ബന്ധുവിനും മക്കൾക്കും വേണ്ടി യൂബര്‍ ബുക്ക് ചെയ്‍ത ഒരു യുവതിക്ക് നേരിട്ട ദുരനുഭവം ചര്‍ച്ചയാകുന്നു. പൂനെയിലാണ് സംഭവം. സംഭവത്തെക്കുറിച്ച് അംബിക ശര്‍മ എന്ന യുവതി സോഷ്യല്‍മീഡിയയില്‍ യൂബറിന് തുറന്ന കത്തെഴുതിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

സംഭവത്തെക്കുറിച്ച് യുവതി പറയുന്നത് ഇങ്ങനെയാണ്. ബന്ധുവായ സ്ത്രീക്കും കുടുംബത്തിനും വേണ്ടി എയർപോർട്ടിൽ നിന്നും യൂബർ ബുക്ക് ചെയ്യുകയായിരുന്നു താന്‍. അവർ വാഹനത്തിൽ കയറിയതു മുതൽ ഡ്രൈവർ ഓരോരോ കാര്യങ്ങൾ ചോദിച്ചു തുടങ്ങി. ആദ്യമൊക്കെ മറുപടി പറഞ്ഞെങ്കിലും ഡ്രൈവറുടെ ചോദ്യങ്ങൾ കൂടിക്കൂടി വന്നു.

പിന്നീട് കുറച്ചുദിവസങ്ങള്‍ക്കകം അയാളുടെ സന്ദേശങ്ങൾ യൂബര്‍ ബുക്ക് ചെയ്ത യുവതിയുടെ ഫോണിലേക്കു വരാൻ തുടങ്ങി. പേര് സഞ്ജയ് എന്നാണെന്നും യൂബർ ഡ്രൈവറാണെന്നും പറഞ്ഞ് പരിചയപ്പെടുത്തിയായിരുന്നു സന്ദേശം.

തുടര്‍ന്ന് അശ്ലീല സന്ദേശങ്ങളും അയച്ചുതുടങ്ങി. ഈ സന്ദേശങ്ങളുടെ സ്ക്രീൻഷോട്ട് സഹിതമാണ് യുവതി ഫേസ്ബുക്കില്‍ യൂബറിന് തുറന്ന കത്തെഴുതിയത്. സുരക്ഷയെ കരുതി എല്ലാവിധ യാത്രാ ആവശ്യങ്ങൾക്കും താനും കുടുംബവും യൂബറിനെയാണ് ഇത്രകാലവും ആശ്രയിച്ചിരുന്നതെന്നും ഡ്രൈവർമാരുടെ ഇത്തരം പെരുമാറ്റങ്ങൾ വളരെയധികം വിഷമമുണ്ടാക്കിയെന്നും പറഞ്ഞ് വൈകാരികമായിരുന്നു അംബികയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഇത് ശ്രദ്ധയിൽപ്പെട്ട യൂബർ അധികൃതർ യുവതിക്കു പിന്തുണയറിയിച്ചു കൊണ്ട് മറുപടി നൽകി.

ഡ്രൈവർക്കെതിരെ നടപടിയെടുത്തുവെന്നും യൂബർ ആപ് ഉപയോഗിക്കുന്നതിൽ നിന്ന് അയാളെ വിലക്കിയിട്ടുണ്ടെന്നും ഇത്തരം കാര്യങ്ങൾ കമ്പനിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിൽ നന്ദിയുണ്ടെന്നും യൂബര്‍ ഇന്ത്യ അറിയിച്ചതായി അംബിക ശര്‍മ പറയുന്നു. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണെന്നും കമ്പനി അറിയിച്ചു.