്ലാതെയോ.കാട്ടുപോത്തും, മാനും പന്നിയും കൂട്ടമായി തന്നെ ഉണ്ടാകും ഉറപ്പ്.അവയ്ക്കിടയിലൂടെ വേണം ശ്രദ്ധിച്ച് വാഹനം മുന്നോട്ട് നീങ്ങാന്‍.ഏത് മരത്തിന് അപ്പുറത്തും മുളങ്കൂട്ടത്തിന് അപ്പുറത്തും ആനയുണ്ടാകും.നാട്ടില്‍ നിന്ന് കാട്ടിലേക്ക് കയറിയിട്ട് മൂന്നാല് കിലോമീറ്റര്‍ പിന്നിട്ടുകഴിഞ്ഞു.ഉള്‍ വനത്തിലാണ് ഇപ്പോള്‍.വയനാട് വന്യജീവി സങ്കേതത്തിന് ഉള്ളില്‍.ഒരു ഇറക്കമിറങ്ങി ചെന്നപ്പോളുണ്ട് റോഡിനപ്പുറത്ത് മുളങ്കൂട്ടത്തിനടുത്ത് ആനക്കൂട്ടം.ഏഴ് ആനകളുണ്ട്.കൂട്ടത്തിലൊന്ന് കുഞ്ഞാണ്.ഞാന്‍ ക്യാമറയുമായി ജീപ്പിന് പുറത്തിറങ്ങി.ആനകള്‍ ഒന്ന് നോക്കി.കുട്ടിയാന കൂടെയുള്ളതാണ്.ആനക്കൂട്ടം മുന്നോട്ട് വരാം.സൂക്ഷിക്കണം.കൂടെയുള്ള ആരോ പറഞ്ഞു.ഞാന്‍ അത്രകാര്യമാക്കിയില്ല.പക്ഷേ പെട്ടന്ന് തിരിച്ചോടേണ്ടി വന്നു.ആനക്കൂട്ടം മുന്നോട്ട് ഒരടി വെച്ചു.ഞാനോടി ജീപ്പിന്റെ പിന്നില്‍ കയറി.എല്ലാം ഞൊടിയിടയില്‍ കഴിഞ്ഞു.പിന്നെയും മുന്നോട്ട് നീങ്ങി.മുന്നില്‍ മാനുകള്‍.ഒന്നും രണ്ടുമല്ല.കുറേയെണ്ണം , ഒരു കൂട്ടം മാനുകള്‍.കണ്ടിട്ടും കണ്ടിട്ടും കൊതിതീരുന്നില്ല.

ഒരു മണിക്കൂറോളം പിന്നെയും ജീപ്പ് കാട്ടുവഴിയിലൂടെ ഓടി.എത്ര തരം കാഴ്ചകളാണ്.മരങ്ങളാണ്.ഇലയുള്ളതും ഇല്ലാത്തതും.അങ്ങനെയങ്ങനെ എത്രയെത്ര.ഒരു വളവ് തിരിഞ്ഞ് പച്ചപ്പിലേക്ക് എത്തി ജീപ്പ് നിന്നു.മുന്നില്‍ ഇല്ലിക്കൂട്ടം ഉണങ്ങി വീണ് കിടക്കുന്നു.ഇനി ഒരു വ്യാഴവട്ടം വേണം ഇതുപോലെ ഒരു ഇല്ലിക്കൂട്ടം രൂപപ്പെട്ട് വരാന്‍.വയനാടന്‍ കാടുകളില്‍ ഇല്ലിക്കൂട്ടങ്ങള്‍ കൂട്ടത്തോടെ പൂത്ത് ഇല്ലാതാകുന്ന കാലമായിരുന്നു അത്.ഞങ്ങള്‍ ജീപ്പില്‍ നിന്നിറങ്ങി ഇത്തിരി ദൂരം നടന്ന് താമസിക്കുന്ന വീടിനടുത്തേക്കെത്തി.വീടിനോട് ചേര്‍ന്നുണ്ടായിരുന്ന മണ്‍പുര പൊളിച്ച് കളഞ്ഞിരിക്കുന്നു.കാപ്പിക്കുരു ഉണക്കിയിരുന്ന മുറ്റം അതേപോലെ തന്നെയുണ്ട്.സോളാര്‍ പാനലുകള്‍ ഉപയോഗിക്കുന്നത് ഒഴിച്ച് നിര്‍ത്തിയാല്‍ വീടിന് ഒരു മാറ്റമില്ല.താഴെ വിശാലമായ പാടം നിരന്ന് കിടക്കുന്നു.കൃഷിയില്ലെന്ന് മാത്രം.പകരം പാടത്തിന്റെ ഒരു ഭാഗത്ത് വെള്ളം നിറഞ്ഞു കിടക്കുന്നു.വന്യജീവി സങ്കേതത്തിന്റെ ഭാഗമായിമാറിയ ഇവിടെ വനംവകുപ്പ് തന്നെ കുളം നിര്‍മ്മിച്ചതാണ്.ആനയ്ക്കും പോത്തിനും പന്നിക്കും മാനുകള്‍ക്കും പിന്നെയും എത്രയോ വരുന്ന വന്യജീവികള്‍ക്കും പക്ഷികള്‍ക്കും വര്‍ഷം മുഴുവന്‍ വെള്ളം കുടിക്കാനായി.കെ ബി ഗണേഷ്‌കുമാര്‍ വനംമന്ത്രിയായിരിക്കെ വയനാട്ടിലെ കാടുകളില്‍ ഇത്തരത്തില്‍ നിരവധി കുളങ്ങള്‍ നിര്‍മ്മിച്ചിരുന്നു.

