ബ്രേക്കിനു പകരം ഡ്രൈവര്‍ ആക്സിലേറ്ററില്‍ കാലമര്‍ത്തിയതിനെ തുടര്‍ന്ന് എസ്‍യുവി വാഹനം ഹോട്ടലിലേക്ക് ഇടിച്ചുകയറി. വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ഷിംജിയാങ്ങ് പ്രവശ്യയിലാണ് സംഭവം. 

ഹോട്ടലിലെ സിസിടിവിയിലാണു അപകടത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞത്. ഹോട്ടലിന്റെ ഡോർ ഇടിച്ചു തകർന്ന് എസ്‍യുവി അകത്തേക്കു കയറുന്നതും ഹോട്ടലിന്റെ മുന്നിലുള്ള ആളുകള്‍ വാഹനം വരുന്നതു കണ്ട് ഓടി മാറുന്നതും വീഡിയോയിൽ കാണാം. ഹോട്ടലിനുള്ളിലുണ്ടായിരുന്ന രണ്ടു യുവതികളുടെ മേൽ വാതിലിന്റെ മുന്നിലുണ്ടായിരുന്ന മെറ്റൽ ഡിക്റ്റർ വീഴുന്നതും വിഡിയോയില്‍ വ്യക്തമാണ്. 

ഡിസംബർ ആറിനു നടന്ന സംഭവത്തിന്റെ വിഡിയോ കഴിഞ്ഞ ദിവസമാണു സമൂഹമാധ്യങ്ങളിൽ പ്രചരിച്ചത്. അബദ്ധത്തില്‍ ബ്രേക്കിനു പകരം ആക്സിലറേറ്ററില്‍ കാലമര്‍ത്തിയതാണ് അപകട കാരണമെന്നും പുതിയ വാഹനമായതുകൊണ്ടാണ് ഇങ്ങനൊരു അബദ്ധം പിണഞ്ഞതെന്നുമാണ് ഡ്രൈവർ പൊലീസിനോട് പറഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍.