മലകയറാനാവാതെ പാടുപെടുന്ന ഡൊമിനര്‍ വീഡിയോ വൈറല്‍

റോയല്‍ എന്‍ഫീല്‍ഡിന്‍റെ ഐക്കണിക്ക് വാഹനം ബുള്ളറ്റുകളെ പരിഹസിച്ചു കൊണ്ടുള്ള ബജാജ് ഡൊമിനറിന്‍റെ പരസ്യങ്ങള്‍ കഴിഞ്ഞ കുറച്ചുകാലമായി വാഹനലോകത്തെ സജീവ ചര്‍ച്ചാവിഷയമാണ്. ബുള്ളറ്റിന്‍റെ കുറ്റങ്ങളും കുറവുകളും ചൂണ്ടിക്കാട്ടി ആനയെ പോറ്റുന്നതു നിര്‍ത്തൂ എന്ന തലവാചകത്തില്‍ അഞ്ചോളം പരസ്യങ്ങളാണ് ബജാജ് പുറത്തിറക്കിയത്.

ഡൊമിനറിനെ പരിഹസിച്ച് ബുള്ളറ്റ് ആരാധകരും നിരവധി ട്രോളുകളും വീഡിയോകളും പുറത്തിറക്കിയരുന്നു. എന്നാല്‍ ഇപ്പോള്‍ വ്യത്യസ്തമായി മറ്റൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയനൊപ്പം മലകയറാന്‍ ശ്രമിച്ച് പരാജയപ്പെടുന്ന ഡോമിനറിന്റെ വിഡിയോയാണ് വൈറലാകുന്നത്. കുത്തനെയുള്ള കട്ട് റോഡിലൂടെ പാഞ്ഞു വരുന്ന ഹിമാലയല്‍ എളുപ്പത്തില്‍ കയറിപ്പോകുന്നതും ഡോമിനര്‍ വഴിയില്‍ കുടുങ്ങുന്നതുമാണ് വീഡിയോയില്‍. തുടര്‍ന്ന് ആളുകള്‍ ഡോമിനറിനെ തള്ളി കയറ്റാന്‍ ശ്രമിക്കുന്നതും വിഡിയോയില്‍ വ്യക്തമാണ്.

ചെന്നൈ ബുള്ളറ്റ് ക്ലബ് എന്ന ഫെയ്‌സ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. മലകയറാന്‍ കഴിയാത്ത ബൈക്ക് എന്നായിരുന്നു ബുള്ളറ്റിനെ ഒരു പരസ്യത്തില്‍ ബജാജ് പരിഹസിച്ചതെന്ന് ഓര്‍മ്മിപ്പിച്ചാണ് ബുള്ളറ്റ് പ്രേമികള്‍ ഈ വീഡിയോ ഷെയര്‍ ചെയ്യുന്നത്. കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന് ചിലര്‍ പറയുമ്പോള്‍ റൈഡറുടെ പിഴവാണ് ഡൊമിനറിനു സംഭവിച്ച ഗതികേടിനു കാരണമെന്നാണ് മറ്റു ചിലരുടെ വാദം.

അഡ്വഞ്ചര്‍ ടൂറര്‍ വിഭാഗത്തില്‍ ഹിമാലയൻ 2016 മാർച്ചിലാണ് ആദ്യമായി വിപണിയിലെത്തുന്നത്. റോയല്‍ എന്‍ഫീല്‍ഡ് വികസിപ്പിച്ചെടുത്ത നിലവിലെ ട്വിന്‍ സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കിന് കരുത്ത് പകരുന്നത്. ഈ 411 സി സി എൻജിൻ 6500 ആർ പി എമ്മിൽ 24 ബി എച്ച് പി വരെ കരുത്തും 4250 ആർ പി എമ്മിൽ 32 എൻ എം വരെ ടോർക്കും സൃഷ്ടിക്കും. അഞ്ചു സ്പീഡ് ഗീയർബോക്സാണു ട്രാൻസ്മിഷൻ.

ബജാജ് ഓട്ടോ ലിമിറ്റഡിന്‍റെ ആദ്യ ഹൈ കപ്പാസിറ്റി മോട്ടോര്‍ സൈക്കിള്‍ ഡോമിനര്‍ 400 കഴിഞ്ഞ 2016 ഡിസംബര്‍ ഒടുവിലാണ് വിപണിയിലെത്തിയത്. പൾസർ സീരിസിനു മുകളിലുള്ള ഡോമിനറില്‍ നിന്നുള്ള ആദ്യ മോഡലായ ഡോമിനര്‍ 400 പൂണക്കടുത്ത് ചക്കനിലുള്ള പ്ലാന്‍റില്‍ നിന്നാണ് പുറത്തിറങ്ങുന്നത്.

പൾസറി​ന്‍റെ ഡിസൈൻ പാറ്റേൺ തന്നെ പിന്തുടരുന്ന ഡൊമിനറിന്‍റെ ഹൃദയം പക്ഷേ കെടിഎം 390 ഡ്യൂക്കിൽ നിന്ന്​ കടം കൊണ്ടതാണ്​. ഡ്യൂക്കിന്‍റെ ഫ്യുവല്‍ ഇന്‍ജക്ഷനോടും ലിക്വിഡ് കൂളിംഗോടും കൂടിയ 373.2സി സി സിംഗിൾ സിലിണ്ടർ എഞ്ചിനാണ്​ ഡൊമിനറിനും കരുത്ത് പകരുന്നത്. 35bhp പവർ ഈ എഞ്ചിൻ നൽകും. ആറ്​ സ്​പീഡ്​ ഗിയർബോക്​സാണ്​ ഡൊമിനറി​ന്‍റെ ട്രാൻസ്​മിഷൻ. ട്രിപ്പിള്‍സ് പാര്‍ക്ക് ഫോര്‍വാള്‍വ് ഡി ടി എസ് ഐ എന്‍ജിനോട്കൂടിയ ഡോമിനാര്‍ 400 ബജാജിന്റെ പ്രീമിയം ബൈക്കിംഗ് ശ്രേണിയിലെ ആദ്യത്തേതാണ്.