വെള്ളം ആവശ്യത്തിന് കിട്ടുന്നതിനാല്‍ പാടത്ത് എപ്പോഴും മൃഗങ്ങളുണ്ടാകും.തൊട്ടടുത്ത് തന്നെ നശിച്ച് പോകാത്ത ഇല്ലികളുണ്ട്.ആനകള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണമാണല്ലോ അവ.പ്രതീക്ഷ തെറ്റിയില്ല.ഇല്ലിക്കൂട്ടത്തിനടുത്ത് ചുള്ളിക്കൊമ്പനെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വിളിക്കുന്ന ആന നില്‍പ്പുണ്ട്.സ്ഥലത്ത് മനുഷ്യരുടെ സാമീപ്യം അറിഞ്ഞിട്ടെന്നോണം അവന്‍ പതിയെ പാടത്തേക്കിറങ്ങി.ഗ്രാമവാസികള്‍ ഉപേക്ഷിച്ചു പോയ കിണറിന് സമീപത്ത് അവന്‍ നിലയുറപ്പിച്ചു.പിന്നെ പതിയെ പാടം മുറിച്ച് കടന്ന് അപ്പുറത്തേക്ക് നടന്ന് നീങ്ങി.ഇത്തിരിമാറി പാടത്തിന്റെ അങ്ങേയറ്റത്ത് മരക്കൂട്ടത്തിനിടയില്‍ കാട്ടുപോത്തുകളുണ്ട്.കാട്ടുവഴിയുണ്ട് ആ ഭാഗത്ത്.അവിടെയും കാട്ടുപോത്തുകള്‍ നില്‍പ്പുണ്ട്.എത്ര പെട്ടെന്നാണ് മനുഷ്യര്‍ ജീവിച്ചു പോന്നിരുന്ന , അവര്‍ ജീവിതം കെട്ടിപ്പെടുത്തിരുന്ന ഒരു പ്രദേശം പലജാതി വന്യമൃഗങ്ങള്‍ അവരുടെ സ്വന്തമാക്കിയത്. അവരെയും നോക്കിയിരിക്കെ നേരം ഇരുട്ടി.

വനത്തില്‍ വേഗത്തില്‍ ഇരുട്ടുവീഴും.ഓരോ സമയത്തും ഓരോ സ്വഭാവമാണല്ലോ കാടിന്.പ്രഭാതത്തില്‍ ഒരു സ്വഭാവം.ഉച്ചയോടെ മറ്റൊന്ന്.സന്ധ്യയ്ക്ക് വേറൊരു സ്വഭാവം.രാത്രിയായാല്‍ പിന്നെ മറ്റൊരു സ്വഭാവം.വനത്തെ ശ്രദ്ധിക്കുന്നവര്‍ക്ക് ഈ ഭാവമാറ്റം പെട്ടന്ന് മനസിലാകും.അങ്ങനെ നോക്കിയിരിക്കെ വേട്ടയാടാനുള്ള തയ്യാറെടുപ്പില്‍ ചുറ്റുവട്ടത്തൊക്കെ രാത്രീഞ്ചരന്മാരായ മാംസഭുക്കുകളും രാത്രിയില്‍ മാത്രം പുറത്തിറങ്ങുന്ന പാവത്താന്മാരുമൊക്കെ പുറത്തിറങ്ങി തുടങ്ങി.പെട്ടന്ന് തൊട്ടപ്പുറത്ത് കാടിനുള്ളില്‍ നൂറ് കണ്ണുകള്‍ തിളങ്ങി.വെള്ളം കുടിക്കാനിറങ്ങിയ മാന്‍കൂട്ടമാണ്.ഇരുട്ടില്‍ ഫ്‌ളൂറസെന്റ് പച്ച നിറത്തില്‍ തിളങ്ങിയ കണ്ണുകള്‍ കുളം ലക്ഷ്യമാക്കി നീങ്ങി.

