ചരക്ക്, സേവന നികുതി (ജി എസ് ടി) പ്രാബല്യത്തിലെത്തുന്നതിനു മുന്നോടിയായി ഇന്ത്യയിലെ ബൈക്കുകളുടെ വില കുറയ്ക്കുകയാണെന്ന പ്രഖ്യാപനവുമായി യു എം ലോഹിയ ടു വീലേഴ്‍സും (യു എം എൽ) രംഗത്ത്.
പുതിയ നികുതി നിരക്ക് നടപ്പാവുന്നതോടെ ലഭിക്കുമെന്നു കരുതുന്ന, 5,700 രൂപയുടെ വരെ ആനുകൂല്യമാണു യു എസ് ആസ്ഥാനമായ യു എം ഇന്റർനാഷനലും ഇന്ത്യൻ പങ്കാളിയായ ലോഹിയ ഓട്ടോയും ചേർന്നു സ്ഥാപിച്ച യു എം എൽ ഇടപാടുകാർക്കു കൈമാറുന്നത്.
റെനെഗേഡ് സ്പോർട്സ് എസ് വിലയിൽ 4,199 രൂപയുടെയും റെനെഗേഡ് കമാൻഡോ വിലയിൽ 5,684 രൂപയുടെയും ഇളവു ലഭിക്കും. ഇപ്പോൾ റെനെഗേഡ് സ്പോർട്സ് എസിന് 1,78,518 രൂപയും റെനെഗേഡ് കമാൻഡൊയ്ക്ക് 1,84,397 രൂപയുമാണ് പുണെ ഷോറൂമിലെ വില.
ജൂലൈ 1 ജി എസ് ടി നിലവിൽ വരുന്നതോടെ മിക്ക സംസ്ഥാനങ്ങളിലും മോട്ടോർ സൈക്കിളുകളുടെ നികുതി നിരക്ക് കുറയും. വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത നിരക്കിലുള്ള കുറവുകളാവും നിലവിൽ വരിക.
ജി എസ് ടിയിൽ മിക്ക ഇരുചക്രവാഹനങ്ങൾക്കും 28% നികുതിയാണു ബാധകമാവുക; നിലവിലുള്ള നിരക്കാവട്ടെ 30 ശതമാനത്തോളമാണ്. അതേസമയം 350 സി സിയിലേറെ എൻജിൻ ശേഷിയുള്ള ബൈക്കുകൾക്ക് മൂന്നു ശതമാനം അധിക സെസും ബാധകമാവും.
ബജാജ്, റോയല്‍ എന്‍ഫീല്‍ഡ് തുടങ്ങിയ കമ്പനികളും ജിഎസ്‍ടിയുടെ പശ്ചാത്തലതത്തില്‍ തങ്ങളുടെ വിവിധ മോഡലുകള്‍ക്ക് കഴിഞ്ഞദിവസം വിലക്കിഴിവ് പ്രഖ്യാപിച്ചിരുന്നു.
