നദിയുടെ മധ്യത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന രണ്ട് വലിയ ബോട്ടുകള്‍. കരയില്‍ ആകാംക്ഷയോടെ നോക്കി നില്‍ക്കുന്ന കാണികള്‍. ഒരു ബോട്ടില്‍ നിന്നും അതിവേഗതയില്‍ ഒരാള്‍ ബൈക്കോടിച്ചു വരികയാണ്. ബോട്ടിന്‍റെ വക്കിലേക്ക് ഉയര്‍ത്തി വച്ച റാമ്പിലേക്ക് ഓടിക്കയറുന്ന ബൈക്ക്. റാമ്പിന്‍റെ അറ്റത്തു നിന്നും അത് നദിയുടെ മുകളിലെ ശൂന്യതയിലേക്ക് ഉയര്‍ന്നു പൊങ്ങുന്നു. പലരും നെഞ്ചില്‍ കൈവച്ചു നിന്ന നിമിഷങ്ങള്‍. ആകാശത്ത് രണ്ട് തവണ വട്ടം കറങ്ങിയ ബൈക്ക് മീറ്ററുകളോളം അകലെയുള്ള രണ്ടാമത്തെ ബോട്ടിലെ റാമ്പിലേക്ക് ചെന്നു വീണു. വീണ്ടും കൂളായി ബൈക്ക് ഓടിച്ചു നീങ്ങിയ ആ മനുഷ്യന്‍ നടന്നു കയറിയത് ലോക റെക്കോഡിലേക്കായിരുന്നു. ബൈക്കിൽ തലകുത്തനെ ചാടി റെക്കോർഡ് സൃഷ്ടിച്ച ആ സ്റ്റണ്ട്മാന്‍റെ പേര് ട്രെവിസ് പസ്ട്രാന.

ഇംഗ്ലണ്ടിലെ തേംസ് നദിക്കരയിലായിരുന്നു ജനം ശ്വാസമടക്കിപ്പിടിച്ച് ഈ പ്രകടനം കണ്ടു നിന്നത്. നിട്രോ സർക്കസ് ലൈവ് ഷോയ്ക്ക് വേണ്ടിയാണ് ട്രെവിസ് അപകടകരമായ ഈ സ്റ്റണ്ട് നടത്തിയത്.

രണ്ട് ബാർജുകളിലായി (വലിയ ചരക്ക് ബോട്ടുകള്‍) ഒരുക്കിയ റാമ്പിലായിരുന്നു ട്രെവിസിന്‍റെ പ്രകടനം. 75 അടി അകലത്തിൽ നിർത്തിയിരുന്ന ഒരു ബാർജിൽ നിന്ന് അടുത്ത ബാർജിലേക്കാണ് ട്രെവസ് കരണം മറിഞ്ഞുള്ള ചാട്ടം നടത്തിയത്. ചാടാനുള്ള മുന്നൊരുക്കത്തിന് വാഹനം 150 അടി നീളമുള്ള റാമ്പിലൂടെ ഓടിക്കാം. അടുത്ത ബാർജിലേക്ക് വാഹനം പറന്നെത്തിയാൽ 36 അടിക്കുള്ളിൽ വാഹനം നിർത്തണം. കാരണം അത്രയും സ്ഥലമേ രണ്ടാമത്തെ ബോട്ടിലുള്ളൂ. മാത്രമല്ല പ്രവചനാതീതമായ അപകടകരമായ സ്വഭാവമുള്ളതാണ് തേംസ് നദി. ഇതും അവഗണിച്ച് ലോകത്ത് ആദ്യമായിട്ടാണ് ഒരാള്‍ ഇങ്ങനെ കരണം മറിയുന്നത്. ആ ക്രെഡിറ്റും ഇനി ട്രെവിസിന് സ്വന്തം.