പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍  വാഹനം ഓടിച്ചതിന് 26 മാതാപിതാക്കള്‍ ജയിലില്‍

ഹൈദരാബാദ്: പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിച്ചതിന് 26 മാതാപിതാക്കള്‍ ജയിലില്‍. രണ്ട് മാസത്തിലേറെയായി തുടര്‍ച്ചയായ ബോധവല്‍ക്കരണ ശ്രമത്തിന് ശേഷവും പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ നിരത്തില്‍ വാഹനവുമായി ഇറങ്ങുന്നത് ശ്രദ്ധയില്‍പെട്ടതോടെയാണ് ഹൈദരാബാദ് ട്രാഫിക് പൊലീസ് കര്‍ശന നിലപാടുമായി രംഗത്തെത്തിയത്. പ്രായപൂര്‍ത്തിയാകാതെ വാഹനമോടിക്കുന്നവര്‍ക്ക് കുടുംബത്തോടൊപ്പം കൗണ്‍സിലിംഗും ബോധവല്‍ക്കരണ സന്ദേശങ്ങളും നല്‍കിയിട്ടും കാര്യമായ മാറ്റങ്ങള്‍ കാണാത്തത് അധികൃതരെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. 

പിടിക്കപ്പെട്ടിട്ടും നിയമലംഘനം തുടര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ക്കും ഒരു മാസം തടവ് വിധിച്ചിട്ടുണ്ട്. എന്‍ജിനിയറിങ് വിദ്യാര്‍ത്ഥിനികള്‍ മദ്യപിച്ച് വാഹനമോടിച്ചതിനെ തുടര്‍ന്ന് റോഡുവക്കില്‍ കിടന്നുറങ്ങിയ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ഈ കേസില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ മകളായിരുന്നു വാഹനം ഓടിച്ചത്. 

മദ്യപിച്ച് വാഹനമോടിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നുണ്ടെന്ന് ഹൈദരാബാദ് ട്രാഫിക് പൊലീസ് കമ്മീഷണര്‍ അനില്‍ കുമാര്‍ പറഞ്ഞു. മദ്യപിച്ച് അശ്രദ്ധമായി വാഹനം ഓടിക്കുന്ന പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെട്ട അപകടങ്ങളും കൂടുന്നുണ്ടെന്ന് അധികൃതര്‍ വിശദമാക്കി.