കാട് നിശബ്ദമായി.ചീവീടുകളുടെ ശബ്ദവും കാറ്റ് വീശുന്ന ശബ്ദവും മാത്രം.അപ്പുറത്ത് എവിടെയോ മുളംചില്ലകള്‍ ഒടിയുന്ന ശബ്ദം കേള്‍ക്കാം.കൊമ്പന്‍ അത്താഴം കഴിക്കുകയാണ്.തണുപ്പ് കൂടിക്കൂടി വന്നു.എല്ലാവരും വീടിനുള്ളിലേക്ക് കയറി.നിര്‍മ്മാണത്തിലെ പ്രത്യേകതകൊണ്ടാവാം, വീടിനുള്ളില്‍ ചെറിയ ചൂടുണ്ട്.സുഖകരമായ അന്തരീക്ഷം.അപ്പോഴേക്കും ഭക്ഷണം തയ്യാറായി.എല്ലാവരും ചൂടൊടെ തന്നെ ഭക്ഷണം അകത്താക്കി കിടന്നു.ഏറെക്കഴിയും മുന്‍പെ ബാദുഷാക്കാ വന്ന വിളിച്ചു.' വരൂ...ഒരു കാഴ്ചകാണാം'

പുറത്തേക്കിറങ്ങി.ബാദുഷാക്കാ ചൂണ്ടിക്കാട്ടിയ സ്ഥലത്തേക്ക് നോക്കി.ഒരു മരം നിറയെ തിളങ്ങുന്നു.മരം പൊതിഞ്ഞ് മിന്നാമിന്നികള്‍.ലോകത്തെ ഏറ്റവും സുന്ദരമായ കാഴ്ചകളിലൊന്ന്.രാത്രിയുടെ കരിമ്പടം പൊതിഞ്ഞ് കിടക്കുന്ന ഭൂമിയില്‍ ഒരു മരം മാത്രം പച്ച നിറത്തില്‍ മിന്നിമിന്നി കത്തി നില്‍ക്കുന്നു.എന്തൊരു കാഴ്ചയാണിതെന്ന് ഓര്‍ത്ത് നിന്നപ്പോള്‍ സമയം പോയതറിഞ്ഞില്ല.ഒപ്പം എല്ല് തുളയുന്ന തണുപ്പും അറിഞ്ഞില്ല.എപ്പോഴോ പിന്നെയും വീടിനുള്ളിലേക്ക് തന്നെ പോയി.

അവിടെ കിടന്നപ്പോള്‍ ഓര്‍ത്തതത്രയും ഈ ഗ്രാമങ്ങള്‍ ഒഴിഞ്ഞ് പോയപ്പോളത്തെ കാഴ്ചകളായിരുന്നു.വീടുകള്‍ പൊളിച്ച് തടി സാധനങ്ങളെല്ലാം ലോറിയിലാക്കുന്നതും, സാധനങ്ങള്‍ ചുമന്ന് വാഹനങ്ങളിലേക്ക് കയറ്റുന്നതുമെല്ലാം അന്നേരമെന്നോണം മനസിലേക്ക് കയറി വന്നു.ജനിച്ച മണ്ണ് വിട്ടു പോകേണ്ടി വരുന്നവരുടെ വേദന ഈ മണ്ണില്‍ നിന്ന അന്ന് നേരില്‍ കണ്ടതാണ്. ഗ്രാമത്തിലെ കാരണവന്മാരുടെ കണ്ണീര് വീണ് പൊള്ളിയ മണ്ണാണ് ഇത്.പക്ഷേ കാട് ആ കണ്ണീരിനെ വളമായി സ്വീകരിച്ചു.

അത്രകാലം പോറ്റി വളര്‍ത്തിയ ഗ്രാമം വിട്ട് പോകും മുന്‍പ് കുലദൈവങ്ങളെയും മലദൈവങ്ങളെയും വിളിച്ചു വരുത്തി യാത്ര പറയുന്ന ഒരു ചടങ്ങുണ്ടായിരുന്നു.ദൈവത്തറയില്‍ പുരുഷന്മാരെല്ലാം ഒത്തുകൂടി. ഊരാളിയില്‍ ദൈവം ആവേശിച്ചു.

എന്താ എല്ലാരും കൂടി വന്നത്...ദൈവം

അതിപ്പോ ഞങ്ങള്‍ പറഞ്ഞിട്ട് വേണോ ദൈവത്തിനറിയാന്‍, അറിഞ്ഞുകൂടായോ...കാരണവര്‍ ചോദിച്ചു

അറിയാം...യാത്ര പറയാന്‍ വന്നതാരിക്കും, അല്ലേ

വേറെ വഴിയില്ല ദൈവമേ..

