ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ സുസുക്കി ഇലക്ട്രിക് സ്‌കൂട്ടറുകളുടെ നിര്‍മാണത്തിലേക്കും കടക്കുന്നു. സുസുക്കി അവതരിപ്പിക്കുന്ന ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ 2020 ഓടെ നിരത്തിലെത്തിയേക്കും

ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ സുസുക്കി ഇലക്ട്രിക് സ്‌കൂട്ടറുകളുടെ നിര്‍മാണത്തിലേക്കും കടക്കുന്നു. സുസുക്കി അവതരിപ്പിക്കുന്ന ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ 2020 ഓടെ നിരത്തിലെത്തിയേക്കും. സ്‌കൂട്ടറിന് ഏകദേശം ഒരു ലക്ഷം രൂപ വില വരുമെന്നാണ് കണക്കാക്കുന്നത്.

മലിനീകരണം കുറയ്ക്കുക എന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് പിന്തുണയായാണ് സുസുക്കി ഇന്ത്യയില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കുന്നതെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. 110-125 സിസി ശ്രേണിയിലായിരിക്കും ഇലക്ട്രിക് സ്‌കൂട്ടര്‍ എത്തുക. 100 വോള്‍ട്ട് ബാറ്ററിയായിരിക്കും സ്‍കൂട്ടറിന്‍റെ ഹൃദയം. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 30 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഈ സ്‍കൂട്ടറിന് സാധിക്കും.

സുസുക്കിയില്‍ നിന്ന് അടുത്തിടെ പുറത്തിറങ്ങിയ ബര്‍ഗ്മാന്‍ സ്ട്രീറ്റ്, ഇന്‍ട്രൂഡര്‍ എന്നീ വാഹനങ്ങളുടെ ഡിസൈന്‍ നിര്‍വഹിച്ച ടീം തന്നെയായിരിക്കും ഇലക്ട്രിക് സ്‌കൂട്ടറും ഡിസൈന്‍ ചെയ്യുക. ഇലക്ട്രിക് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ബാറ്ററിയുടെ നിര്‍മാണത്തിനായി ഗുജറാത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ സുസുക്കി 1700 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. സുസുക്കിയുടെ മാതൃരാജ്യമായ ജപ്പാനില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ നിരത്തിലെത്തിച്ചിരുന്നു.