ആ അപകടം ഇങ്ങനെ വീഡിയോ പുറത്ത്
ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ യൂബറിന്‍റെ ഡ്രൈവർ ഇല്ലാത്ത കാര്‍ ഉപയോഗിച്ചു പരീക്ഷണ ഓട്ടത്തിനിടെ നടനന്ന അപകടത്തിന്‍റെ വീഡിയോ പുറത്ത്. കഴിഞ്ഞ ദിവസം അമേരിക്കയിലെ ടെംപ് നഗരത്തിൽ യൂബർ ഓടിച്ച കാർ ഇടിച്ചു ഒരു സ്ത്രീ മരിച്ചിരുന്നു. തുടര്‍ന്ന് പരീക്ഷണ ഓട്ടങ്ങള്‍ താത്കാലികമായി നിര്‍ത്താനാണ് തീരുമാനം.
കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ടെംപ് നഗരത്തില്‍ ഡ്രൈവറില്ലാ കാര്‍ അപകടമുണ്ടാക്കിയത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ ഡ്രൈവറില്ലാത്ത കാർ എലൈന്‍ ഹെര്‍സ്ബര്‍ഗ് എന്ന സ്ത്രീയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഈ സ്ത്രീ റോഡ് മുറിച്ചു കടക്കുമ്പോള്‍ കാര്‍ ഇടിച്ചു തെറിപ്പിക്കുന്ന ദൃശ്യമാണ് വീഡിയോയിലുള്ളത്. രാത്രി സൈക്കിളുമായി റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച എലൈനെ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയില്‍ വന്ന സ്വയം നിയന്ത്രിത കാറാണ് ഇടിച്ചുതെറിപ്പിച്ചത്.
ടെംപിള്‍ പോലീസാണ് അപകടത്തിന്റെ വീഡിയോ പുറത്തുവിട്ടത്. കാറിലെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണിത്. അപകടം യൂബറിന്റെ പിഴവുകൊണ്ടുമാത്രമാണെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നാണ് പോലീസ് ഭാഷ്യം. വിശദമായ അന്വേഷണങ്ങള്‍ക്ക് ശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും പോലീസ് അറിയിച്ചു.
സംഭവത്തെ തുടർന്ന് പരീക്ഷണ ഓട്ടം നടത്തിക്കൊണ്ടിരുന്ന പിറ്റസ്ബർഗ്, സാൻഫ്രാൻസിസ്കോ, ടൊറന്റോ എന്നീ നഗരങ്ങളിലെയും പരീക്ഷണ ഓട്ടം യൂബര്‍ നിര്‍ത്തി വച്ചു.
