കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്കെല്ലാം ഇനി ഒരൊറ്റ നിറം. സിറ്റി, ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് എന്നിങ്ങനെ തിരിച്ചായിരിക്കും നിറം തീരുമാനിക്കുകയെന്നും ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗം നിറം നിശ്ചയിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ സംസ്ഥാനത്തെ ചില സിറ്റി ബസുകള്‍ക്ക് ഏകീകൃത നിറമാണ്. തിരുവനന്തപുരത്ത് നീല കൊച്ചിയില്‍ നീലയും ചുവപ്പും, കോഴിക്കോട് പച്ച എന്നിങ്ങനെ പലസിറ്റികളിലും പല നിറം. എന്നാല്‍ നഗര, ഗ്രാമപ്രദേശങ്ങളിലേക്കെത്തിയാല്‍ കഥയാകെ മാറും. ഓര്‍ഡിനറി ബസുകളിലും ലിമിറ്റിഡ് സ്റ്റോപ്പ് ബസുകളിലുമൊക്കെ നിറങ്ങളുടെ ബഹളമാവും. സിനിമാതാരങ്ങളുടെയും സെലിബ്രിറ്റികളുടെയും ചിത്രങ്ങളും പോസ്റ്ററുകളുമൊക്കെ ബസുകളില്‍ നിറയും. മലബാര്‍ മേഖലയിലേക്കാണ് ഈ പ്രവണത കൂടുതലും കണ്ടു വരുന്നത്.

അതുകൊണ്ടു തന്നെ പലപ്പോഴും യാത്രബസുകളെയും ടൂറിസ്റ്റ് ബസുകളെയും തമ്മില്‍ തിരിച്ചറിയാന്‍ വിഷമമാണ്. മാത്രമല്ല ബസുകളെ വേറിട്ടതാക്കാന്‍ ഈ മേഖലയില്‍ കടുത്ത മത്സരവും നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ബസുകള്‍ക്ക് ഏകീകൃതനിറം വേണമെന്ന് ബസുടമകള്‍ തന്നെ ആവശ്യപ്പെട്ടിരുന്നു.  ഏകീകൃതനിറം കൊണ്ടുവന്നാല്‍, ഈ രംഗത്തെ മല്‍സരം ഒഴിവാക്കുന്നതിനൊപ്പം ഇതര സംസ്ഥാനക്കാര്‍ക്കും വിദേശികള്‍ക്കുമെല്ലാം പെട്ടെന്ന് ബസ് തിരിച്ചറിയാനും കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

സിറ്റി ബസുകള്‍ക്ക് പച്ചയില്‍ വെള്ള വരകളും മറ്റ് ഓര്‍ഡിനറി ബസുകള്‍ക്ക് നീലയില്‍ വെള്ള വരകളും സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറികള്‍ക്ക് വെള്ളയില്‍ ഓറഞ്ച് വരകളുമാണ്  മോട്ടോര്‍ വാഹനവകുപ്പ് ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വകാര്യബസുടമകളുടെ അഭിപ്രായം കൂടി കേട്ടശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.