എനിക്കിവിടുന്ന് പോരാന്‍ പറ്റില്ല..അവിടുള്ളത് പോലൊക്കെ കഴിഞ്ഞോണം...എനിക്കുള്ളതൊക്കെ ചെയ്‌തോണം..ദൈവം പറഞ്ഞു.

അവിടുള്ളതുപോലൊക്കെ ചെയ്‌തോളാം...എല്ലാവര്‍ക്കും കൂടി ഒന്നിച്ച് വന്നൊന്നും ചെയ്യാനാകില്ല.എല്ലാരും പല വഴിക്കാണ് പോകുന്നത്...

ദൈവം നീട്ടിയൊന്ന് മൂളി, എന്നിട്ട് എല്ലാവര്‍ക്കും കൈയ്യില്‍ കരുതിയിരുന്ന അരിയും പൂവും നല്‍കി.

ദൈവത്തോട് യാത്ര പറഞ്ഞ് അന്ന് അവിടെ നിന്ന് പോന്നവരുടെ കണ്ണ് നിറഞ്ഞിരുന്നു.പോറ്റിയ കാടും ദൈവവും എല്ലാം അവര്‍ക്ക് നഷ്ടമാവുകയാണ്.അന്ന് ആ സങ്കടം നേരില്‍ കണ്ടതാണ്.അതെല്ലാം കണ്ണിന്‍ മുന്നിലൂടെ ഒരിക്കല്‍ കൂടി തിരശീലയിലെന്ന പോലെ കടന്നു പോയി. അതിനിടയില്‍ ഗ്രാമത്തിലെ കാരണവന്മാര്‍ കണ്ണ് നിറഞ്ഞ് തൊണ്ടയിടറി ഓര്‍മ്മകള്‍ പങ്കുവെച്ചതും മിന്നിമറഞ്ഞു. അങ്ങനെ കിടക്കവെ ഉറങ്ങിപ്പോയി.

രാവിലെ ഉറക്കമെണീറ്റപ്പോള്‍ പുറത്ത് കൂടെയുള്ളവര്‍ തീ കായുന്നു.കുറച്ചു നേരം അവര്‍ക്കൊപ്പം ഇരുന്നു. മഞ്ഞ് മാറി താഴെ പാടം കണ്ടു വരുന്നതേയുള്ളൂ. വീടിനുചുറ്റുമുള്ള മരങ്ങളിലും മഞ്ഞ് മൂടുപടം തീര്‍ത്തിരിക്കുന്നു.സൂര്യപ്രകാരം മരങ്ങള്‍ക്കിടയിലൂടെ അരിച്ചെത്തുന്നുണ്ട്.തണുപ്പ് ശരീരത്തില്‍ കുത്തിക്കയറുന്നു.

അമ്മവയലില്‍ നിന്ന് തിരികെ പോരാന്‍ സമയമായി.പോരും വഴി ഗോളൂരില്‍ ഇറങ്ങി.അവിടെയും ഒരു വീട് ബാക്കിയാണ്.മുന്‍പൊരിക്കല്‍, ആളുകള്‍ ഗ്രാമങ്ങള്‍ വിട്ടുപോയതിന് പിന്നാലെ അവിടെയെത്തിയിരുന്നു.എന്ന് രണ്ട് പട്ടികള്‍ ഉണ്ടായിരുന്നു ഗോളൂരില്‍.ഗ്രാമവാസികള്‍ വളര്‍ത്തിയവയാണ്.എല്ലാവരും ഗ്രാമം വിട്ട് പോയിട്ടും അവര്‍ മാത്രം അവിടെ നിന്ന് പോയിരുന്നില്ല.ആളൊഴിഞ്ഞ ഗ്രാമത്തിന് കാവലായി അവരവിടെ തുടര്‍ന്നു.

ഗോളൂരിനോടും യാത്ര പറഞ്ഞു. ജീപ്പ് ചങ്ങലയിട്ട് പൂട്ടിയ വഴിയ്ക്ക് മുന്നില്‍ നിന്നു.പൂട്ട് തുറക്കുന്നതും കാത്ത്. ആളൊഴിഞ്ഞ് പോയ ഗ്രാമം പോലെ മനസില്‍ അമ്മവയലും ഗോളൂരും വേദനയായിരുന്നു എങ്കിലും ഇപ്പോഴത് സുന്ദരമായി പച്ചപിടിച്ച് കിടക്കുന്നു. ഇപ്പോഴത്തെ അമ്മവയലും ഗോളൂരും പോലെ.

Photo Courtesy: Manu Roy Malanad