വ്യാജ സ്പെയർ പാർട്സ് കച്ചവടക്കാര്‍ക്ക് ടിവിഎസിന്‍റെ ഇരുട്ടടി

വ്യാജ സ്പെയർ പാർട്സ് വില്‍ക്കുന്നവര്‍ക്ക് എട്ടിന്‍റെ പണിയുമായി രാജ്യത്തെ ആഭ്യന്തര ഇരുചക്ര മുച്ചക്ര വാഹന നിർമാതാക്കളില്‍ പ്രമുഖരായ ടി വി എസ് മോട്ടോർസ്. കമ്പനി നടത്തിയ റെയിഡില്‍ ലക്ഷങ്ങളുടെ വ്യാജ സ്പെയര്‍ പാര്‍ട്സുകള്‍ പിടിച്ചെടുത്തു. തമിഴ്നാട് പൊലീസിന്റെ ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്സ് എൻഫോഴ്സ്മെന്റ് സെല്ലിന്റെ സഹകരണത്തോടെയാണ് ടി വി എസ് ചെന്നൈയിൽ വ്യാപക റെയ്‍ഡ് നടത്തിയത്. 25 ലക്ഷത്തോളം രൂപയുടെ വ്യാജ സ്പെയർപാർട്സുകളാണ് പിടിച്ചെടുത്തത്.

രാജ്യത്തുള്ള നാലായിരത്തോളം ടച് പോയിന്റുകൾ വഴി യഥാർഥ സ്പെയർപാർട്സിന്റെ വിതരണവും വിൽപ്പനയും ഉറപ്പാക്കാന്‍ ടി വി എസ് ബ്രാൻഡ് പ്രൊട്ടക്ഷൻ പ്രോഗ്രാമും പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പം രാജ്യത്തെ ചെറുകിട പട്ടണങ്ങളിലും ഗ്രാമങ്ങളിലുമൊക്കെ യഥാർഥ സ്പെയർ പാർട്സിന്‍റെ ലഭ്യത ഉറപ്പാക്കാൻ ഓതറൈസ്ഡ് പാർട്സ് സ്റ്റോക്കിസ്റ്റ്മാരെയും ടി വി എസ് നിയോഗിച്ചിട്ടുണ്ട്.