രാജ്യത്തെ ഇരുചക്രവാഹന വിപണിയില്‍ കരുത്ത് തെളിയിച്ച് തദ്ദേശീയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ ടി വി എസ് മോട്ടോർ കമ്പനി. കഴിഞ്ഞമാസത്തെ തകര്‍പ്പന്‍ വില്‍പ്പനയെ തുടര്‍ന്ന് ഇതാദ്യമായി പ്രതിമാസ സ്കൂട്ടർ വിൽപ്പന ഒരു ലക്ഷം യൂണിറ്റിലെത്തിക്കാന്‍ ടി വി എസിനു കഴിഞ്ഞു. ഓഗസ്റ്റിൽ കൈവരിച്ച ഈ നേട്ടം സെപ്റ്റംബറിൽ ടി വി എസ് ആവർത്തിക്കുകയും ചെയ്തുവെന്നതാണ് ശ്രദ്ധേയം.
ഓഗസ്റ്റിൽ 1.09 ലക്ഷവും സെപ്റ്റംബറിൽ 1.19 ലക്ഷവും സ്കൂട്ടറുകളാണ് ടി വി എസ് വിറ്റത്. കഴിഞ്ഞ ജൂലൈ — സെപ്റ്റംബർ ത്രൈമാസത്തിൽ 3.17 ലക്ഷം സ്കൂട്ടറുകളാണു ടി വി എസ് വിറ്റത്; കഴിഞ്ഞ വർഷം ഇതേ കാലത്തു വിറ്റ 2.17 ലക്ഷം യൂണിറ്റിനെ അപേക്ഷിച്ച് 46% അധികമാണിത്. ജനപ്രിയ മോഡല്‍ ജൂപ്പീറ്ററിന്റെ പുത്തൻ വകഭേദമായ ജുപ്പീറ്റർ ക്ലാസിക് കൂടി നിരത്തിലെത്തിയതോടെയാണ് ഓഗസ്റ്റിലും സെപ്റ്റംബറിലും ടി വി എസ് മികച്ച നേട്ടം കൈവരിച്ചത്.
ഇതേ കാലയളവിൽ രാജ്യത്തെ മൊത്തം സ്കൂട്ടർ വിൽപ്പനയാവട്ടെ 19.30 ലക്ഷം യൂണിറ്റായിരുന്നു; 2016 ജൂലൈ — സെപ്റ്റംബർ കാലത്തു വിറ്റ 16.80 ലക്ഷം സ്കൂട്ടറുകളെ അപേക്ഷിച്ച് 15% അധികമാണിത്. വിൽപ്പന ഉയർന്നതോടെ സ്കൂട്ടർ വിപണിയിൽ ടി വി എസിന്റെ വിഹിതവും വർധിച്ചു; 2016 — 17ന്റെ രണ്ടാം പാദത്തിൽ 12.9% വിപണി വിഹിമുണ്ടായിരുന്നത് കഴിഞ്ഞ മൂന്നു മാസത്തിനിടെ 16.4% ആയിട്ടാണ് ഉയർന്നത്.
ഇന്ത്യൻ സ്കൂട്ടർ വിപണിയെ നയിക്കുന്നത് ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ) ആണ്. ഓരോ മാസവും മൂന്നു ലക്ഷത്തോളം യൂണിറ്റിന്റെ വിൽപ്പനയാണു ഹോണ്ട കൈവരിക്കുന്നത്. ഇതിനിടെ ഹീറോ മോട്ടോ കോർപ് സ്കൂട്ടർ വിഭാഗത്തിൽ മൂന്നാം സ്ഥാനത്തായി.
